ഇൻഡോർ: ബന്ധുവായ യുവാവിനെതിരെ വ്യാജ ബലാത്സംഗ കേസ് കൊടുത്തതിന് 45 കാരിക്ക് പത്ത് വർഷം കഠിന തടവ്. സ്വത്ത് തട്ടിയെടുക്കാൻ ഭർതൃസഹോദരന്റെ മകനെതിരെ ആയിരുന്നു 45-കാരിയുടെ വ്യാജ പരാതി. മധ്യപ്രദേശിലെ ദേവാസിലെ സെഷൻസ് കോടതിയാണ് ആദ്യം പരാതിക്കാരിയായ സ്ത്രീക്ക് കഠിന തടവിനൊപ്പം 2000 രൂപ പിഴയും വിധിച്ചത്. ജാമ്യത്തിലായിരുന്ന പ്രതി സീമയെ (യഥാർത്ഥ പേരല്ല) വിധിക്ക് പിന്നാലെ ജയിലിലേക്ക് മാറ്റി.
ഇൻഡോറിൽ നിന്ന് 55 കിലോമീറ്റർ അകലെയുള്ള ബർഖേദ കോട്ടപായിലായിരുന്നു വിധവയായ സീമയുടെ താമസം. 2017 ജൂൺ മൂന്നിനാണ് ഇവർ ബറോത്ത പൊലീസ് സ്റ്റേഷനിൽ 33- കാരനെതിരെ പരാതി നൽകിയത്. ഇവരുടെ പരാതിയിൽ പൊലീസ് ഉടൻ കേസെടുത്തെു. എന്നാൽ അന്വേഷണം നടത്തിയപ്പോഴാണ് ആരോപണം തെറ്റാണെന്ന് കണ്ടെത്തിയത്. കേസിന്റെ വിചാരണയ്ക്കിടെ ചില തെറ്റായ രേഖകളും വിവരങ്ങളും അവർ കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
ഒടുവിൽ 2019 ജൂൺ 18 ന്, ബലാത്സംഗ പരാതി തെറ്റാണെന്ന് കോടതി നിഗമനത്തിലെത്തി. തെറ്റായ വിവരങ്ങൾ നൽകിയതും വ്യാജ തെളിവുകൾ നിർമ്മിച്ചതും ചൂണ്ടിക്കാട്ടി ഐപിസി സെക്ഷൻ 182, 211, 195 എന്നിവ പ്രകാരം സീമയ്ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവിടുകയും ചെയ്തു. ഇതോടെയാണ് സീമ ഊരാക്കുടുക്കിൽ പെട്ടത്. വ്യാജ ബലാത്സംഗ പരാതി നൽകിയതും തെറ്റായ തെളിവുകൾ ഹാജരാക്കിയതും എല്ലാം വ്യക്തമായതോടെ, ഐപിസി സെക്ഷൻ 195 പ്രകാരം സീമയെ രണ്ടാം അഡീഷണൽ സെഷൻസ് കോടതി പത്ത് വർഷം കഠിന തടവിന് ശിക്ഷിക്കുകയായിരുന്നു.
അവർ കൊടുത്ത കേസിൽ വിധിയായപ്പോൾ അവർ തന്നെ ജയിലിൽ പോയി, സ്വത്ത് കൈക്കലാക്കാനായിരുന്നു അവർ ബന്ധുവിനെ കേസിൽ പെടുത്തിയതെന്നും ജില്ലാ പ്രോസിക്യൂഷൻ ഓഫീസർ രാജേന്ദ്ര സിംഗ് ബദൗരിയ പറഞ്ഞു. എഡിപിഒ ജയന്തി പുരാണിക്കിന്റെ നേതൃത്വത്തിലാണ് വിചാരണ വിജയകരമായി പൂർത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം