ടെൽ അവീവ്: ഗാസയിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ. 24 മണിക്കൂറിനിടെ 266 പേരാണ് കൊല്ലപ്പെട്ടത്. മരിച്ചവരിൽ 117 പേരും കുട്ടികളാണ്. വടക്കൻ ഗാസയിൽ തുടരുന്നവരെ ഹമാസിന്റെ ഭാഗമായി കണക്കാകുമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിരുന്നു.
ഒക്ടോബർ ഏഴു മുതൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ പലസ്തീനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 4651 ആയി. ഗാസയിൽ ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
വടക്കൻ ഗാസയിൽ നിന്നും ജനങ്ങൾ ഒഴിയണമെന്ന് ആവർത്തിക്കുന്നതിനിടയിലും ബോബാക്രമണം തുടരുകയാണ് ഇസ്രയേൽ. ആളുകോളോട് മാറാൻ പറഞ്ഞ തെക്കൻ ഗാസയിലും വ്യാപക മിസൈലാക്രമണമാണ് നടന്നത്. സൈനിക നടപടി തുടർന്നിരുന്ന വെസ്റ്റ് ബാങ്കിലും ഇസ്രയേൽ ഇന്ന് വ്യോമാക്രമണം നടത്തി. വെസ്റ്റ് ബാങ്കിൽ മാത്രം 90 പേരാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് പേർ ഇസ്രയേലിന്റെ കസ്റ്റഡിയിലാണ്. വെസ്റ്റ്ബാങ്കിലെ പള്ളിയിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തി. ഈ പള്ളി അഭയാർത്ഥികൾ തങ്ങിയിരുന്നതാണെന്ന് പലസ്തീൻ പറയുന്നു. എന്നാൽ ഇവിടെ ഭൂഗർഭ അറകളിൽ ഒളിച്ചിരുന്ന അക്രമികളെയാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രയേൽ വാദിക്കുന്നു.
അതിനിടെ, ഗാസയിലെ സംഘർഷബാധിത മേഖലയിലേക്കുള്ള സഹായവിതരണത്തിനായി കൂടുതൽ ട്രക്കുകൾ റഫാ അതിർത്തിയിലെത്തിയതായി ബിബിസി റിപ്പോർട്ട് ചെയ്തു. ഐക്യരാഷ്ട്ര സംഘടനയുടെ ഒരു വാഹനവും 17 ട്രക്കുകളുമാണ് സഹായവിതരണത്തിനായി അതിർത്തിയിൽ കാത്തുനിൽക്കുന്നത്.
അതേസമയം, ഒക്ടോബർ ഏഴിനു നടത്തിയ ആക്രമണത്തിനിടെ പിടികൂടി ബന്ദികളാക്കിയവരെ പൂർണമായി വിട്ടയയ്ക്കാതെ ഗാസയിലേക്കുള്ള വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കില്ലെന്ന നിലപാടിലാണ് ഇസ്രയേൽ. നേരത്തേ, മരുന്നും ശുദ്ധജലവും ഭക്ഷ്യസാധനങ്ങളുമായി 20 ട്രക്കുകൾ ഈജിപ്ത് തുറന്നുകൊടുത്ത റഫാ അതിർത്തി വഴി ഗാസയിലെത്തിയിരുന്നു. യുഎസും ഇസ്രയേലും മുന്നോട്ടുവച്ച പരിശോധനാ വ്യവസ്ഥകൾ പാലിച്ചാണു ട്രക്കുകൾ അതിർത്തി കടന്നത്. എന്നാൽ, സഹായം തെക്കൻ ഗാസയിലേക്കു മാത്രമാണെന്ന ഇസ്രയേൽ നിലപാട് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ഗാസ പിടിച്ചടക്കാനുള്ള ഇസ്രയേലിന്റെ ശ്രമം വൈകിപ്പിക്കാൻ യുഎസ് സമ്മർദ്ദം ചെലുത്തുന്നതായും റിപ്പോർട്ടുണ്ട്. നിലവിൽ ഹമാസിന്റെ പിടിയിലുള്ള യുഎസ് പൗരൻമാർ ഉൾപ്പെടെയുള്ള ഇരുന്നൂറോളം ബന്ദികളുടെ മോചനം ഉറപ്പാക്കുന്നതിനാണിത്. കഴിഞ്ഞ ദിവസം നടത്തിയ ചർച്ചകളെ തുടർന്ന് യുഎസിൽ നിന്നുള്ള രണ്ട് ബന്ദികളെ ഹമാസ് മോചിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഹമാസ് കൂടുതൽ ബന്ദികളെ മോചിപ്പിക്കാൻ സാധ്യതയുണ്ടെന്ന് യുഎസ് കരുതുന്നു.
ഇസ്രയേലിൽനിന്നു ബന്ദികളായി പിടികൂടിയവരിൽ യുഎസിൽനിന്നുള്ള ജൂഡിത്ത് റാനൻ (59), മകൾ നതാലി (17) എന്നിവരെയാണ് ഹമാസ് കഴിഞ്ഞ ദിവസം മോചിപ്പിച്ചത്. ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകളെത്തുടർന്നായിരുന്നു ഇത്. അതേസമയം, ആകെ 212 പേരെയാണ് ഹമാസ് ബന്ദികളാക്കിയിട്ടുള്ളതെന്നാണ് കരുതുന്നതെന്ന് ഇസ്രയേൽ ഇന്നു വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം