ടെൽ അവീവ്: ഗാസയിൽ വെടിനിറുത്തലിന് സമ്മതിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി ഇസ്രയേൽ. വെടിനിറുത്തൽ റിപ്പോർട്ടുകൾ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് നിഷേധിച്ചതായി വാർത്താ ഏജൻസികൾ അറിയിച്ചു. വെടിനിറുത്തലിന് തയ്യാറല്ലെന്ന് ഹമാസും വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഗാസ പിടിച്ചെടുക്കാൻ താത്പര്യമില്ലെന്നും എന്നാൽ ഹമാസിനെ ഉന്മൂലനം ചെയ്യാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും യു,എസിലെ ഇസ്രയേൽ അംബാസഡർ ഗിലാർഡ് എർദൻ വ്യക്തമാക്കി. ഗാസ പിടിച്ചെടുക്കാനുള്ള ഇസ്രയേലിന്റെ നീക്കം വൻ അബദ്ധമാകുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞതിന് പിന്നാലെയാണ് നിലപാടി വ്യക്തമാക്കി എർദൻ രംഗത്തെത്തിയത്.
ഹമാസ് ഇതുവരെ ബന്ദികളാക്കിയത് 199 പേരെയാണെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഞായറാഴ്ച 155 പേരെയാണ് ഹമാസ് ബന്ദികളാക്കിയതെന്ന് സൈന്യം പറഞ്ഞിരുന്നു. പിന്നാലെയാണ് എണ്ണത്തില്‍ മാറ്റമുണ്ടായതായി സൈനിക വക്താവ് ഡാനിയല്‍ ഹഗാരി വ്യക്തമാക്കിയത്. ബന്ദികളാക്കിയവരുടെ കുടുംബങ്ങളുമായി അധികാരികള്‍ ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
ഗാസയിൽ ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ആയിരത്തിലധികം പാലസ്തീനികൾ കുടുങ്ങിക്കിടക്കുന്നതായി ഹമാസ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ലെബനൻ അതിർത്തിയിൽ ഇസ്രയേൽ സൈന്യവുമായി സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ബെയ്‌റൂട്ടിലേക്ക് ആവശ്യമായ മെഡിക്കൽ സാമഗ്രികൾ എത്തിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. പരിക്കേറ്റ 800 മുതൽ 1000 വരെ രോഗികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ ശസ്ത്രക്രിയ മരുന്നുകൾ ഉൾപ്പെടെ ബെയ്‌റൂട്ടിലെത്തിയതായും പ്രസ്താവനയിൽ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം