വിചാരണക്കോടതി ഉത്തരവിനെതിരെ ന്യൂസ് ക്ലിക്ക് സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബീര്‍ പുരകായസ്തയും എച്ച് ആര്‍ തലവന്‍ അമിത് ചക്രവര്‍ത്തിയും നല്‍കിയ ഹര്‍ജികള്‍ ഡല്‍ഹി ഹൈക്കോടതി തള്ളി. ചൈന അനുകൂല പ്രചരണത്തിന് പണം കൈപ്പറ്റിയെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസില്‍ ഏഴ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ട ഉത്തരവിനെതിരെയാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് തുഷാര്‍ റാവു ഗഡേല വിചാരണക്കോടതി ഉത്തരവ് റദ്ദ് ചെയ്യാന്‍ തക്കതായ കാരണം കാണുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരുടെയും ഹര്‍ജി തള്ളിയത്.
ഹര്‍ജികള്‍ നിലനില്‍ക്കുന്നതല്ലെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് തുഷാര്‍ റാവു ഗഡേലയുടെ ഉത്തരവ്. ഹര്‍ജിയില്‍ ഇടപെടാന്‍ മതിയായ കാരണങ്ങളില്ലെന്നാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നത്. ഒക്ടോബര്‍ 20 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് പ്രബീര്‍ പുരകായസ്തയും അമിത് ചക്രവര്‍ത്തിയും.
അറസ്റ്റിനുള്ള കാരണം രേഖാമൂലം അറിയിച്ചിട്ടില്ലെന്ന് പ്രബീറിൻ്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നെങ്കിലും കോടതി ഹർജി തള്ളുകയായിരുന്നു. ഒരു രൂപ പോലും ചൈനയില്‍ നിന്ന് സഹായമായി ലഭിച്ചിട്ടില്ല. റിമാന്‍ഡ് നടപടികള്‍ അഭിഭാഷകനെ അറിയിച്ചില്ല. എംത്രീഎം കേസിലെ സുപ്രീം കോടതി വിധിക്ക് എതിരാണ് അറസ്റ്റ്. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് അറസ്റ്റ്. റിമാന്‍ഡിലുള്ള പ്രതികളുടെ എതിര്‍പ്പ് മജിസ്‌ട്രേറ്റ് കോടതി കേട്ടില്ലെന്നും സീനിയര്‍ അഭിഭാഷകന്‍ ദയാന്‍ കൃഷ്ണന്‍ വാദിച്ചു.
അറസ്റ്റിനുള്ള കാരണങ്ങള്‍ റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മറുപടി നല്‍കി. കേസ് ഡയറി പരിശോധിക്കുമ്പോള്‍ കാര്യങ്ങളില്‍ വ്യക്തത വരും. നിയമത്തിന്റെ സാങ്കേതികതകള്‍ മാത്രം ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗത്തിന്റെ വാദം. എംത്രീഎം കേസിലെ വിധി ന്യൂസ് ക്ലിക് കേസിലെ അറസ്റ്റില്‍ ബാധകമല്ലെന്നുമായിരുന്നു ഡല്‍ഹി പൊലീസിന്റെ വാദം.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം