മസ്കത്ത്: കേരളത്തനിമയും കോളജ് കാലത്തെ ആഹ്ലാദകരമായ ഓർമകളും പങ്കുവെച്ച് കാസർകോട് എൽ.ബി.എസ് എൻജിനീയറിങ് കോളേജ് പൂർവ വിദ്യാർഥി സംഗമവും ഓണാഘോഷവും നടന്നു. റൂവി ഗോൾഡൻ തൂലിപ്പ് ഹോട്ടലിൽ നടന്ന പരിപാടി മുതിർന്ന അംഗങ്ങളായ രാജേഷ്, ബിജുലാൽ, ഉമ രാജേഷ്, ജോൺ, ജയേഷ് എന്നിവർ ദീപംകൊളുത്തി ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി രാഗേഷ് അവതരിപ്പിച്ചു. പ്രസിഡന്റ് വിവേക് മുഖ്യപ്രഭാഷണം നിർവഹിച്ചു. ഓണാഘോഷ പരിപാടികളിലൂടെ പ്രവാസികൾക്കിടയിൽ ഉണ്ടാകുന്ന സാഹോദര്യത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചു. സംസ്ഥാനത്തെതന്നെ ഏറ്റവും പ്രമുഖവും ശ്രദ്ധേയവുമായ സാങ്കേതിക സ്ഥാപനങ്ങളിലൊന്നായി എൽ.ബി.എസ് പരിണമിച്ചതെങ്ങനെയെന്നും എണ്ണമറ്റ വ്യക്തികളുടെ ജീവിതം രൂപപ്പെടുത്തിയ കലാലയം പകർന്നുനൽകിയ മുല്യങ്ങളെയും അദ്ദേഹം പരാമാർഷിച്ചു.
അടുത്ത ഒരു വർഷത്തേക്കുള്ള എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. കുട്ടികളുടെയും മുതിർന്നവരുടെയും കലാകായിക പരിപാടികൾ നടന്നു. വികാസ്, അർഷദ്, സുമേഷ്, ശ്രീതു രാകേഷ്, താര കൃഷ്ണകുമാർ, റിഫാന അബ്ബാസ് തുടങ്ങിയവർ നേതൃത്വം നൽകി. കമ്മറ്റി ചെയർമാൻ ര-കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു.