ന്യൂഡല്‍ഹി: ഖത്തറില്‍ ഇന്ത്യന്‍ നാവികര്‍ക്ക് വധശിക്ഷ വിധിച്ച സംഭവത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിഷയത്തില്‍ ഇടപെടുമെന്ന് സൂചന. പ്രധാനമന്ത്രി ഖത്തര്‍ അമീറുമായി സംസാരിക്കാന്‍ ആലോചനയുണ്ട്.
സങ്കീര്‍ണമായ വിഷയമാണെന്നും എല്ലാ വഴിയും തേടുമെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. തടവിലുളള നാവികരെ കാണാന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അനുവദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
എട്ട് മുന്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ വിധിച്ചതില്‍ ഇന്ത്യ കഴിഞ്ഞ ദിവസം ഞെട്ടല്‍ രേഖപ്പെടുത്തിയിരുന്നു. നാവികരെ കാണാന്‍ ഈ മാസം ആദ്യം ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതിയെ ഖത്തര്‍ അധികൃതര്‍ അനുവദിച്ചിരുന്നു. ഇന്ത്യ ഇവര്‍ക്കായി അഭിഭാഷകനെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവരുടെ കുടുംബാംഗങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. എന്നാല്‍ എന്താണ് കുറ്റം എന്നതുള്‍പ്പടെയുള്ള വിശദാംശങ്ങള്‍ കുടുംബത്തിനും കിട്ടിയിട്ടില്ല.
മലയാളി ഉൾപ്പെടെ 8 ഇന്ത്യക്കാരെ ചാരവൃത്തിക്കുറ്റത്തിന് കഴിഞ്ഞ വർഷം ഓഗസ്റ്റ് 30നാണ് ഖത്തറിന്റെ രഹസ്യാന്വേഷണ വിഭാഗം വീടുകളിൽനിന്ന് രാത്രിയിൽ പിടികൂടിയത്. 8 പേരും ഇന്ത്യൻ നാവികസേനയിൽനിന്നു വിരമിച്ചശേഷം ദോഹയിലെ അൽ ദഹ്റ ഗ്ലോബൽ ടെക്നോളജീസ് ആൻഡ് കൺസൽറ്റൻസി സർവീസസ് എന്ന സൈനിക പരിശീലന കമ്പനിയിൽ പ്രവർത്തിച്ചിരുന്നവരാണ്. അന്നുമുതൽ മാസങ്ങളോളം ഏകാന്ത തടവിലായിരുന്നു. ഇപ്പോൾ വധശിക്ഷയും. ഇവരെ ജയിലിൽ അടച്ചതെന്നതിന്റെ കൂടുതൽ വിവരങ്ങൾ അടുത്തിടെവരെ കുടുംബങ്ങളോടു വെളിപ്പെടുത്തിയിരുന്നില്ല.
തിരുവനന്തപുരം സ്വദേശിയെന്നു കരുതുന്ന രാഗേഷ് ഗോപകുമാർ, പൂർണേന്ദു തിവാരി, നവ്തേജ് സിങ് ഗിൽ, ബിരേന്ദ്ര കുമാർ വർമ, സുഗുനകർ പകാല, സഞ്ജീവ് ഗുപ്ത, അമിത് നാഗ്പാൽ, സൗരഭ് വസിഷ്ഠ് എന്നിവർക്കാണ് ‘കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ്’ വധശിക്ഷ വിധിച്ചത്. ഖത്തറിന്റെ നാവികസേനയ്ക്കു പരിശീലനം നൽകുന്ന സ്വകാര്യ കമ്പനിയിൽ പ്രവർത്തിച്ചിരുന്നവരാണ് ഇവർ. തടവിൽ ആക്കപ്പെട്ടവർക്ക് കുടുംബത്തെ കാണാനും എംബസി ഉദ്യോഗസ്ഥരെ കാണാനും അനുവാദം നൽകിയെങ്കിലും എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന കാര്യം പരസ്യമാക്കിയിട്ടില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം