മസ്കത്ത്: പത്തരമാറ്റ് വിജയത്തിളക്കവുമായി അടുത്തവർഷം നടക്കുന്ന ട്വന്റി20 ലോകകപ്പിലേക്ക് നടന്നു കയറി ഒമാൻ. വെള്ളിയാഴ്ച നേപ്പാളിൽ നടന്ന ലോകകപ്പ് യോഗ്യത റൗണ്ടിലെ സെമിയിൽ ബഹ്റൈനെ പത്ത് വിക്കറ്റിന് തോൽപിച്ചാണ് കോച്ച് ദുലീപ് മെൻഡിസും കുട്ടികളും സ്വപ്നനേട്ടം സ്വന്തമാക്കിയത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബഹ്റൈൻ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 106 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാൻ വിക്കറ്റുകളൊന്നും കളയാതെ 14.2 ഓവറിൽ വിജയം കാണുകയായിരുന്നു. 2016ലും 2021ലും ഒമാൻ ഇതിന് മുമ്പ് ലോകകപ്പ് യോഗ്യത നേടിയിരുന്നു.
ഓപണർമാരായ കശ്യപ് പ്രജാപതി 44 ബാളിൽ 57, പ്രതീക് അത്താവലെ 42 ബാളിൽ 50 എന്നിവരുടെ ബാറ്റിങ്ങ് മികവാണ് ഒമാന് വിജയം എളുപ്പമാക്കിയത്. നാല് വിക്കറ്റ് നേടിയ ആകിബ് ഇല്യാസിന്റെ തകർപ്പൻ ബൗളിങ് പ്രകടനമാണ് ബഹ്റൈനെ കുറഞ്ഞ സ്കോറിൽ ചുരുട്ടിക്കെട്ടാൻ സഹായിച്ചത്.
ഷക്കീൽ അഹമ്മദ് രണ്ടും ബിലാൽ ഖാൻ, ഫായിസ് ബട്ട്, സീഷാൻ മഖ്സൂദ് എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. ഇമ്രാൻ അലി ഭട്ട് (30), അഹ്മർ ബിൻ നാസിർ (26), സർഫ്രാസ് തുല്ല (23) എന്നിവരുടെ ബാറ്റിങ് മികവാണ് ബഹ്റൈന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്.
ബഹ്റൈനെ തോൽപിച്ചതോടെ ലോകകപ്പ് യോഗ്യത ടൂർണമെന്റിന്റെ കലാശക്കളിയിലും ഒമാൻ സ്ഥാനമുറപ്പിച്ചു. ഗ്രൂപ് ഘട്ടത്തിൽ മികച്ച പ്രകടനമാണ് സുൽത്താനേറ്റ് നടത്തിയിരുന്നത്. മലേഷ്യ, സിംഗപ്പൂർ, നേപ്പാൾ ടീമുകളെ തോൽപിച്ച് ഗ്രൂപ് എയിൽ ഹാട്രിക് ജയത്തോടെയാണ് ഒമാൻ സെമിയിൽ കടന്നത്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ വിദ്യാഭ്യാസ പുരോഗതിയിൽ ബഹുദൂരം മുന്നിൽ: പെരുമാൾ മുരുകൻ
മറുവശത്ത് ബഹ്റൈൻ, മികച്ച നെറ്റ്റൺ റേറ്റിന്റെ അടിസ്ഥാനത്തിൽ ഹോങ്കോങ്ങിനെ കഷ്ടിച്ച് മറികടന്നാണ് ഗ്രൂപ് ബിയിൽനിന്ന് സെമിയിലെത്തിയത്. ടൂർണമെന്റിലുടനീളം ബാറ്റർമാരും ബൗളർമാരും നടത്തിയ മികച്ച പ്രകടനമാണ് ഒമാന് ലോകകപ്പ് യോഗ്യത നേടാൻ സഹായിച്ചത്. അടുത്ത വർഷം ജൂൺ നാല് മുതൽ 30വരെ അമേരിക്കയിലും വെസ്റ്റിൻഡീസിലുമായാണ് ട്വന്റി20 ലോകകപ്പ് നടക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു