തിരുവനന്തപുരം: കളമശേരിയിൽ നടന്ന സംഭവം ഏറെ ദൗർഭാഗ്യകരമാണെന്നും ഇതിനുപിന്നിലുള്ളവർ രക്ഷപ്പെടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റവാളികൾ രക്ഷപ്പെടില്ലെന്ന് ഉറപ്പിച്ചാണ് അന്വേഷണം നടക്കുന്നത്. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും. നാളെ രാവിലെ പത്തിന് സര്‍വകക്ഷി യോഗം ചേരുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
അന്വേഷണത്തിനായി എഡിജിപിയുടെ (ക്രമസമാധാനം) നേതൃത്വത്തില്‍ 20 പേരടങ്ങിയ അന്വേഷണ സംഘത്തെ രൂപവത്കരിച്ചു. കൊച്ചി ഡിസിപിയായിരിക്കും അന്വേഷണ ഉദ്യോഗസ്ഥന്‍.
വിഷയത്തിൽ മാധ്യമപ്രവർത്തകർ സ്വീകരിച്ച നിലപാട് ആരോഗ്യകരമാണെന്നും വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ചാനലിന്‍റെ പേരില്‍ വന്ന വ്യാജ വാര്‍ത്ത എടുത്തുകാണിച്ചുകൊണ്ട് ജാഗ്രതയോടെ ഇടപെട്ടുവെന്നും ആരോഗ്യകരമായ ഇടപെടലിന് നന്ദി അറിയിക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
നിലവില്‍ 41 പേരാണ് മെഡിക്കല്‍ കോളജിലും മറ്റു സ്വകാര്യ ആശുപത്രികളിലുമായി ചികിത്സയിലുള്ളത്. നാലുപേരെ ഡിസ്ചാര്‍ജ് ചെയ്തു. രണ്ടുപേര്‍ മരിച്ചു. അഞ്ചുപേരുടെ നില ഗുരുതരമായി തുടരുകയാണ്. 17പേരാണ് ഐസിയുവിലുള്ളത്.
വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന് 14 അംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍, കോട്ടയം, തൃശൂര്‍, കളമശേരി മെഡിക്കല്‍ കോളേജുകള്‍, ആരോഗ്യ വകുപ്പ് എന്നിവിടങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്നതാണ് മെഡിക്കല്‍ ബോര്‍ഡ്.
സംഭവം നടന്നയുടൻ മറ്റു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മന്ത്രിമാർ അവിടെയെത്തിയിരുന്നു. ചീഫ് സെക്രട്ടറിയും ഡിജിപിയും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു. സമാധാനാന്തരീക്ഷം ഉറപ്പാക്കാൻ നാളെ രാവിലെ 10ന് സർവകക്ഷിയോഗം വിളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലവില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ഏറ്റെടുത്തിട്ടില്ല. പൊലീസ് തന്നെ അന്വേഷണം തുടരുകയാണ്. തെറ്റായ പ്രചാരണം നടത്തിയാല്‍ കര്‍ശന നടപടിയുണ്ടാകും. സര്‍ക്കാരിന് ചെയ്യാനാകുന്ന നടപടികള്‍ സ്വീകരിക്കും. സോഷ്യല്‍ മീഡിയ വഴിയുള്ള തെറ്റായ പ്രചരണങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഭവത്തില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണത്തിനെതിരെ മുഖ്യമന്ത്രി രംഗത്തെത്തി. അദ്ദേഹം എക്‌സില്‍ പങ്കുവെച്ച പ്രതികരണം വായിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കേന്ദ്രമന്ത്രിയുടേത് വര്‍ഗീയ വീക്ഷണത്തോടെയുള്ള നിലപാട്. മന്ത്രിസ്ഥാനത്ത് ഇരിക്കുന്ന ആള്‍ അന്വേഷണ ഏജന്‍സികളോട് സാധാരണനിലയിലെ ആദരവ് കാണിക്കണം. ഗൗരവമായ സംഭവത്തില്‍ നേരത്തെ തന്നെ പ്രത്യേക നിലപാട് എടുത്ത് പ്രത്യേകമായി ചിലരെ ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രചരണരീതികളാണ് ഈ വിഭാഗം സ്വീകരിച്ചത്. അത് അവരുടെ വര്‍ഗീയ നിലപാടിന്റെ ഭാഗമാണ്. ആ വര്‍ഗീയ നിലപാടിനൊപ്പമല്ല കേരളം. എല്ലാവര്‍ഗീയതയ്ക്കും എതിരായ നിലപാടാണ് കേരളം സ്വീകരിച്ചത്. ആര് തെറ്റുചെയ്താലും കുറ്റവാളി രക്ഷപ്പെടില്ലെന്ന ഉറപ്പുവരുത്തുന്ന അന്വേഷണസംവിധാനമാണ് ഒരുക്കിയത്. പ്രത്യേക വിഭാഗത്തെ ലക്ഷ്യമിടാനും പ്രത്യേക മാനം കല്‍പ്പിക്കാനും തയ്യാറാവുന്നത് ഏത് വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നും മുഖ്യമന്ത്രി ചോദിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















