ദക്ഷിണേഷ്യൻ ടൂറിസംരംഗത്തെ മികച്ച ഡെസ്റ്റിനേഷൻ പ്രൊമോഷനുള്ള 2023-ലെ സൗത്ത് ഏഷ്യൻ ട്രാവൽ അവാർഡ് തിരുവനന്തപുരത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിന്. കരകൗശലകലാകാരർക്ക് ഉപജീവനം ഒരുക്കാനും കേരളീയകരകൗശലപാരമ്പര്യം സംരക്ഷിക്കാനും ടൂറിസത്തിൻ്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്ന ക്രാഫ്റ്റ്സ് വില്ലേജിനെ വിനോദസഞ്ചാരികളിലേക്ക് എത്തിക്കാൻ രണ്ടരക്കൊല്ലം നടത്തിയ ക്യാമ്പയിൻ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് അവാർഡ്.
തെക്കനേഷ്യയിലെ ഏറ്റവും വിലപ്പെട്ട പുരസ്ക്കാരമാണ് സൗത്ത് ഏഷ്യൻ ട്രാവൽ അവാർഡ്. ബംഗളൂരുവിൽ കഴിഞ്ഞ ദിവസം ടൂറിസം വ്യവസായത്തിലെ പ്രാമാണികർ സമ്മേളിച്ച വേദിയിൽ പുരസ്ക്കാരം സമ്മാനിച്ചു. ക്രാഫ്റ്റ്സ് വില്ലേജ് സിഒഒ റ്റി. യു. ശ്രീപ്രസാദ് ഏറ്റുവാങ്ങി ലോകത്തെ ഏറ്റവും മികച്ച ക്രാഫ്റ്റ് വില്ലേജിനുള്ള 2021-ലെ ‘വില്ലേജ് ഓഫ് ദ് ഇയർ’ ഇന്റർനാഷണൽ ക്രാഫ്റ്റ് അവാർഡും കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിന് ലഭിച്ചിരുന്നു. ക്രാഫ്റ്റ്സ് വില്ലേജിൻ്റെ രാജ്യാന്തരടൂറിസംസാദ്ധ്യതകൾ വിപുലപ്പെടുത്തുന്നതാണീ അവാർഡ്.
ടൂറിസം പ്രയോജനപ്പെടുത്തി കരകൗശലരംഗം സംരക്ഷിക്കാനും കലാകാരർക്ക് ഉപജീവനം ഒരുക്കാനുമായി സംസ്ഥാനസർക്കാർ ആവിഷ്ക്കരിച്ച പദ്ധതിപ്രകാരം ടൂറിസം വകുപ്പ് പാട്ടത്തിനു അനുവദിച്ച സ്ഥലത്ത് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി നിർമ്മിച്ചു നടത്തുന്ന സ്ഥാപനമാണ് തിരുവനന്തപുരം – കോവളം ദേശീയപാതയിൽ വെള്ളാറിലുള്ള കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ്.
ട്രാവൽ, ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയിലെ പ്രമുഖരിൽനിന്ന് അവരുടെ പ്രതീക്ഷയ്ക്കും അപ്പുറം പോയ സ്ഥാപനങ്ങളുടെ വിവരങ്ങൾ ശേഖരിച്ച് അവയിൽനിന്നു വോട്ടിങ്ങിലൂടെ തെരഞ്ഞെടുത്ത സ്ഥാപനങ്ങൾ ജൂറിക്കു മുന്നിൽ നടത്തിയ അവതരണത്തിൻ്റെ അടിസ്ഥാനത്തിലാണ് അവാർഡ് നിർണ്ണയിച്ചത്.
ഡിസംബർ, ജനുവരി മാസങ്ങളുടെ സംഗമദിനത്തിൽ പുതുവർഷത്തെ വരവേറ്റും മുൻവർഷത്തെ യാത്രയാക്കിയും ആഘോഷിക്കുന്ന എപ്പിലോഗ്, ഫെബ്രുവരിയിൽ വാലൻ്റൈസൻസ് ഡേയിലെ ‘ഡൈൻ അണ്ടർ ദ് സ്റ്റാഴ്സ്’, മാർച്ചിലെ ‘വേൾഡ് ഓഫ് വിമെൻ – വൗ’ (WoW) വിമെൻ വീക്ക്, ഏപ്രിലിലെ വിഷുക്കണി, ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ കരകൗശല, നെയ്ത്ത് തൊഴിലാളികൾക്ക് ഓണം ഒരുക്കാൻ നടത്തുന്ന ഗിഫ്റ്റ് അ ട്രഡിഷൻ, ഓഗസ്റ്റിലെ പരിസ്ഥിതിസുഹൃദ കൈത്തറി ഫാഷൻ ഷോ ‘എൻവാഷൻ’, ഒക്റ്റോബറിലെ ഇൻ്റർനാഷണൽ ഡാൻസ് ഫെസ്റ്റിവൽ, നവംബറിലെ ഇൻ്റർനാഷണൽ ഇൻഡിപ്പെൻഡൻ്റ് (ഇൻഡീ) മ്യൂസിക് ഫെസ്റ്റിവൽ (IIMF), നവംബർ 14-ലെ ‘അപ്പൂപ്പൻതാടി’, എന്നിങ്ങനെയുള്ള വിശേഷാൽ പരിപാടികളും അവ സംഘടിപ്പിച്ചതിലെ മികവും ആണ് ക്രാഫ്റ്റ്സ് വില്ലേജിനെ അവാർഡിന് അർഹമാക്കിയത്.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം