കാഞ്ഞാർ: സംസ്ഥാന പാതയോരത്തെ വാട്ടർ തീം പാർക്ക് അവഗണനമൂലം കാടുകയറി നശിക്കുന്നു. പി.ജെ. ജോസഫ് ജലസേചന മന്ത്രി ആയിരിക്കെ സംയോജിത നീർത്തട പരിപാലന പദ്ധതി പ്രകാരം നിർമിച്ച പാർക്കാണ് അവഗണിക്കപ്പെടുന്നത്. അനുകൂല സാഹചര്യങ്ങൾ അനവധി ഉണ്ടായിട്ടും ഫലപ്രദമായി വിനിയോഗിക്കാൻ കഴിയാത്തതിന്റെ ഉദാഹരണം കൂടിയാണ് കാഞ്ഞാർ ടൂറിസം പദ്ധതിയുടേത്.
ചെറു മുതൽമുടക്ക് മാത്രം നടത്തിയാൽ പ്രതിമാസം ആയിരക്കണക്കിന് രൂപ വരുമാനം ലഭിക്കുമെന്ന് ഉറപ്പുള്ള പദ്ധതിയാണിത്. എന്നാൽ, അതിനുവേണ്ട ഇടപെടൽ നടത്താനുള്ള ഇച്ഛാശക്തി രാഷ്ട്രീയ നേതൃത്വത്തിനോ ഉദ്യോഗസ്ഥർക്കോ ഇല്ലാത്തതാണ് പ്രശ്നം. രണ്ടാംഘട്ട ഫണ്ട് ലഭിക്കാത്തതിനെത്തുടന്നാണ് കാഞ്ഞാർ വാട്ടർ തീം പാർക്ക് നിർമാണം പാതിവഴിയിൽ മുടങ്ങിയത്.
ബ്ലോക്ക് പഞ്ചായത്ത് ആദ്യഘട്ടം നടപ്പാക്കി
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് 13 ലക്ഷം രൂപ ചെലവഴിച്ച് ആദ്യഘട്ട പദ്ധതികൾ നടപ്പാക്കിയിരുന്നു. പൂച്ചെടികളും ചെറുമരങ്ങളും െവച്ചുപിടിപ്പിച്ച് അരക്കിലോമീറ്ററോളം ദൂരത്തിൽ ചെറു ഉദ്യാനമാണ് നിർമിച്ചത്. മലങ്കര ജലാശയത്തിന്റെ തീരത്ത് നിർമിച്ചിരിക്കുന്ന ഈ ഉദ്യാനത്തിൽ നിരവധി വഴിയാത്രക്കാർ എത്താറുണ്ട്. എന്നാൽ, ഇരിപ്പിടങ്ങൾപോലും ഇല്ലാത്തതിനാൽ നിരാശരായി മടങ്ങുകയാണ്.
ഇരിപ്പിടങ്ങൾ, ചെറു ഷെഡുകൾ, ജലാശയത്തിന് സംരക്ഷണഭിത്തി, ജലാശയത്തിലേക്ക് നടപ്പാതകൾ എന്നിവ നിർമിക്കേണ്ടതുണ്ട്. ഓലിക്കൽ കടവുമുതൽ മണ്ണൂർ സ്കൂൾ വരെയുള്ള അരക്കിലോമീറ്റർ ദൂരമാണ് തീം പാർക്ക്. ഒന്നാംഘട്ടത്തിൽ ചുറ്റുവേലി കെട്ടി പാർക്കിൽ പൂച്ചെടികൾ െവച്ചുപിടിപ്പിച്ച് മോടികൂട്ടി. തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് ഭരണം മാറിയതോടെ പാർക്കിനെ അവഗണിക്കുകയായിരുന്നു. ഇതോടെ പുഴയോര പാർക്ക് കാടുകയറിത്തുടങ്ങി. ഇവിടെ നട്ടിരുന്ന പൂച്ചെടികൾ പലതും നശിച്ചു.
സഞ്ചാരികളുടെ ഇടത്താവളം
മലങ്കര ജലാശയം ഏറ്റവും നന്നായി കാണാൻ കഴിയുന്ന പ്രദേശമാണിവിടം. അതുകൊണ്ടുതന്നെ ഇടുക്കി യാത്രക്കാർ ഏറെയും ഇടത്താവളമായി വിശ്രമിക്കാൻ ഇറങ്ങാറുണ്ട്. അനവധി ആളുകൾ ഇവിടെ അപകടത്തിൽപെട്ടിട്ടുണ്ട്. അപകടരഹിതമായി വെള്ളത്തിലിറങ്ങുന്നതിനും സംവിധാനം ഒരുക്കേണ്ടതുണ്ട്. പാർക്കിന്റെ പല ഭാഗങ്ങളിലും മലങ്കര ജലാശയത്തിലേക്ക് മണ്ണിടിഞ്ഞ് അപകടകരമായിരിക്കുകയാണ്.
ഇതോടെ പാർക്കിലെത്തുന്നതിന് ആളുകൾ മടിക്കുകയാണ്. അരക്കിലോമീറ്റർ ദൂരത്തിലുള്ള ഈ പ്രദേശം ഇപ്പോൾ കാടുകയറിക്കിടക്കുകയാണ്. സംയോജിത നീർത്തട പരിപാലന പരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ഇത് നാമകരണം ചെയ്തിരിക്കുന്ന ബോർഡുകൾ പോലും കാടുകയറി മൂടിക്കിടക്കുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം