കൂവപ്പടി ജി. ഹരികുമാർ
കാലടി: ശ്രീമൂലനഗരം ഗ്രാമപ്പഞ്ചായത്തിലെ തിരുവൈരാണിക്കുളം ഗ്രാമത്തിലെ സാധാരണക്കാരുടെ സുഖ-ദുഃഖ സമ്മിശ്രമായ ഹൃദയത്തുടിപ്പുകൾ കത്തുകളിലൂടെ അറിഞ്ഞിരുന്ന 59 വർഷം പഴക്കമുള്ള ചരിത്രമാണ് വെള്ളാരപ്പിള്ളിയിലെ സൗത്ത് പോസ്റ്റ് ഓഫീസിന് പറയാനുള്ളത്. കത്തെഴുത്തിന്റെയും ടെലിഗ്രാമുകളുടെയും മണിയോർഡറുകളുടെയും പുഷ്കലകാലത്ത് ചെറിയൊരു മേൽക്കൂരയ്ക്കു കീഴിൽ പരിമിതമായ സൗകര്യങ്ങളുമായി പ്രവർത്തനം തുടങ്ങിയ തപാലാപ്പീസ്.
ഭൂപ്രഭുത്വമുണ്ടായിരുന്ന പ്രസിദ്ധമായ അകവൂർ, വെടിയൂർ, വെണ്മണി മനകളുടെ പ്രൗഢിയുള്ള ഗ്രാമഹൃദയത്തിൽ പ്രവർത്തിച്ചുതുടങ്ങിയ പോസ്റ്റ് ഓഫീസിനായി പുതിയകാലത്ത് സ്ഥലമൊരുക്കി നൽികിയിരിക്കുകയാണ് തിരുവൈരാണിക്കുളം ശ്രീമഹാദേവക്ഷേത്രം ട്രസ്റ്റ്. കൊച്ചിരാജാവിന്റെ ഭരണാധീനതയിലുണ്ടായിരുന്ന പെരിയാർതീരങ്ങളോടടുത്ത് നിലകൊള്ളുന്ന പൈതൃകഗ്രാമങ്ങളാണ് കാലടിയ്ക്കും ആലുവായ്ക്കും ഇടയിലുള്ള ഈ ചുറ്റുവട്ടപ്രദേശങ്ങളെല്ലാം. അഞ്ച് കിലോമീറ്റർ അകലെ ചൊവ്വരയിൽ പ്രവർത്തിച്ചിരുന്ന പോസ്റ്റ് ഓഫിസിനെ ആശ്രയിച്ചായിരുന്നു പണ്ട് തിരുവൈരാണിക്കുളത്തുകാർ തങ്ങളുടെ തപാൽ ആവശ്യങ്ങൾ നിർവ്വഹിച്ചിരുന്നത് എന്നത് അറുപതു വർഷം പിന്നിട്ട ചരിത്രം. പിന്നീടൊരു കാലഘട്ടത്തിലാണ് ശ്രീമൂലനഗരത്തിൽ പോസ്റ്റ് ഓഫീസ് വരുന്നത്.
കത്തുകളും മണി ഓർഡറുകളും പ്രതീക്ഷിച്ചിരുന്ന തിരുവൈരാണിക്കുളത്തുകാർക്കു മുമ്പിൽ അക്കാലത്ത് പോസ്റ്റുമാൻ പ്രത്യക്ഷപ്പെടുന്നത് ആഴ്ച്ചയിൽ ഒരിയ്ക്കൽ മാത്രം. അകവൂർ മനയിലെ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ ഭാര്യ മങ്കട കോവിലകത്ത് അമ്മു തമ്പുരാട്ടിയുടെ ശ്രമഫലമായി തിരുവൈരാണിക്കുളത്ത് പോസ്റ്റ് ഓഫിസ് തുടങ്ങിയ ചരിത്രം പഴമക്കാർ ഓർത്തെടുക്കുന്നു. തപാൽ വകുപ്പിൽ ഡയറക്ടറായിരുന്ന ഒരു സഹോദരൻ തമ്പുരാട്ടിയ്ക്കുണ്ടായിരുന്നതിന്റെ സ്വാധീനത്തിലാണത്രെ പോസ്റ്റ് ഓഫീസ് അനുവദിച്ചു കിട്ടിയത്.
പഴയ ഓടുമേഞ്ഞ ഇരുനിലമാളികക്കെട്ടിടത്തിന്റെ മുകൾ നിലയിൽ തപാലാപ്പീസ്. അന്ന് ചായക്കട, റേഷൻകട, തയ്യൽ കട, സഹകരണ സംഘം എന്നിവയെല്ലാം ഈ കെട്ടിടത്തിൽ ആയിരുന്നതിനാൽ ഗ്രാമവാസികൾ വിവിധയാവശ്യങ്ങൾക്കായി ഒത്തുകൂട്ടിയിരുന്നതിവിടെ. വർഷങ്ങളോളം തപാലാപ്പീസ് അവിടെ പ്രവർത്തിച്ചു. കെട്ടിടം തകർച്ചയിലായപ്പോൾ വെടിയൂർ മനയുടെ ചെറിയ കെട്ടിടത്തിലേക്കു മാറ്റി. 30 വർഷം മുൻപായിരുന്നു അത്. മനയിലെ പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ സുമനസ്സുകൊണ്ട് കെട്ടിടം കോൺക്രീറ്റ് ചെയ്തു നൽകി.
അൻപതു രൂപ വാടകയിലായിരുന്നു തുടക്കം. ഏറ്റവുമൊടുവിൽ വാടക വർദ്ധിച്ചപ്പോൾ 150 രൂപയിലെത്തി. നാടിനെയും നാട്ടുകാരെയും നന്നായിട്ടറിഞ്ഞിരുന്ന രാജുവെന്ന സി.വി. അരവിന്ദാക്ഷൻ 1979-ൽ ഇവിടത്തെ പോസ്റ്റുമാനായി വന്നു. 43 വർഷത്തെ തപാൽസേവനം പൂർത്തിയാക്കി അദ്ദേഹം സർവ്വീസിൽ നിന്നും പടിയിറങ്ങിയത്, ഇക്കഴിഞ്ഞ നവംബറിൽ. ഇപ്പോൾ പുതിയ സൗകര്യങ്ങളും സംവിധാനങ്ങളുമായി പോസ്റ്റ് ഓഫീസ് ക്ഷേത്രത്തിനുസമീപം ഒക്ടോബർ 5 മുതൽ പ്രവർത്തിച്ചുതുടങ്ങിയിരിക്കുന്നു. വാടകയൊന്നും ഈടാക്കാതെയാണ് തിരുവൈരാണിക്കുളം ക്ഷേത്രം ട്രസ്റ്റ് കെട്ടിടം വിട്ടുനൽകിയിരിക്കുന്നത്.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം