തിരുവനന്തപുരം: കേരളത്തിലെ സവിശേഷതകളെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന ഈ കേരളീയത്തിൽ കേരള വികസന മാതൃകയുടെ മറ്റൊരു ദൃഷ്ടാന്തം കൂടി നമ്മൾ ലോകത്തിനു മുമ്പാകെ ഉയർത്തിക്കാട്ടുകയാണ്. അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിന്റെ ഒന്നാം ഘട്ടം നമ്മൾ വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു.
ഇന്ത്യൻ സംസ്ഥാനങ്ങളിൽ ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. നീതി ആയോഗിന്റെ 2021 ലെ മൾട്ടി ഡൈമൻഷണൽ പോവർട്ടി ഇൻഡക്സ് പ്രകാരം 0.7 ശതമാനം മാത്രമായിരുന്നു കേരളത്തിലെ ദാരിദ്ര്യത്തിന്റെ തോത്. സ്ഥിതിവിവര കണക്കുകളുടെ അളവുകോൽ പ്രകാരം നെഗ്ലിജിബിൾ ഫിഗർ എന്നു പറയാവുന്ന ഒന്ന്. എന്നാൽ കേരളം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെ സംബന്ധിച്ചിടത്തോളം ഒരാൾപോലും നെഗ്ലിജിബിൾ അല്ല.
വികസന-ക്ഷേമ പ്രവർത്തനങ്ങളുടെ ഗുണഫലങ്ങൾ സമൂഹത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും, എല്ലാ വ്യക്തികളിലേക്കും എത്തിച്ചേരണം എന്നതാണ് നമ്മുടെ നിലപാട്. അതുകൊണ്ടുതന്നെ അതിദാരിദ്ര്യത്തെ കേരളത്തിൽ നിന്നും തുടച്ചുനീക്കാനുള്ള ഒരു ബൃഹദ് പദ്ധതിക്ക് 2021 മേയിൽ തന്നെ സംസ്ഥാന സർക്കാർ തുടക്കമിട്ടു. ആ ഘട്ടത്തിൽ ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇത്തരത്തിലൊരു പദ്ധതി വിഭാവനം ചെയ്യപ്പെട്ടിരുന്നില്ല എന്നോർക്കണം. ഇന്നും കേരളത്തിൽ മാത്രമാണ് അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി ഒരു പ്രത്യേക പദ്ധതി നടപ്പാക്കപ്പെടുന്നത്.
64,006 കുടുംബങ്ങളിൽപ്പെട്ട 1,03,099 പേരെയാണ് അതിദാരിദ്ര്യം അനുഭവിക്കുന്നവരായി നമ്മൾ കണ്ടെത്തിയത്. അവരെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിൽ മൈക്രോ പ്ലാനുകളും ഉപപദ്ധതികളുമെല്ലാം നമ്മൾ തയ്യാറാക്കി. ആദ്യ ഘട്ട അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിന്റെ ഭാഗമായി ഭക്ഷണവും ചികിത്സയും ആവശ്യമായവർക്ക് അത് അടിയന്തരമായി ലഭ്യമാക്കുന്നതിനാണ് സർക്കാർ പ്രഥമ പരിഗണന നൽകിയത്. അതിനു പുറമെ അവകാശരേഖകൾ, ആരോഗ്യ ഇൻഷുറൻസ്, സാമൂഹ്യസുരക്ഷാ പെൻഷൻ എന്നിവയും അടിയന്തരമായി ലഭ്യമാക്കി.
ഇത്തരം പ്രവർത്തനങ്ങളിലൂടെ 2023 നവംബർ ഒന്നോടെ അതിദരിദ്രരായി കണ്ടെത്തിയവരിൽ 40 ശതമാനം പേരെ അതിദാരിദ്ര്യത്തിൽ നിന്നും മോചിപ്പിക്കണം എന്നാണ് നമ്മൾ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ലക്ഷ്യത്തെ മറികടക്കാൻ നമുക്ക് സാധിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ഏറെ സന്തോഷത്തോടെയും ചാരിതാർത്ഥ്യത്തോടെയുമാണ് ഇന്ന് ഈ പ്രഖ്യാപനം നടത്തുന്നത്. ഇതിനു പിന്നിൽ പ്രവർത്തിച്ച ഏവരെയും അഭിനന്ദിക്കുന്നു. ഇനിയും ഏറെ മുന്നോട്ടു പോകാനുണ്ടെന്ന് ഓർമ്മിപ്പിക്കുകയും ചെയ്യുന്നു.
2024 നവംബർ ഒന്നോടെ 90 ശതമാനം കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്നും മോചിപ്പിക്കാനുള്ള പ്രവർത്തനങ്ങളാണ് ഈ ഘട്ടത്തിൽ നമ്മൾ ഏറ്റെടുത്ത് നടപ്പാക്കുന്നത്. 2025 നവംബർ ഒന്നോടെ അതിദാരിദ്ര്യം സമ്പൂർണ്ണമായി തുടച്ചുനീക്കിയ സംസ്ഥാനമായി കേരളം മാറും എന്ന് അറിയിക്കട്ടെ.
അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുടെ ആദ്യ ഘട്ടം വിജയകരമായി പൂർത്തിയാക്കിയതായും 64,006 അതിദരിദ്ര കുടുംബങ്ങളിൽ 30,658 കുടുംബങ്ങളെ, അതായത് 47.89 ശതമാനം കുടുംബങ്ങളെ, അതിദാരിദ്ര്യത്തിൽ നിന്നു മോചിപ്പിച്ചതായും പ്രഖ്യാപിക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം