ന്യൂഡല്‍ഹി: ജാതീയതയും പ്രാദേശികതയും വേരോടെ പിഴുതെറിയണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഡല്‍ഹി രാംലീല മൈതാനിയില്‍ ദസറ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ജാതി സെൻസസ് ആവശ്യം പ്രതിപക്ഷം ശക്തമാക്കുമ്പോഴാണ് മോദിയുടെ വിമർശനം.
ഇന്ത്യയില്‍ ആയുധങ്ങള്‍ ആരാധിക്കുന്നത് ഒരു ഭൂമിയിലും ആധിപത്യം സ്ഥാപിക്കാനല്ല, പകരം സ്വന്തം രാജ്യത്തെ സംരക്ഷിക്കാനെന്നും മോദി പറഞ്ഞു. ഇന്ത്യയിലെ പൂജ രാജ്യത്തിന് മാത്രമല്ല ലോക സൗഖ്യത്തിനും കൂടി വേണ്ടിയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ദീര്‍ഘനാളത്തെ കാത്തിരിപ്പിന് ശേഷം അയോധ്യയിലെ രാമജന്മഭൂമിയില്‍ ശ്രീരാമക്ഷേത്രം പണിയുന്നത് കാണാന്‍ ഇന്ന് നമ്മള്‍ ഭാഗ്യവാന്മാരാണ്. അത് നമ്മുടെ ക്ഷമയുടെ വിജയത്തിന്റെ അടയാളമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
‘നമ്മള്‍ ചന്ദ്രനിലെത്തി. ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാന്‍ പോകുകയാണ്. കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് നാം പ്രവേശിച്ചു.സ്ത്രീശക്തിക്ക് പ്രധാന്യം നല്‍കി കൊണ്ട് വനിതാസംവരണ ബില്‍ പാസാക്കുകയും ചെയ്തു’ മോദി പറഞ്ഞു.
അതേസമയം, രാജ്യത്തുടനീളം ജാതി സെൻസസിനായി സമ്മർദ്ദം ചെലുത്താൻ തയ്യാറെടുക്കുകയാണ് എൻഡിഎ സഖ്യകക്ഷിയായ അപ്നദളും. കേന്ദ്രമന്ത്രി അനുപ്രിയ പട്ടേലിന്‍റെ നേതൃത്വത്തിലുള്ള അപ്നാദൾ സോനെലാൽ നേതൃയോഗം ഇക്കാര്യത്തിൽ ധാരണയിലെത്തി. അയോധ്യയിൽ അടുത്ത മാസം നാലിന് സ്ഥാപകദിന സമ്മേളനത്തിൽ പ്രമേയം പാസ്സാക്കാനാണ് ധാരണയെന്ന് പാർട്ടി നേതാക്കൾ സൂചിപ്പിച്ചു. യുപിയിലെ പിന്നാക്ക കുർമി വിഭാഗത്തിനിടയിൽ സ്വാധീനമുള്ള പാർട്ടിയാണ് അപ്നദൾ. മധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസിന്‍റെ പ്രകടനപത്രികയിൽ ജാതി സെൻസസ് നടത്തുമെന്ന വാഗ്ദാനം മുന്നോട്ടു വച്ചിരുന്നു. മഹാരാഷ്ട്രയിൽ ജാതിസെൻസസ് നടത്തണമെന്ന മറാത്താ വിഭാഗത്തിൻറെ ആവശ്യത്തോട് യോജിപ്പാണെന്ന് ദേവേന്ദ്ര ഭട്നാവിസും അജിത് പവാറും പ്രതികരിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം