വനിത പോലീസ് സെല്‍ സംവിധാനം കാര്യക്ഷമമാക്കണമെന്നും കുടുംബപ്രശ്നങ്ങള്‍ ഇതിലൂടെ പരിഹരിക്കുന്നതിന് ആവശ്യമായ ഇടപെടല്‍ ശക്തിപ്പെടുത്തണമെന്നും വനിത കമ്മിഷന് അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. തിരുവനന്തപുരം ജവഹര്‍ ബാലഭവനില്‍ ജില്ലാതല സിറ്റിംഗിന്റെ രണ്ടാം ദിവസത്തെ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിത കമ്മിഷന് അധ്യക്ഷ.
കേസുകളില്‍ കൗണ്‍സിലിംഗ് ഉള്‍പ്പെടെ സഹായം നല്‍കണം. ആവശ്യമായ ഉദ്യോഗസ്ഥരെ വനിത പോലീസ് സെല്ലില്‍ നിയുക്തമാക്കണം. ഇങ്ങനെ ശക്തമായ ഇടപെടല്‍ ഉണ്ടായാല്‍ കുടുംബപ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിന് സാധിക്കും. കേസുകള്‍ പോലീസ് സ്റ്റേഷനില്‍ എത്തുന്ന സമയത്ത് ആവശ്യമായ കൗണ്‍സിലിംഗ് അവിടെ തന്നെ നല്കി കുടുംബാന്തരീക്ഷം രമ്യമാക്കി എടുക്കുന്നതിനുള്ള നടപടി വനിത സെല്ലിലൂടെ സ്വീകരിക്കണം. ഈ സംവിധാനം സംസ്ഥാനത്ത് ഉണ്ടെങ്കിലും ഫലപ്രദമായി കൈകാര്യം ചെയ്യപ്പെടുന്നില്ലെന്നാണ് കമ്മിഷനു മുന്‍പാകെ എത്തുന്ന പരാതികളിലൂടെ മനസിലാക്കാന്‍ സാധിക്കുന്നത്. പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ട ശേഷവും അവിടെനിന്നും പ്രശ്നപരിഹാരം ഉണ്ടാകാത്തതിനെ തുടര്‍ന്ന് വനിത കമ്മിഷനെ സമീപിക്കേണ്ട സാഹചര്യമാണ് ഉണ്ടാകുന്നത്. വനിത പോലീസ് സെല്ലുകള്‍ കുടുംബപ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിന് നല്ല ജാഗ്രതയോടെ പ്രവര്‍ത്തിക്കണം.
ഗാര്‍ഹിക ചുറ്റുപാടുകളില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് സിറ്റിംഗില്‍ പരിഗണനയ്ക്ക് എത്തിയവയില്‍ കൂടുതലും. ഏറ്റവും ശക്തമായ നിയമങ്ങളാണ് ഗാര്‍ഹിക ചുറ്റുപാടില്‍ സ്ത്രീകള്‍ക്ക് പരിരക്ഷ ഉറപ്പുവരുത്തുന്നതിനു വേണ്ടി രാജ്യത്ത് നിലനില്‍ക്കുന്നത്. പക്ഷേ നിയമം അനുശാസിക്കുന്ന മെച്ചപ്പെട്ട സംവിധാനങ്ങള്‍ ഉറപ്പുവരുത്താന്‍ പല കാരണങ്ങളാല്‍ കഴിയുന്നില്ല. ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം സ്ത്രീകള്‍ക്ക് ഭര്‍ത്തൃവീടുകളില്‍ സുരക്ഷിതയായി താമസിക്കുന്നതിന് വേണ്ട പ്രൊട്ടക്ഷന്‍ ഓര്‍ഡറുകള്‍ കോടതികള്‍ നല്‍കുന്നുണ്ട്. പക്ഷേ ഇതു ലഭിച്ചാലും സ്ത്രീക്ക് സംരക്ഷണം നല്‍കുന്നതിന് പോലീസിന്റെ ഭാഗത്തുനിന്നും പല കേസുകളിലും ജാഗ്രത ഉണ്ടാകുന്നില്ല. പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ പ്രകാരം സ്ത്രീക്ക് സംരക്ഷണം നല്‍കുന്നതിന് പോലീസ് ജാഗ്രത പാലിക്കണം. ഗാര്‍ഹിക പീഡന പരാതികള്‍ പോലീസ് സ്റ്റേഷനുകളില്‍ കൈകാര്യം ചെയ്യുന്നതിലും ജാഗ്രതകുറവ് ഉണ്ടാകുന്നുണ്ട്.
