ടെല്‍ അവീവ്: ഗാസയില്‍ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേല്‍. കനത്ത വ്യോമാക്രമണത്തില്‍ ഗാസയിലെ വാര്‍ത്താവിതരണ സംവിധാനങ്ങള്‍ തകര്‍ന്നു. ഇന്‍റര്‍നെറ്റ് ബന്ധം ഇസ്രയേല്‍ വിച്ഛേദിച്ചുവെന്നാണ് ഹമാസ് പറയുന്നത്. മൊബൈല്‍ ഇന്‍റര്‍നെറ്റ് സംവിധാനം പൂര്‍ണമായും തകര്‍ന്നുവെന്ന് ഗാസയിലെ മൊബൈല്‍ സര്‍വീസ് കമ്പനി പറഞ്ഞു.
ഗാസയില്‍ ഇതുവരെയുണ്ടായതില്‍ വെച്ച് ഏറ്റവും കനത്ത വ്യോമാക്രമണമാണ് ഇപ്പോഴുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഗാസ നഗരത്തില്‍ ഉടനീളമുണ്ടായ സ്ഫോടനത്തില്‍ വാര്‍ത്താവിനിമയ ബന്ധം നിലച്ചതോടെ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.
ഗസ്സയെ അടുത്ത മണിക്കൂറുകളിൽ കാത്തിരിക്കുന്നത് കൂട്ടമരണങ്ങളായിരിക്കുമെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കി. വെള്ളവും ഭക്ഷണവും ഇന്ധനവും മിക്ക ഇടങ്ങളിലും തീർന്നതോടെയാണ് യുഎൻ മുന്നറിയിപ്പ് നൽകിയത്. അടിയന്തര ഇടപെടലുണ്ടാകണമെന്നും യുഎൻ പറഞ്ഞു. ലോകം തന്നെ ഗസ്സയെ ഒറ്റപ്പെടുത്തുകയും ഗസ്സക്കാരോട് മുഖം തിരിക്കുകയും ചെയ്യുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഏജൻസിയുടെ കമ്മീഷണർ ജനറൽ ഫിലിപ്പ് ലസാരിനി കുറ്റപ്പെടുത്തി.
വെറും 10 ട്രക്കുകളാണ് റഫ അതിർത്തി വഴി ഗസയിലെത്തിയത്. 10 വിദേശ ഡോക്ടർമാരുടെ സംഘം റഫാ അതിർത്തി വഴി ഇന്ന് ഗസ്സയിലെത്തി. 21 ലക്ഷം വരുന്ന ജനങ്ങൾക്ക് ആവശ്യമായതിന്റെ ഒരു തരിപോലും സഹായം ഇപ്പോൾ റഫ അതിർത്തിവഴി എത്തുന്നില്ലെന്ന് ഗസ്സയിലെ വിവിധ സന്നദ്ധസംഘടനകൾ പറയുന്നു.
അതിനിടെ, ഇതുവരെ കൊല്ലപ്പെട്ട ഏഴായിരത്തിലേറെ ആളുടെ പേരുവിവരങ്ങൾ ഗസ്സയിലെ ആരോഗ്യമന്ത്രാലയം പുറത്തുവിട്ടു. ബൈഡന് മറുപടിയായാണ് ഇതുവരെ കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങളും രജിസ്‌ട്രേഷൻ നമ്പറുകളും ഗസ്സയിലെ ആരോഗ്യമന്ത്രാലയം പുറത്തുവിട്ടത്. ഗസ്സയിലെ മരണക്കണക്കിൽ വിശ്വാസമില്ല എന്നായിരുന്നു ബൈഡന്റെ വാക്കുകൾ. അതിനിടെ, കൊല്ലപ്പെട്ടവരിൽ 41 ശതമാനം കുട്ടികളാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. 24 മണിക്കൂറിനിടെ 481 പേരാണ് ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഗസ്സയിലാകെ 7326 പേരാണ് കൊല്ലപ്പെട്ടത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം