തൃശൂര്‍: അട്ടപ്പാടിയിലെ ഗോത്രവിഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് അവരുടെ പ്രാദേശിക ഗോത്ര ഭാഷയില്‍ പ്രാഥമിക വിദ്യാഭ്യാസം നല്കുന്ന എപിജെ അബ്ദുല്‍ കലാം ഇന്റര്‍നാഷണല്‍ റെസിഡന്‍ഷ്യല്‍ ട്രൈബല്‍ സ്കൂളിന് മണപ്പുറം ഫൗണ്ടേഷന്റെ പിന്തുണ. വേറിട്ട ഈ സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മണപ്പുറം ഫൗണ്ടേഷന് സാമ്പത്തിക സഹായം നല്‍കും. മാസം തോറും സ്കൂളിന് 25000 രൂപയുടെ സാമ്പത്തിക സഹായം മണപ്പുറം നല്‍കും.
സാമൂഹിക പ്രവര്‍ത്തക ഉമ പ്രേമന് 2017ലാണ് അട്ടപ്പാടിയിലെ ഗോത്ര വിഭാഗത്തിലെ കുട്ടികള്‍ക്കു വേണ്ടി രാജ്യാന്തര നിലവാരത്തില്‍ സ്കൂള്‍ സ്ഥാപിച്ചത്. മണപ്പുറം ഫൗണ്ടേഷന്റെ പിന്തുണ സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം നല്‍കുമെന്ന് അവര്‍ പറഞ്ഞു. ഗോത്ര ഭാഷയില്‍ രാജ്യാന്തര നിലവാരത്തില്‍ പ്രാഥമിക വിദ്യാഭ്യാസം നല്കുന്ന സ്കൂളുമായി സഹകരിക്കുന്നതില്‍ ഏറെ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് മണപ്പുറം ഫൗണ്ടേഷന് മാനേജിങ് ട്രസ്റ്റി വി. പി നന്ദകുമാര്‍ പറഞ്ഞു. സ്കൂളില്‍ നടന്ന ചടങ്ങില്‍ ദേശീയ പുരസ്കാര ജേതാവായ ഗോത്ര കലാകാരി നഞ്ചിയമ്മ, ഉമ പ്രേമന്, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സലിം, വാര്‍ഡ് അംഗം പരമേശ്വരന് എന്നിവര്‍ പങ്കെടുത്തു.