ഗാസ സിറ്റിയിലെ അല്‍-ഖുദ്സ് ആശുപത്രിക്ക് സമീപം ഇസ്രയേല്‍ വ്യോമാക്രമണങ്ങള്‍ നടത്തി. ആശുപത്രി ഒഴിയണമെന്ന് ഇസ്രയേല്‍ ആവശ്യപ്പെട്ട് ഒരു ദിവസം കഴിയുന്നതിന് മുന്നേയാണ് തൊട്ടടുത്ത് ആക്രമണം നടത്തിയിരിക്കുന്നത്. ഏത് നിമിഷവും ആശുപത്രിയില്‍ ആക്രമണം ഉണ്ടാകുമെന്ന് ഭയന്നാണ് ജനങ്ങള്‍ കഴിയുന്നത്. ലബനന് അതിര്‍ത്തിയിലും പ്രധാന മേഖലകളിലും ആക്രമണം നടത്തിയതായി ഇസ്രയേല്‍ സൈന്യം സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.
ഗാസ മുനമ്പിന്റെ വടക്ക് ഭാഗത്തുള്ള അല്‍-സെയ്ടൗണ്‍ പരിസരത്ത് ഇസ്രയേല്‍ ആക്രമണത്തെത്തുടര്‍ന്ന് ഏഴ് പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അല്‍-സെയ്ടൂണിലെ നാല് നില കെട്ടിടത്തില്‍ ഇസ്രയേല്‍ ആക്രമണം നടത്തുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും മരണങ്ങള് സംഭവിച്ചിട്ടുണ്ടെന്നും പലസ്തീന് വാര്‍ത്താ ഏജന്‍സി വഫ റിപ്പോര്‍ട്ട് ചെയ്യുന്നു.
തെക്കന്‍ ഗാസയിലെ ഖാന് യൂനിസ്, ബെയ്റ്റ് ഹനൂന്‍, ബെയ്ത് ലാഹിയ, ഗാസ നഗരത്തിന്റെ വടക്കുപടിഞ്ഞാറ് എന്നിവിടങ്ങളിലും ഇസ്രയേല്‍ ബോംബാക്രമണങ്ങള്‍ നടന്നുവെന്ന് വഫ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം യുഎന്‍ ഉദ്യോഗസ്ഥര്‍ സുരക്ഷാ കൗണ്‍സിലിനോട് വെടിനിര്‍ത്തലിന് അഭ്യര്‍ത്ഥിച്ചു. ഗാസ സിറ്റി, റഫ, ഉപരോധിച്ച പ്രദേശത്തിലുടനീളം ഇസ്രയേല്‍ ബോംബാക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹമാസുമായുള്ള വെടിനിര്‍ത്തലിനുള്ള ആഹ്വാനത്തെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിരസിച്ചു, ഫലസ്തീന് ഗ്രൂപ്പിനെ ഇറാനുമായുള്ള ‘തിന്മയുടെ അച്ചുതണ്ടിന്റെ’ ഭാഗമാണെന്ന് ആരോപിച്ചു.
read also വിദ്യാര്‍ഥി കണ്സഷന് ഉയര്‍ത്തണം; സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്
ഗാസയില്‍ പ്രതിദിനം 420 ലധികം കുട്ടികള്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്യുന്നുവെന്ന് യുനിസെഫ് മേധാവി വ്യക്തമാക്കി. ഒക്ടോബര്‍ 7 മുതല്‍ ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 8,306 പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇസ്രയേലില്‍ 1,400-ലധികം പേര് കൊല്ലപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം