പുളിയറ : മോട്ടർ വാഹന ചെക്പോസ്റ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ വനിത ഇൻസ്പെക്ടറിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച 2.76 ലക്ഷം രൂപ പിടികൂടി. സംഭവത്തിൽ ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു. കഴിഞ്ഞദിവസം രാവിലെ 8.30ന് ആയിരുന്നു പരിശോധന. തെങ്കാശി എസ്പിക്ക് ലഭിച്ച പരാതിയെ തുടർന്നായിരുന്നു വിജിലൻസ് പരിശോധന. ഇൻസ്പെക്ടർ പ്രേമ ജ്ഞാനകുമാരി ഡ്യൂട്ടി കഴിഞ്ഞു ഭർത്താവും ഒപ്പം വീട്ടിലേക്കു പോകുമ്പോൾ കട്ടിളൈകുടിയിരുപ്പിൽ കാർ തടഞ്ഞു വിജിലൻസ് വാഹനം പരിശോധിക്കുകയായിരുന്നു.
വാഹനത്തിൽ നിന്ന് കണ്ടെത്തിയ 2.76 ലക്ഷം രൂപ പിടിച്ചെടുക്കുകയും ഇൻസ്പെക്ടറെ ചെക്പോസ്റ്റിലേക്കു തിരികെ വിളിച്ചു ചോദ്യം ചെയ്യുകയും ചെയ്തു. കേരളത്തിലേക്ക് പോകുന്ന ലോറികളിൽ നിന്നു ലഭിച്ച പണമാണിതെന്നു വിജിലൻസിന്റെ ചോദ്യം ചെയ്യലിൽ പ്രേമ ജ്ഞാനകുമാരി സമ്മതിച്ചതായാണു വിവരം. ഇതെത്തുടർന്ന് വിജിലൻസ് സംഘം തെങ്കാശി എസ്പിക്കു നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കലക്ടറുടെ നിർദേശപ്രകാരം മോട്ടർ വകുപ്പ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്യുകയായിരുന്നു. ദിവസം ഇരുന്നൂറിലേറെ വലിയ ചരക്കു ലോറികളാണു അതിർത്തി കടന്നു കേരളത്തിലേക്ക് പോകുന്നത്. പാറ, മെറ്റൽ, സിമന്റ് എന്നിവയടക്കം കയറ്റി പോകുന്നവയാണു വലിയ ലോറികൾ ഭൂരിഭാഗവും.