മദീന: ഇക്കഴിഞ്ഞ ഹജ്ജിന് കേരള ഹജ്ജ് കമ്മിറ്റി മുഖേന എത്തിയ ശേഷം രോഗം ബാധിച്ച് ചികിത്സയിലിരുന്ന മലപ്പുറം സ്വദേശിനിയെ നാലുമാസത്തിനുശേഷം നാട്ടിലെത്തിച്ചു. കോട്ടക്കൽ രണ്ടത്താണി സ്വദേശിനി കുഞ്ഞിപ്പാത്തുമ്മക്കാണ് ഇന്ത്യൻ കോൺസുലേറ്റും സാമൂഹിക പ്രവർത്തകരും തുണയായത്.
ജിദ്ദയിൽനിന്ന് കൊച്ചിയിലേക്കുള്ള സൗദി എയർലൈൻസ് വിമാനത്തിലാണ് ഇവരെ നാട്ടിലെത്തിച്ചത്. കോഴിക്കോട് നിന്നുള്ള ആദ്യ ഹജ്ജ് സംഘത്തിൽ ഭർത്താവിനും മകളോടൊപ്പവുമായിരുന്നു ഇവർ ഹജ്ജിനെത്തിയിരുന്നത്.
മക്കയിലെത്തിയ ശേഷം ന്യൂമോണിയ ബാധയെ തുടർന്ന് ചികിത്സ തേടിയിരുന്നു. തുടർന്ന് ഹജ്ജ് കർമം നിർവഹിച്ചതിന് ശേഷം മദീന സന്ദർശനെത്തിയപ്പോൾ അസുഖം കൂടുതലാവുകയും തുടർന്ന് മദീന കെ.എം.സി.സി വെൽഫെയർ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹറം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ശേഷം വിദഗ്ധ ചികിത്സക്കായി മദീന കിങ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് മാസങ്ങളോളം ഐ.സി.യുവിൽ കിടത്തിച്ചികിത്സയിലായിരുന്നു. കൂടെയുണ്ടായിരുന്ന ഭർത്താവ് മൊയ്തീൻ കുട്ടിയും മകൾ സീനത്തും ഹജ്ജ് വിസയുടെ കാലാവധി അവസാനിച്ചതോടെ നാട്ടിലേക്ക് തിരിച്ചിരുന്നു.
പിന്നീടുള്ള ഇവരുടെ പരിചരണത്തിനായി നാട്ടിൽനിന്നും മകൻ ഫൈസൽ ഉംറ വിസയിൽ മദീനയിൽ എത്തുകയായിരുന്നു. കുഞ്ഞിപ്പാത്തുമ്മ മദീന കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലായതുമുതൽ ഇന്ത്യൻ ഹജ്ജ് മിഷൻ മെഡിക്കൽ വിഭാഗവും മദീന കെ.എം.സി.സി വെൽഫെയർ വിങ് പ്രവർത്തകരായ ഷഫീഖ് മൂവാറ്റുപുഴയും ജസീം പത്തനംതിട്ടയും നിരന്തരമായി ആശുപത്രിയിൽ ബന്ധപ്പെടുകയും അവരുടെ പരിചരണങ്ങൾക്കാവശ്യമായ സഹായങ്ങളുമായി രംഗത്തുണ്ടാവുകയും ചെയ്തിരുന്നു.
മന്ത്രിസഭാ പുന:സംഘടന ഉടൻ വേണം: എൽഡിഎഫ് നേതൃത്വത്തിന് കത്തയച്ച് കേരള കോൺഗ്രസ് (ബി)
യാത്ര ചെയ്യാവുന്ന തരത്തിൽ അസുഖം ഭേദമായതിനെ തുടർന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽനിന്ന് ആംബുലൻസ് മദീനയിലെത്തിക്കുകയും ഇന്ത്യൻ ഹജ്ജ് മിഷന് കീഴിലുള്ള നഴ്സിന്റെ സഹായത്തോടെ നാട്ടിലേക്ക് കയറ്റിയയക്കുകയുമായിരുന്നു. മാതാവിന് ചികിത്സക്കാവശ്യമായ സഹായ സഹകരണങ്ങൾ ചെയ്ത ഇന്ത്യൻ ഹജ്ജ് മിഷൻ അധികൃതർക്കും മദീന കെ.എം.സി.സി കമ്മിറ്റിക്കും മദീന കിങ് ഫഹദ് ആശുപത്രിയിലെ മലയാളി നഴ്സുമാരടക്കമുള്ള ജീവനക്കാർക്കും മകൻ ഫൈസൽ നന്ദി അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു