മലപ്പുറം: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയർന്ന നിയമന കോഴ വിവാദത്തിൽ ബാസിത് തന്നെക്കൊണ്ട് ഭീഷണിപ്പെടുത്തി ഒപ്പിടുവിപ്പിച്ചതാണെന്ന് പരാതിക്കാരനായ ഹരിദാസന്റെ മൊഴി. പിന്നാലെ ബാസിതിനെ പൊലീസ് മലപ്പുറത്ത് നിന്ന് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് മഞ്ചേരിയിൽ നിന്നാണ് ബാസിതിനെ കസ്റ്റഡിയിലെടുത്തത്. മന്ത്രിയുടെ പിഎയുടെ പേരു പറഞ്ഞാൽ അന്വേഷണമുണ്ടാകില്ലെന്ന് ബാസിത്ത് പറഞ്ഞുവെന്നും ഹരിദാസൻ പറഞ്ഞു.
നിയമന കോഴ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ ബാസിത്തെന്ന് പൊലീസ് ഇപ്പോൾ പറയുന്നുണ്ട്. ബാസിത്തിനെ നാളെ രാവിലെ തിരുവനന്തപുരത്ത് എത്തിക്കും. മഞ്ചേരിയിൽ ബന്ധു വീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് ഇന്ന് പിടികൂടിയത്. നാളെ ഹരിദാസനുമായി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും.
ബാസിത്ത് ഭീഷണിപ്പെടുത്തിയാണ് മന്ത്രിയുടെ ഓഫീസിനെതിരെ മൊഴി പറയിപ്പിച്ചതെന്ന് ഹരിദാസൻ പൊലീസിനോട് പറഞ്ഞു. മരുമകൾക്കായി അപേക്ഷ നൽകിയപ്പോൾ തന്നെ ബാസിത്തിനോട് പറഞ്ഞിരുന്നുവെന്നും ഒരു ലക്ഷം രൂപ ബാസിത്തിന് നൽകി. മന്ത്രിയുടെ ഓഫീസിൽ നൽകാൻ തയ്യാറാക്കിയ പരാതിയിൽ ഒപ്പ് രേഖപ്പെടുത്തിയത് ബാസിതിന്റെ സമ്മർദ്ദത്തെ തുടർന്നാണ്. മന്ത്രിയുടെ ഓഫീസിൽ ലിസ്റ്റുണ്ടെന്ന് പറഞ്ഞാണ് തന്നെ സെക്രട്ടേറിയേറ്റിലേക്ക് കൊണ്ടുവന്നത്. പിന്നീട് മന്ത്രി ഓഫീസിൽ പ്രവേശനം ഇല്ലെന്ന് പറഞ്ഞ് മടക്കി കൊണ്ടുപോയി. തനിക്കെതിരായ ഭൂമി കേസിൽ സഹായിക്കാമെന്ന് പറഞ്ഞാണ് ബാസിത് സ്വാധീനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതെന്നും ഹരിദാസൻ പൊലീസിനോട് പറഞ്ഞു.
അതേസമയം, ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഓഫിസിന് നേർക്ക് നിയമനക്കോഴ ആരോപണം ഉന്നയിച്ചതിന് പിന്നിൽ ഗൂഢാലോചനയെന്ന് ഉറപ്പിച്ച് പൊലീസ്. സെക്രട്ടേറിയറ്റ് പരിസരത്ത് വച്ച് കോഴ നൽകിയെന്ന ആരോപണം നുണയെന്ന് ഹരിദാസൻ സമ്മതിച്ചതോടെയാണിത്. ആരോഗ്യമന്ത്രിയുടെ ഓഫിസിന് നേരെയുള്ള ആക്ഷേപം പൊളിഞ്ഞെന്ന് മുഖ്യമന്ത്രി. ആരോപണത്തേക്കുറിച്ച് കാര്യമായി പ്രതികരിക്കാനുണ്ടന്ന് ആരോഗ്യമന്ത്രി വീണാ ജോർജും ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്ന് എം.വി.ഗോവിന്ദനും പറഞ്ഞു.
നിയമന തട്ടിപ്പിലെ ഏറ്റവും ഗുരുതര ആരോപണം മന്ത്രി വീണ ജോർജിന്റെ പി.എ. അഖിൽ മാത്യു കോഴ വാങ്ങി എന്നതായിരുന്നു. ആവർത്തിച്ചുള്ള ചോദ്യം ചെയ്യലിന് ഒടുവിൽ അത് നുണയാണെന്നും സെക്രട്ടറിയേറ്റ് പരിസരത്ത് വച്ച് ആർക്കും പണം നൽകിയിട്ടില്ലെന്നും ഹരിദാസൻ തന്നെ സമ്മതിച്ചു. ഇതോടെ മന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉന്നയിച്ചത് അഖിൽ സജീവ്, ലെനിൻ രാജ്, റഹീസ്, ബാസിത് എന്നിവർ ചേർന്ന് നടത്തിയ ഗൂഢാലോചന എന്ന നിഗമനത്തിലാണ് അന്വേഷണസംഘം.ഇവരേക്കൂടാതെ മറ്റ് ചിലർക്ക് കൂടി പങ്കുണ്ടന്നും സംശയിക്കുന്നുണ്ട്. ഇത് കണ്ടെത്താനായി ഹരിദാസന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. റഹീസിനെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നു.
https://www.youtube.com/watch?v=aI4WiPePppw
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം