ആഗോള കളക്ഷനിൽ അമ്പത് കോടിയും കടന്ന് മുന്നേറുകയാണ് മമ്മൂട്ടിയെ നായകനാക്കി റോബി വർഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂർ സ്ക്വാഡ്. മുഖ്യതാരങ്ങൾക്കൊപ്പം വരുന്നവരും പോവുന്നവരുമെല്ലാം ഗംഭീരപ്രകടനം കാഴ്ചവെച്ചപ്പോൾ അക്കൂട്ടത്തിൽ ഒരാൾ കുറച്ചധികം വേറിട്ട് നിൽക്കുന്നുണ്ട്. എ.എസ്.ഐ. ജോർജിനും സംഘത്തിനും ഉത്തരേന്ത്യയിലുടനീളം സഹായിയായ യോഗേഷ് എന്ന യു.പി. പോലീസ് ഉദ്യോഗസ്ഥൻ. എന്നാൽ, ഈ കലാകാരൻ അസ്സൽ മലയാളിയാണെന്ന് പറയുമ്പോഴാണ് ഏവരും അതിശയിക്കുന്നത്. കണ്ണൂർ സ്ക്വാഡിലേക്കുള്ള തന്റെ ‘നിയമന’ത്തെക്കുറിച്ച് സംസാരിക്കുകയാണ് അങ്കിത് മാധവ്.
യു.പിക്കാരനല്ല, അസ്സൽ മലയാളിയാണ്
അച്ഛന്റെ തറവാട് പട്ടാമ്പിയാണ്. അമ്മയുടെ തറവാട് തിരൂരും. ഞാൻ ജനിച്ചത് തിരൂരാണ്. രണ്ടുപേരും തിരുവനന്തപുരത്താണ് ജോലി ചെയ്തിരുന്നത്. ഞാന്‍ പഠിച്ചതൊക്കെ തിരുവനന്തപുരത്തായിരുന്നു. എഞ്ചിനീയറിംഗ് പഠിക്കാനായി മംഗലാപുരത്തേക്ക് പോയി. അവിടെ നിന്ന് മുംബൈയിലേക്ക് ജോലിക്കായി പോയി. റിലയൻസിലായിരുന്നു ജോലി. വർഷങ്ങളോളം മുംബൈയിലായിരുന്നു. ഇപ്പോൾ കൊച്ചിയിലാണ് താമസം.
എവിടെ തുടങ്ങണമെന്ന് പറഞ്ഞുതരാൻ ആരുമുണ്ടായിരുന്നില്ല
കുട്ടിക്കാലം മുതലേ കലാപരിപാടികളിലെല്ലാം സജീവമായിരുന്നു. പാട്ട്, മോണോ ആക്ട്, നാടകം, മിമിക്രി എന്നിവയിലെല്ലാം പങ്കെടുത്തിരുന്നു. കലാപരിപാടികൾ നടക്കുമ്പോൾ സ്റ്റേജിന്റെ പിന്നിൽ നിൽക്കാനായിരുന്നു ഏറെ താത്പര്യം. പിന്നെ മുംബൈയിലെത്തിയപ്പോൾ അവിടം ബോളിവുഡ് ആണെന്നും രാജ്യത്തിന്റെ സിനിമാ ഇൻഡസ്ട്രിയുടെ ഹൃദയമാണെന്നും അറിയാം. എങ്ങനെ തുടങ്ങണമെന്ന് പറഞ്ഞുതരാനോ നയിക്കാനോ ആരുമുണ്ടായിരുന്നില്ല. അന്നൊന്നും ഇന്നത്തെപ്പോലെ സോഷ്യൽ മീഡിയ സജീവമായിരുന്നില്ല. അങ്ങനെയിരിക്കുമ്പോഴാണ് പോർട്ട്‌ഫോളിയോ ചെയ്താൽ മതിയെന്ന് ആരോ പറഞ്ഞത്. പോർട്ട്‌ഫോളിയോ ചെയ്ത് സംവിധായകരെ കാണിച്ചാൽ അവസരം ലഭിക്കുമെന്നും അറിയാൻ കഴിഞ്ഞു. ജുഹുവില്‍ പോർട്ടോഫോളിയോ ഉണ്ടാക്കി നൽകുന്ന ഏജൻസിയെ ചെന്നുകണ്ടു. നല്ല സംഖ്യയായി. ജോലി ചെയ്തുകിട്ടിയതിൽ നിന്ന് മിച്ചംപിടിച്ച കാശുവെച്ചായിരുന്നു അതിന്റെ പണം നൽകിയത്. അതിലും ചെറിയ തുകയിൽ പോർട്ട്‌ഫോളിയോ ചെയ്തുകിട്ടും എന്ന് പിന്നെയാണ് മനസിലായത്.
അവസരം നൽകാമെന്നുപറഞ്ഞ് പറ്റിക്കപ്പെട്ടിട്ടുണ്ട്
പോർട്ട്‌ഫോളിയോ തയ്യാറാക്കിയ ശേഷം അതും പിടിച്ചുള്ള അവസരം തേടലായി പിന്നെ. തിങ്കൾ മുതൽ വെള്ളിവരെ ജോലിക്കുപോകും. ശനിയും ഞായറും കാസ്റ്റിങ് ഡയറക്ടർമാരെ കാണാനും പോകും. പിന്നെ പത്രത്തിൽ ചില ദിവസങ്ങളിൽ ക്ലാസിഫൈഡ്‌സ് പേജിൽ നടന്മാരെ ആവശ്യമുണ്ട്, മോഡലുകളെ ആവശ്യമുണ്ട് എന്ന് പരസ്യം വരുമല്ലോ. അതിലെ അഡ്രസ് തപ്പിച്ചെല്ലും. അങ്ങനെ അന്വേഷിച്ചുചെന്ന് റോള്‍ വേണമെങ്കിൽ പൈസ അങ്ങോട്ട് കൊടുക്കണമെന്ന് പറഞ്ഞ അനുഭവങ്ങളൊക്കെയുണ്ട്, പറ്റിക്കപ്പെട്ടിട്ടുണ്ട്. എവിടെയാണ് ശരിയായ സ്ഥലം, ആരാണ് ജെന്യുവിൻ എന്നെല്ലാം മനസിലാക്കാൻ കുറച്ച് സമയമെടുത്തു.