തിരുവനന്തപുരം ജില്ലയില്‍ ഗാര്‍ഹിക പ്രശ്നങ്ങള്‍ വര്‍ധിച്ചു വരുകയാണ്. അതി സങ്കീര്‍ണമായ കുടുംബ അന്തരീക്ഷം ഇവിടെ നിലനില്ക്കുന്നു. വിവാഹ സമയത്തും തുടര്‍ന്നും ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ഏറെയും. വിവാഹ പൂര്‍വ കൗണ്‍സിലിംഗിന്റെ അനിവാര്യതയുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ സ്ത്രീധനം നിരോധിച്ചിട്ടുള്ളതാണെങ്കിലും വിവാഹ സമയത്ത് യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ സ്ത്രീധനം പണമായും അതുപോലെ വസ്തുവകകളായിട്ടും പെണ്‍കുട്ടികള്‍ക്ക് നല്‍കുന്നുണ്ട്. എന്നാല്‍, ഇതു സംബന്ധിച്ച് കൃത്യമായ യാതൊരു രേഖകളും സൂക്ഷിക്കാനുള്ള സംവിധാനങ്ങളില്ല. പലപ്പോഴും തര്‍ക്കങ്ങള്‍ ഉണ്ടാകുമ്പോള്‍ അതു തെളിയിക്കുന്നതിന് കഴിയാത്ത സാഹചര്യം ഇതുമൂലം ഉണ്ടാകുന്നുണ്ട്. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധം വഷളാകുന്ന സമയത്ത് തന്റെ അര്‍ഹതപ്പെട്ട വസ്തുവകകള്‍ തിരിച്ചു കിട്ടുന്നതിനു വേണ്ടി കോടതിയെ സമീപിക്കുന്ന സമയത്തുപോലും എന്തൊക്കെ ഉണ്ടായിരുന്നു എന്നു തെളിയിക്കുന്നതിനു കഴിയാത്ത സാഹചര്യം ഉണ്ട്. അതിനാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന സമയത്തു തന്നെ എന്തൊക്കെ വസ്തുവകകളാണ് വിവാഹസമയത്ത് പാരിതോഷികമായും മറ്റും നല്‍കിയിട്ടുള്ളത് എന്നതു സംബന്ധിച്ച് കൃത്യമായ രേഖ സൂക്ഷിക്കുന്നത് ഉചിതമായിരിക്കും. ചില സാമുദായിക സംഘടനകളൊക്കെ അത്തരത്തിലുള്ള രേഖ സൂക്ഷിക്കുന്നുണ്ട്. വിവാഹം രജിസ്റ്റര്‍ ചെയ്യുമ്പോഴും സമ്മാനമായി നല്കിയവയുടെ വിവരങ്ങളും രേഖപ്പെടുത്തണം. ഇതുമായി ബന്ധപ്പെട്ട് പിന്നീട് പരാതികളുണ്ടായാല്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് വിവരങ്ങള്‍ രേഖപ്പെടുത്തുന്നത് സഹായകമാകും.
ഗാര്‍ഹിക പീഡനപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് തദ്ദേശസ്ഥാപനതലത്തില്‍ ജെന്‍ഡര്‍ റിസോഴ്സ് സെന്ററുകള്‍ രൂപീകരിച്ചു വരുന്നുണ്ട്. ലിംഗസമത്വം ഉറപ്പുവരുത്താന്‍ ഉതകുന്ന വിധത്തിലുള്ള സംവിധാനം ഗ്രാമപഞ്ചായത്തുകളുടെ ഭാഗത്ത് ശക്തിപ്പെടണം. തദ്ദേശ സ്ഥാപനതലത്തിലുള്ള ജാഗ്രതാസമിതികളുടെ പ്രവര്‍ത്തനം ശക്തമാക്കണം. വനിത കമ്മിഷന് സിറ്റിംഗില്‍ പരിഹരിക്കാന്‍ സാധിക്കാത്ത പരാതികള്‍ ജാഗ്രതാ സമിതികള്‍ വഴിയായി പരിഹരിക്കുന്നതിന് അയച്ചു നല്‍കുന്നുണ്ട്.
തദ്ദേശസ്ഥാപനതലത്തില്‍ ജാഗ്രതാസമിതികള്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയും കുടുംബാന്തരീക്ഷം രമ്യമാക്കുന്നതിനുള്ള ഇടപെടല്‍ നടത്തുകയും ചെയ്യണം.
ജില്ലാതല സിറ്റിംഗിന്റെ രണ്ടാം ദിവസം 230 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 29 പരാതികള്‍ തീര്‍പ്പാക്കി. 15 പരാതികളില്‍ പോലീസ് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ആറു പരാതികള്‍ കൗണ്‍സിലിംഗ് നടത്തുന്നതിന് നിര്‍ദേശിച്ചു. 180 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി.മെമ്പര്‍മാരായ അഡ്വ. ഇന്ദിരാ രവീന്ദ്രന്, അഡ്വ. പി. കുഞ്ഞായിഷ, വി.ആര്. മഹിളാമണി, അഡ്വ.എലിസബത്ത് മാമ്മന്‍ മത്തായി എന്നിവര്‍ കേസുകള്‍ തീര്‍പ്പാക്കി. ഡയറക്ടര്‍ ഷാജി സുഗുണന്, സിഐ ജോസ് കുര്യന്, എസ്ഐ അനിത റാണി, കൗണ്‍സിലര്‍ ശോഭ, അഡ്വ. സോണിയ സ്റ്റീഫന്‍ എന്നിവര്‍ പങ്കെടുത്തു.
https://www.youtube.com/watch?v=aI4WiPePppw
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join