ദോഹ: പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി ‘യുവതയുടെ നിർമാണാത്മക പ്രയോഗം’ എന്ന പ്രമേയത്തിൽ സാംസ്കാരിക സംഗമം നടത്തി. യുവതയുടെ ഊർജം നവലോക നിർമിതിക്കായി ഉപയോഗപ്പെടുത്താൻ സാഹിത്യോത്സവ് പോലെയുള്ള പരിപാടികൾക്ക് സാധിക്കുന്നു എന്ന് സംഗമം അഭിപ്രായപ്പെട്ടു.
ഖത്തറിലെ സാമൂഹിക- സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ഇബ്രാഹീം ഖലീൽ ബുഖാരി സംഗമത്തിലെ വിശിഷ്ടാതിഥിയായിരുന്നു. കേരള ഓർഫനേജ് ബോർഡ് ചെയർമാൻ എൻ. അലി അബ്ദുല്ല സംഗമം ഉദ്ഘാടനം നിർവഹിച്ചു. ആർ.എസ്.സി ഗ്ലോബൽ എക്സിക്യൂട്ടിവ് ശംസുദ്ദീൻ സഖാഫി വിഷയം അവതരിപ്പിച്ചു. വിവിധ സംഘടനാപ്രതിനിധികളായ താഹിർ താഹക്കുട്ടി (കെ.എം.സി.സി), അജറ്റ് എബ്രഹാം തോമസ് (ഇൻകാസ്), ബിജു പി. മംഗലം (സംസ്കൃതി), ആർജെ രതീഷ് (ഐ.എം.എഫ്), ഖമറുദ്ദീൻ (എസ്.കെ.എസ്.എസ്.എഫ്) എന്നിവർ സംസാരിച്ചു. അബ്ദുറഹ്മാൻ എരോൾ മോഡറേറ്ററായിരുന്നു. ശംസുദ്ധീൻ പുളിക്കൽ സ്വാഗതവും റമീസ് തളിക്കുളം നന്ദിയും പറഞ്ഞു.