കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ കള്ളപ്പണ ഇടപാടില്‍ ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 12,000ത്തില്‍ അധികം പേജുകളുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. 55 പ്രതികളുള്ള കുറ്റപത്രത്തില്‍ ബിജോയ് ആണ് ഒന്നാംപ്രതി.
ഏജന്റായിരുന്ന ബിജോയ് ആണ് കൂടുതല്‍ പണം തട്ടിയതായി കണ്ടെത്തിയിരിക്കുന്നത്. ബിജോയിയുടെ സ്ഥാപനങ്ങളേയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്രൈം ബ്രാഞ്ചിന്‍റെ പ്രതിപ്പട്ടികയിലുള്ള 1 മുതൽ 12 വരെയുള്ള പ്രതികളാണ് ഇഡിയുടെ കുറ്റപത്രത്തിലും. കള്ളപ്പണ കേസിന്‍റെ മുഖ്യആസൂത്രകൻ സതീഷ്കുമാറാണ് 13 ആം പ്രതി. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായി പി ആർ അരവിന്ദാക്ഷനാണ് 14 ആം പ്രതി.
ഇതോടൊപ്പം തന്നെ ബാങ്കിന്റെ ഭരണസമിതിയില്‍ ഉണ്ടായിരുന്നവര്‍, കേസുമായി ബന്ധപ്പെട്ട് നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തവര്‍ എന്നിവരും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുന്നു.
പ്രതിപ്പട്ടികയിലുള്ള നാല് പേരെ മാത്രമാണ് അന്വേഷണത്തിന്റെ ഭാഗമായി ഇ.ഡി. അറസ്റ്റ് ചെയ്തത്. അതിനുശേഷം നിശ്ചിതസമയത്തിനുള്ളില്‍ തന്നെ ഇ.ഡി. കുറ്റപത്രം സമര്‍പിക്കുകയായിരുന്നു. ഇനി തുടര്‍നടപടികളിലേക്ക് ഇ.ഡി. കടക്കും. എ.സി. മൊയ്തീന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള അന്വേഷണം ഇ.ഡി. അടുത്ത ഘട്ടത്തില്‍ നടത്തും. എം.കെ. കണ്ണന്‍ ഉള്‍പ്പെടെയുള്ളവരെ കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇ.ഡി. വിളിച്ചുവരുത്തുമെന്നും സൂചനയുണ്ട്.
2011-12 മുതല്‍ ബാങ്കില്‍ നടന്ന തട്ടിപ്പില്‍ 219 കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തല്‍. സഹകരണവകുപ്പ് നടത്തിയ പരിശോധനയിലാണ് വന്‍ തട്ടിപ്പ് പുറത്ത് വരുന്നത്. 2021 ജൂലൈ 21ന് ബാങ്ക് സെക്രട്ടറിയുടെ പരാതിയില്‍ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















