അബുദാബി: ഇന്ന് ഉച്ചയോടെ യുഎഇയുടെ മിക്ക ഭാഗങ്ങളിലും മഴ പെയ്യാന്‍ തുടങ്ങി. തണുത്തതും തെളിഞ്ഞതുമായ കാലാവസ്ഥയോടെയാണ് വാരാന്ത്യത്തിന് തുടക്കമായത്. ദുബായ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളില്‍ സാമാന്യം ശക്തമായ മഴയുണ്ടായി. മറ്റെല്ലാ എമിറേറ്റുകളെയും മഴ ബാധിച്ചു.
ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി-എന്‍സിഎം) ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് രാത്രി 8.30 വരെ അസ്ഥിരമായ കാലാവസ്ഥ അനുഭവപ്പെടുമെന്ന് എന്‍സിഎം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി.
രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ജാഗ്രതാ നിര്‍ദേശമുള്ളതിനാല്‍, പുറത്തിറങ്ങുമ്പോള്‍ കൂടുതല്‍ മുന്‍കരുതല്‍ എടുക്കാന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കാലാവസ്ഥ നിരീക്ഷകരായ സ്റ്റോം സെന്റര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കാലാവസ്ഥ കാണിക്കുന്ന നിരവധി വീഡിയോകള്‍ പുറത്തുവിട്ടു. ഷാര്‍ജയിലെ മരുഭൂമിയില്‍ ആലിപ്പഴം വീഴുന്നത് ദൃശ്യങ്ങളിലുണ്ട്. ഷാര്‍ജ റോഡിലും ചിലയിടങ്ങളില്‍ ആലിപ്പഴം വീണു.
കനത്ത മഴ ദുബായിലെ റോഡുകളില്‍ ദൂരക്കാഴ്ചയെ ബാധിച്ചു. അബുദാബിയിലും ഷാര്‍ജയിലും സമാനമായ സ്ഥിതിയുണ്ടായി. ദുബായിലെ അല്‍ ഖുദ്ര മരുഭൂമിക്ക് സമീപമുള്ള ദമാക് ഹില്‍സ് 2 ല്‍ താമസക്കാര്‍ മഴ ആസ്വദിക്കുന്ന വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.
ഒരാഴ്ച പാർട്ടി പരിപാടിയിൽ പങ്കെടുക്കരുത്’, ആര്യാടൻ ഷൗക്കത്തിന് കെ.പി.സി.സി വിലക്ക്
അസ്ഥിര കാലാവസ്ഥ തുടരുന്നതിനാല്‍ അബുദാബി പോലീസ് ശനിയാഴ്ച ജാഗ്രതാ നിര്‍ദേശം നല്കി. വാഹനമോടിക്കുന്നവര്‍ സുരക്ഷ ഉറപ്പാക്കണമെന്നും അരുവികള്‍, ജലാശയങ്ങള്‍, താഴ്ന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പോവരുതെന്നും അഭ്യര്‍ത്ഥിച്ചു. വെള്ളപ്പൊക്കമുള്ള താഴ്വരകളില്‍ പ്രവേശിച്ചാല്‍ 2,000 ദിര്‍ഹം പിഴ, 23 ബ്ലാക്ക് പോയിന്റുകള്‍, 60 ദിവസത്തെ വാഹനം കണ്ടുകെട്ടല്‍ എന്നീ ശിക്ഷകള്‍ നേരിടേണ്ടിവരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു