ലക്നൗ: പോസ്റ്റർ വച്ചതു കൊണ്ടുമാത്രം ആരും പ്രധാനമന്ത്രിയാകില്ലെന്നും പ്രവർത്തകർ അതുവഴി തങ്ങളുടെ ആഗ്രഹം പ്രകടിപ്പിക്കുകയാണ് ചെയ്യുന്നതെന്നും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. പാർട്ടി പ്രവർത്തകർ പതിച്ച ‘ഭാവി പ്രധാനമന്ത്രി’ പോസ്റ്ററിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പാർട്ടിയുടെ ലക്ഷ്യം ബിജെപിയെ ഭരണത്തിൽനിന്ന് താഴെയിറക്കുക എന്നതാണെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി.
ലക്നൗവിലെ പാർട്ടി ഓഫിസിനു പുറത്താണ് തിങ്കളാഴ്ച ‘അഖിലേഷ് യാദവ് ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി’ എന്നെഴുതിയ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. സമാജ്‌വാദി പാർട്ടി വക്താവ് ഫക്രുൽ ഹസൻ ചന്ദ് ആണ് പോസ്റ്റർ സ്ഥാപിച്ചത്. പാർട്ടി ഓഫീസിന് പുറത്ത് ഇത്തരമൊരു പോസ്റ്റർ പതിച്ചതിന് പിന്നിലെ കാരണത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ഫക്രുൽ ഹസൻ ചാന്ദ് പറഞ്ഞത് ഇപ്രകാരമാണ്.
“അഖിലേഷ് യാദവിന്റെ ജന്മദിനം ജൂലൈ ഒന്നിനാണ്. എന്നാൽ തങ്ങളുടെ നേതാവിനോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കാൻ സമാജ്‌വാദി പാർട്ടി പ്രവർത്തകർ അദ്ദേഹത്തിന്റെ ജന്മദിനം ഒന്നിലധികം തവണ ആഘോഷിക്കുന്നു.
ഇന്ന് ചില പാർട്ടി നേതാക്കളും പ്രവർത്തകരും അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുകയാണ്. അഖിലേഷ് യാദവ് രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാനും ജനങ്ങളെ സേവിക്കാനും പാർട്ടി പ്രവർത്തകർ പ്രാർഥിക്കുന്നു”.
പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ വിമർശനവും പരിഹാസവുമായി ബിജെപി നേതാക്കൾ രംഗത്തെത്തി. സമാജ്‌വാദി നേതാക്കള്‍ പകൽക്കിനാവ് കാണുകയാണെന്നും ജനം മോദിയെ വീണ്ടും തിരഞ്ഞെടുക്കുമെന്നും ബിജെപി നേതാവ് ഡാനിഷ് ആസാദ് അന്‍സാരി പറഞ്ഞു.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയെ നേരിടാൻ ഈ വർഷം ആദ്യം രൂപീകരിച്ച 28 രാഷ്ട്രീയ പാർട്ടികളുടെ സഖ്യമായ ഇന്ത്യ ബ്ലോക്കിലെ അംഗമാണ് അഖിലേഷ് യാദവിന്റെ എസ്പി. എന്നാൽ സഖ്യം തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാർഥി ആരാണെന്ന് പ്രഖ്യാപിച്ചിട്ടില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം