പത്തനംതിട്ട: സമൂഹമാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണം നടത്തിയ കോഴഞ്ചേരി സ്വദേശി റിവ തോളൂർ ഫിലിപ്പിനെ പത്തനംതിട്ട പൊലീസ് കൊച്ചിയിൽനിന്ന് അറസ്റ്റ് ചെയ്തു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. എസ് ഡി പി ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീശ് ആണ് പൊലീസില്‍ പരാതി നല്‍കിയത്. എസ്ഡിപിഐയാണു കളമശേരി ബോംബ് സ്ഫോടനത്തിനു പിന്നിലെന്നായിരുന്നു പോസ്റ്റ്.
മതവിദ്വേഷം പടര്‍ത്തുക, കലാപം ഉണ്ടാക്കാന്‍ ഉദ്ദേശിക്കുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിന് പിന്നാലെ വിശദീകരണവും മാപ്പപേക്ഷയുമായി റിവ തോളൂര്‍ ഫിലിപ്പ് രംഗത്ത് വന്നിരുന്നു. ഫേസ്ബുകിലിട്ട കുറിപ്പിലാണ് ഇയാള്‍ മാപ്പപേക്ഷ നടത്തിയിരിക്കുന്നത്.
പെട്ടന്നുണ്ടായ വികാര വിക്ഷോഭത്തെ തുടര്‍ന്നാണ് എസ്ഡിപിഐക്കെതിരെ പോസ്റ്റിട്ടത് എന്ന് റിവ പോസ്റ്റില്‍ പറയുന്നു. പിന്നീടാണ് സ്‌ഫോടനത്തിന് പിന്നില്‍ ഡൊമിനിക് മാര്‍ട്ടിനെന്നയാളാണെന്ന് അറിഞ്ഞത്. പിന്നാലെ പോസ്റ്റുകള്‍ റിമൂവ് ചെയ്തു. തന്റെ പോസ്റ്റിന് പിന്നില്‍ ഒരു മതത്തെയും അധിക്ഷേപിക്കാനാ മതസ്പര്‍ദ്ധ പരത്താനുമുള്ള ലക്ഷ്യമില്ലായിരുന്നുവെന്നും റിവ ഫിലിപ്പ് പറയുന്നു.
അതേസമയം, കളമശ്ശേരി സ്ഫോടനത്തോടനുബന്ധിച്ച് വിദ്വേഷ പ്രചാരണം നടത്തിയെന്നാരോപിച്ച് വിവിധ നേതാക്കൾക്കും മാധ്യമപ്രവർത്തകർക്കും യൂട്യൂബ് ചാനലുകൾക്കുമെതിരെ സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, ന്യൂസ് 18 കൺസൾടിങ് എഡിറ്റർ രാഹുൽ ശിവശങ്കർ, ബിജെപി നേതാവ് സന്ദീപ് വാരിയർ, ഹിന്ദു ഐക്യവേദി നേതാവ് ആർ.വി ബാബു, യൂട്യൂബ് ചാനലുകളായ മറുനാടൻ മലയാളി, കർമ ന്യൂസ് തുടങ്ങിയവർക്കെതിരെയാണ് പരാതി നൽകിയത്.
















