തിരുവനന്തപുരം: മാസപ്പടിയായി വാങ്ങിയ പണത്തിന് വീണാ വിജയന്‍ നികുതി അടച്ചെന്നത് സി.പി.എമ്മിന്റെ ക്യാപ്‌സൂള്‍ മാത്രമാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സി.എം.ആര്‍.എല്ലും വീണയുടെ കമ്പനിയായ എക്‌സാലോജിക്കുമായുള്ള ഇടപാടില്‍ വീണ എന്തിനാണ് ജി.എസ്.ടി. അടയ്ക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയില്‍ ചോദിച്ചു.
രണ്ട് കമ്പനികള്‍ തമ്മിലുള്ള നിയമാനുസൃതമായ ഇടപാടാണെന്നാണ് സി.പി.എം. സെക്രട്ടേറിയേറ്റ് പറഞ്ഞത്. അങ്ങനെയെങ്കില്‍ എന്തുകൊണ്ടാണ് കമ്പനി നികുതി അടയ്ക്കാത്തതെന്ന് സി.പി.എം. വ്യക്തമാക്കണം. മാസപ്പടിയായി വാങ്ങിയ 1.72 കോടിയുടെ നികുതിയാണ് വീണ അടച്ചതെന്ന് രേഖയില്‍ എവിടെയും പറയുന്നുമില്ല. കൈക്കൂലിക്ക് നികുതി അടയ്ക്കാനാവില്ലെന്ന് ഇനിയെങ്കിലും സി.പി.എമ്മുകാര്‍ മനസ്സിലാക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സി.എം.ആര്‍.എല്ലില്‍നിന്ന് വീണ പണം വാങ്ങിയത് അവരുടെ ജി.എസ്.ടി. രജിസ്‌ട്രേഷന് മുന്‍പാണ്. അപ്പോൾ അവർക്ക് അതിനു മുമ്പ് വാങ്ങിയ പണത്തിന് എങ്ങനെയാണ് ജിഎസ്ടി അടയ്ക്കാൻ സാധിക്കുകയെന്ന് മനസിലാകുന്നില്ല. സംസ്ഥാന ധനവകുപ്പ് പിണറായി വിജയന്റെ കൊള്ളയ്ക്ക് കുടപിടിക്കുകയാണ്.
പാവപ്പെട്ടവരെ നികുതി ഭാരം അടിച്ചേൽപ്പിച്ച് പിഴിയുന്ന ധനവകുപ്പ് കള്ളപ്പണക്കാർക്കും അഴിമതിക്കാർക്കും വഴിവിട്ട സഹായമാണ് ചെയ്യുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















