ഹൈദരാബാദ്: തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ആര്.എസ്. എം.പിക്കുനേരെ ആക്രമണം. ദുബ്ബാക്ക മണ്ഡലത്തിലെ സ്ഥാനാര്‍ഥിയും മേധക്ക് എം.പിയുമായ കോത്ത പ്രഭാകര്‍ റഡ്ഡിയാണ് ആക്രമിക്കപ്പെട്ടത്. ഒരു പാസ്റ്ററുടെ വീട്ടിലേക്ക് നടക്കുമ്പോള്‍ അജ്ഞാതന്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
എം.പിക്ക് ഹസ്തദാനം ചെയ്യാനെന്ന വ്യാജേന എത്തിയ അക്രമി, കരുതിയ കത്തി പുറത്തെടുത്ത് വയറ്റില്‍ കുത്തുകയായിരുന്നു. ഉടന്‍ തന്നെ ബി.ആര്.എസ്. പ്രവര്‍ത്തകര്‍ ചേര്‍ന്ന് അക്രമിയെ പിടികൂടുകയും കൈകാര്യംചെയ്യുകയും ചെയ്തു. പോലീസ് കസ്റ്റഡിയില്‍ എടുത്ത ഇയാളുടെ വിവരങ്ങള്‍ ശേഖരിച്ചുവരുന്നതായി സിദ്ധിപ്പേട്ട് കമ്മിഷണര്‍ എന്‍. ശ്വേത അറിയിച്ചു.
വയറ്റില്‍ പരിക്കേറ്റ എം.പിയെ ഗജ്വേല് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഹൈദരാബാദിലെ യശോദ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
നിലവിലെ ബി.ജെ.പി. എം.എല്‍.എ. രഘുനാഥനാണ് ദുബ്ബാക്കയില്‍ കോത്ത പ്രഭാകര്‍ റെഡ്ഡിയുടെ എതിരാളി. 2014-ല്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് പ്രഭാകര്‍ റെഡ്ഡി മേധക്കില്‍ മത്സരിച്ച് എം.പിയാവുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം