ഹൈദരാബാദ്: തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 45 സ്ഥാനാര്‍ത്ഥികളുടെ രണ്ടാം പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ചു. ജൂബിലി ഹില്‍സ് അസംബ്ലി മണ്ഡലത്തില്‍ നിന്നാണ് അസറുദ്ദീന്‍ മത്സരിക്കുക. ഇനി 19 മണ്ഡലങ്ങളിലേക്കുള്ള പട്ടിക കൂടി പ്രഖ്യാപിക്കാനുണ്ട്.
കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ (സിഇസി) നിര്‍ണായക യോഗത്തില്‍ പാര്‍ട്ടി നേതാക്കളായ സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരും തെലങ്കാനയില്‍ നിന്നുള്ള മറ്റ് നേതാക്കളും പങ്കെടുത്തിരുന്നു. ഈ യോഗത്തിലാണ് രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ തീരുമാനമായത്.
തെലങ്കാനയിലെ സ്ഥാനാര്‍ഥിപ്പട്ടിക സംബന്ധിച്ച് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി (എഐസിസി) ഓഫീസില്‍ നടന്നതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം. ഒക്ടോബര്‍ 15 നാണ് കോണ്‍ഗ്രസ് 55 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചത്.
തെലങ്കാനയില്‍ ഇടത് പാര്‍ട്ടികളെ ഒപ്പം നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമം. തെലങ്കാനയില്‍ ബി.ആര്‍.എസിനെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നത്. അതുകൊണ്ടു തന്നെ സീറ്റ് ധാരണയിലടക്കം ഇടത് പാര്‍ട്ടികളുമായുള്ള ചര്‍ച്ച വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഹൈക്കമാന്‍ഡ് തെലങ്കാന പിസിസിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ധാരണയിലെത്തിയാല്‍ പ്രതിപക്ഷ സഖ്യമായ ഇന്‍ഡ്യ ഒറ്റക്കെട്ടായി മത്സരിക്കുന്ന സംസ്ഥാനമാകും തെലങ്കാന. സി.പി.എം.സി.പി.ഐ ഫോര്‍വേര്‍ഡ് ബ്ലോക്ക് എന്നീ ഇടത് പാര്‍ട്ടികളുമായാണ് കോണ്‍ഗ്രസ് സീറ്റ് ധാരണ സംബന്ധിച്ച് ചര്‍ച്ച നടത്തുന്നത്. നിലവിലെ അഭിപ്രായ സര്‍വ്വെകള്‍ കോണ്‍ഗ്രസിനാണ് മുന്നേറ്റം പ്രവചിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം