മലപ്പുറം: കെപിസിസി വിലക്കിനെ മറികടന്ന് മലപ്പുറത്ത് ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിൽ പലസ്തീൻ ഐക്യദാർഢ്യ റാലി. കനത്ത മഴയേയും മറികടന്ന് വലിയ തോതിൽ പ്രവർത്തകർ റാലിയിൽ പങ്കെടുക്കുന്നു. പാർട്ടി നിർദേശം ലംഘിച്ച് റാലി നടത്തിയാൽ കർശന നടപടിയുണ്ടാവുമെന്ന് ആര്യാടൻ ഷൗക്കത്തിന് കെപിസിസി മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് മറികടന്നാണ് റാലി സംഘടിപ്പിക്കുന്നത്.
ആര്യാടൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കോൺഗ്രസ് എ ഗ്രൂപ്പ് നേതാക്കളാണ് റാലി സംഘടിപ്പിച്ചത്. എന്നാല്‍ കെപിസിസി വിലക്ക് വന്നതോടെ ജില്ലയിലെ മിക്ക കോൺഗ്രസ് നേതാക്കളും പരിപാടിയിൽ നിന്നു വിട്ടുനിന്നു. ഇതേസമയം സമസ്‌ത, മുജാഹിദ് നേതാക്കൾ ജനസദസ് വേദിയിലെത്തി.
പരിപാടി വിലക്കിക്കൊണ്ടുള്ള കെപിസിസിയുടെ കത്ത് ലഭിച്ചതായി റാലിക്കിടെ ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. കത്തിനുള്ള മറുപടി നേതൃത്വത്തിന് നൽകുമെന്നും അദ്ദേഹം പ്രതികരിച്ചു. ‘‘ എന്താണ് പരിപാടി നടത്തുന്നതിൽ പാർട്ടിവിരുദ്ധതയെന്നത് മനസിലാകുന്നില്ല. പലസ്‌തീന് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ മാത്രമാണ് റാലി. കോൺഗ്രസ് പ്രവർത്തകരെ ബോധവത്‌ക്കരിക്കൽ ആണ് ആര്യാടൻ ഫൗണ്ടേഷന്റെ ലക്ഷ്യം. ഐക്യദാർഢ്യ സദസിനെക്കുറിച്ച് തെറ്റിധാരണ പരത്തിയത് എന്തിനാണെന്ന് അറിയില്ല. പലസ്തീനു വേണ്ടിയുള്ള പരിപാടിയെ വിഭാഗീയ പ്രവർത്തനമായി കണക്കാക്കുന്നത് ശരിയല്ല’’– ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
ആര്യാടൻ മുഹമ്മദിന്റെ പേരിലുള്ള സംഘടനയുടെ ബാനറിൽ പലസ്തീൻ ഐക്യദാർഢ്യം വിഭാഗീയതയ്ക്ക് മറയാക്കി ദുരുപയോഗിക്കുന്നത് ഖേദകരമാണ്. സമാന്തര പരിപാടി സംഘടിപ്പിക്കുന്നത് അതീവ ഗൗരവമായ അച്ചടക്ക ലംഘനമായാണ് കാണുന്നതെന്നുമാണ് കത്തിൽ സൂചിപ്പിച്ചിരുന്നത്. നിലവിലെ പ്രവർത്തനത്തിൽ താക്കീതിൽ ഒതുക്കില്ലെന്നും കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്ന സൂചനയാണ് കെപിസിസി നേതൃത്വം നൽകുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















