പുനെ:തുടര്‍ച്ചയായ നാലാം വിജയം കുറിച്ച് ലോകകപ്പിലെ ഇന്ത്യയുടെ അപരാജിത മുന്നേറ്റം പുനെയിലും. ബംഗ്ലാദേശിനെ ഇന്ത്യ ഏഴ് വിക്കറ്റിനു വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സ്. ജയത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 41.3 ഓവറിൽ 261 റണ്‍സെടുത്തു ലക്ഷ്യം കണ്ടു.
വിരാട് കോഹ്ലിയുടെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. 97 പന്തുകള്‍ നേരിട്ട് ആറ് ഫോറും നാല് സിക്സും സഹിതം കോഹ്ലി 103 റണ്‍സുമായി പുറത്താകാതെ നിന്നു. ഏകദിനത്തില്‍ കോഹ്ലിയുടെ 48ാം സെഞ്ച്വറി.
കോഹ്ലി സെഞ്ച്വറി തികച്ച് ഇന്ത്യയെ ജയത്തിലേക്ക് നയിക്കുമ്പോള്‍ ക്രീസിന്റെ മറ്റേ അറ്റത്ത് പുറത്താകാതെ രാഹുലും നിന്നു. താരം 34 പന്തില്‍ മൂന്ന് ഫോറും ഒരു സിക്സും സഹിതം 34 റണ്‍സെടുത്തു കൂടുതല്‍ നഷ്ടമില്ലാതെ ഇന്ത്യയെ കാത്തു.
ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഗില്ലും ചേര്‍ന്നു മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ രോഹിത്- ഗില്‍ സഖ്യം 88 റണ്‍സെടുത്തു. 40 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്സും സഹിതം രോഹിത് 48 റണ്‍സെടുത്തു മടങ്ങി. ലോകകപ്പിലെ ആദ്യ അര്‍ധ ശതകമാണ് ശുഭ്മാന്‍ ഗില്‍ നേടിയത്. പിന്നാലെ ഗില്‍ പുറത്താകുകയും ചെയ്തു. 19 റണ്‍സെടുത്ത ശ്രേയസ് അയ്യരുടെ വിക്കറ്റാണ് ഇന്ത്യക്ക് മൂന്നാം വിക്കറ്റ് നഷ്ടടമായത്. പിന്നീട് വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ നാലാം വിജയവും സ്വന്തമാക്കി.
ടോസ് നേടി ആദ്യം ബാറ്റിങിനു ഇറങ്ങിയ ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. ബംഗ്ലാദേശ് മികച്ച തുടക്കമാണിട്ടത്. എന്നാല്‍ പിന്നീട് ഇന്ത്യന്‍ ബൗളര്‍മാര്‍ അവരെ വരുതിയില്‍ നിര്‍ത്തിയതോടെ റണ്ണൊഴുക്കിന്റെ വേഗം കുറഞ്ഞു. ഓപ്പണര്‍മാരായ തന്‍സിദ് ഹസന്- ലിറ്റന്‍ ദാസ് എന്നിവര്‍ അര്‍ധ സെഞ്ച്വറികളുമായി കളം നിറഞ്ഞു. ഇരുവരും ഒന്നാം വിക്കറ്റില്‍ 93 റണ്‍സ് ചേര്‍ത്തു.
ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചു
തന്‍സിദിനെ മടക്കി കുല്‍ദീപ് യാദവാണ് കൂട്ടുകെട്ടു പൊളിച്ചത്. 43 പന്തുകള്‍ നേരിട്ട് അഞ്ച് ഫോറും മൂന്ന് സിക്സും സഹിതം താരം 51 റണ്‍സെടുത്തു. ലിറ്റന്‍ ദാസാണ് ടീമിന്റെ ടോപ് സ്കോറര്‍. താരം ഏഴ് ഫോറുകള്‍ സഹിതം 66 റണ്‍സെടുത്തു. ഷാകിബ് അല്‍ ഹസനു പകരം നജ്മുല്‍ ഹുസൈന് ഷാന്റോയാണ് ടീമിന്റെ ക്യാപ്റ്റന്‍. എന്നാല്‍ ബാറ്റിങില്‍ തിളങ്ങാന്‍ ഷാന്റോയ്ക്ക് സാധിച്ചില്ല. എട്ട് റണ്‍സെടുത്തു മടങ്ങി.