പ്രതിരോധത്തിന്റെയും പ്രതീക്ഷയുടെയും സംഗീതവുമായി പ്രഫ.സുമംഗല ദാമോദരന്റെ നേതൃത്വത്തിൽ ഒക്ടോബർ 29ന് വൈകുന്നേരം 6-ന് ‘പ്രതിരോധത്തിന്റെ ഗാനങ്ങൾ, പ്രതീക്ഷയുടെ ഗാനങ്ങൾ’ സംഗീതവിരുന്ന് നടക്കും. കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന കേരള എലഗൻസ് ഷോയുടെ ഭാഗമായാണ് സംഗീത സായാഹ്നം നടക്കുന്നത്.
പാട്ടിലും ഗവേഷണത്തിലും പ്രതിരോധ/സമര സ്വഭാവമുള്ള സംഗീതത്തിനു ഊന്നൽ നൽകുന്ന സുമംഗല അക്കാദമിക വിദഗ്ധയും ഗായികയും സംഗീതസംവിധായികയുമാണ്. വർഗീയത,കുടിയേറ്റജീവിതങ്ങൾ തുടങ്ങിയ പ്രശ്നങ്ങളെ പാട്ടുകളിലൂടെ അഭിസംബോധന ചെയ്യുന്നു.
ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ ഡെവലപ്മെന്റ്, അശോക യൂണിവേഴ്സിറ്റി, കേപ്ടൗൺ യൂണിവേഴ്സിറ്റി, എന്നിവിടങ്ങളിൽ വിസിറ്റിംഗ് പ്രൊഫസറാണ് സുമംഗല ദാമോദരൻ. ഇന്ത്യൻ പീപ്പിൾസ് തിയറ്റർ അസോസിയേഷന്റെ സംഗീത ശേഖരണത്തെക്കുറിച്ച് ഗവേഷണം നടത്തിയിട്ടുള്ള സുമംഗല ഇന്ത്യയിലും വിദേശത്തുമായി നിരവധി വേദികളിൽ സംഗീതം അവതരിപ്പിച്ചിട്ടുണ്ട്. സരോദ് വിദഗ്ധൻ പ്രിതം ഘോഷാൽ, ഗിറ്റാറിസ്റ്റ് മാർക്ക് അരാന എന്നിവർ സംഗീത പരിപാടിയുടെ ഭാഗകാമാകും.