റായ്പുര്‍: തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഛത്തീസ്ഗഢില്‍ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തുവിട്ട് ബി.ജെ.പി. മോദി കി ഗ്യാരന്റി 2023 എന്ന് പേരിട്ടിരിക്കുന്ന പ്രകടനപത്രികയില്‍ വിവാഹിതരായ എല്ലാ സ്ത്രീകള്‍ക്കും പ്രതിവര്‍ഷം 12000 രൂപ വീതം നല്‍കുമെന്നും ദരിദ്രകുടുംബങ്ങള്‍ക്ക് 500 രൂപ നിരക്കില്‍ പാചകവാതകമെത്തിക്കുമെന്നും ബി.ജെ.പി.വാഗ്ദാനം ചെയ്തു.
കൃഷി ഉന്നതി യോജന എന്ന പേരില്‍ കാര്‍ഷികക്ഷേമ പദ്ധതി രൂപികരിക്കുമെന്നും വാഗ്ദാനമുണ്ട്. പദ്ധതിയിലൂടെ ഒരേക്കറില്‍ നിന്നുള്ള 21 ക്വിന്റല്‍ നെല്ല് 3100 രൂപയ്ക്ക് വീതം സര്‍ക്കാര്‍ സംഭരിക്കുമെന്നും ഇതില്‍ നിന്ന് ലഭിക്കുന്ന തുക കര്‍ഷകരിലേക്ക് തന്നെ മടക്കുമെന്നും പ്രകടനപത്രികയിലുണ്ട്. ഭൂരഹിതരായ കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം പതിനായിരം രൂപ വീതം നല്‍കുമെന്നും ബി.ജെ.പി. വാഗ്ദാനം നല്‍കുന്നു.
അധികാരത്തിലെത്തിയാല്‍ ബി.ജെ.പി.യുടെ ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഛത്തീസ്ഗഢിനെ പൂര്‍ണവികസിത സംസ്ഥാനമാക്കി മാറ്റുമെന്ന് തിരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു.
കോണ്‍ഗ്രസ് കാര്‍ഷികവായ്പ എഴുതിത്തള്ളിയതിന് പകരമായി ജനങ്ങളുടെ പണം കൊള്ളയടിക്കുകയാണെന്ന് അമിത് ഷാ ആരോപിച്ചു. ബി.ജെ.പി. പുറത്തിറക്കിയത് വെറും തിരഞ്ഞെടുപ്പ് പ്രകടനപത്രികയല്ലെന്നും മറിച്ച് വിശ്വാസത്തിന്റെ കത്താണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