നാട്ടിൽ വരുമ്പോഴും ഓഡിഷന് പോകും
ഏതൊക്കെ ഏജൻസികളും ആളുകളുമാണ് സത്യസന്ധമായി പ്രവർത്തിക്കുന്നതെന്ന് പതിയെ മനസിലായി. ചിലർ നമ്മളെ കാണുമ്പോൾ ഏതെങ്കിലും രംഗമൊക്കെ അഭിനയിപ്പിക്കും. അപ്പോൾ നമ്മൾ തയ്യാറെടുത്തുപോയ എന്തെങ്കിലും രംഗം അവതരിപ്പിക്കും. ഹിന്ദിയെ സംബന്ധിച്ച് കാസ്റ്റിങ് കുറച്ചുകൂടി പക്വത വന്ന ഇൻഡസ്ട്രിയാണ്. നൂറുകണക്കിന് കാസ്റ്റിങ് ഡയറക്ടർമാരും ഏജൻസികളുമുണ്ടവിടെ. 90 ശതമാനം കാസ്റ്റിങ് നടക്കുന്നതും കാസ്റ്റിങ് ഡയറക്ടർമാർ വഴിയാണ്. ലീവെടുത്ത് നാട്ടിൽ വരുമ്പോഴും ഓഡിഷന് പോകുമായിരുന്നു.
അഭിനയിക്കാനുള്ള ആക്രാന്തം തീർത്തത് പരസ്യചിത്രങ്ങളിലൂടെ
ആദ്യം അവസരങ്ങൾ ലഭിച്ചത് പരസ്യങ്ങളിലാണ്. പരസ്യങ്ങളുടെ ഓഡിഷന് പോയിത്തുടങ്ങി. അറുപതോളം ഓഡിഷനിൽ നിന്ന് പുറത്തായശേഷമാണ് ആദ്യത്തെ പരസ്യത്തിൽ അവസരം ലഭിക്കുന്നത്. ആ പരസ്യം കാണിച്ചാണ് പിന്നീട് മുന്നോട്ടുപോയത്. അവിടുന്നങ്ങോട്ട് രാജ്യത്തെ പ്രമുഖ ബ്രാൻഡുകൾക്കെല്ലാം വേണ്ടി പരസ്യചിത്രങ്ങളിൽ അഭിനയിക്കാൻ സാധിച്ചു. എൺപതിലേറെ ബോളിവുഡ് പരസ്യ സിനിമകൾ ഇതുവരെ ചെയ്തു. അഭിനയിക്കാനുള്ള ആക്രാന്തം ഒരുപരിധിവരെ തീർത്തിരുന്നത് പരസ്യചിത്രങ്ങളിലൂടെയായിരുന്നു. എന്റെ ശബ്ദം ആളുകൾ തിരിച്ചറിഞ്ഞുതുടങ്ങി. ഒരു ചിത്രീകരണത്തിന് പോയപ്പോൾ എന്റെ കൂടെ അഭിനയിച്ചിരുന്ന ഒരാൾ, അദ്ദേഹം സ്വയം ഡബ്ബ് ചെയ്യുമായിരുന്നു, എന്നോട് എന്റേത് നല്ല ശബ്ദമാണെന്ന് പറഞ്ഞു. എന്നിട്ട് ഒരു ഡബ്ബിങ് കോർഡിനേറ്ററെ അദ്ദേഹം പരിചയപ്പെടുത്തിത്തന്നു. അത് വിജയമായതോടെ ഡബ്ബ് ചെയ്യാനും അവസരം ലഭിച്ചുതുടങ്ങി. അഭിനയത്തെ നന്നായി സഹായിക്കും എന്നതുകൊണ്ട് ഡബ്ബിങ് ഞാൻ വളരെ നന്നായി ആസ്വദിച്ചിരുന്നു. മലയാളത്തിലായിരുന്നു ശബ്ദം നൽകിയിരുന്നത്. ലഭിക്കുന്ന കലാ അനുബന്ധമായ എന്ത് അവസരങ്ങളും സ്വീകരിച്ചിരുന്നു. കോർപ്പറേറ്റ് ആങ്കറിങ് ഉൾപ്പെടെ ചെയ്തു.
ആദ്യത്തെ മലയാളചിത്രം കണ്ണൂർ സ്‌ക്വാഡ് അല്ല
ഒരു ടാലന്റ് ഷോയിൽ ഇടക്കാലത്ത് പങ്കെടുത്തിരുന്നു. അതിലെ ഫസ്റ്റ് റണ്ണറപ്പായിരുന്നു ഞാൻ. ഷാജി കൈലാസ് സാർ, മണിയൻപിള്ള രാജു സാർ, രാജസേനൻ സാർ, ടി.കെ. രാജീവ് കുമാർ സാർ എന്നിവരായിരുന്നു. ആ ഷോയിൽ നമ്മുടെ ലുക്കും പേഴ്‌സണാലിറ്റിയും മാത്രമല്ല, അഭിനയിക്കാനുള്ള കഴിവും നോക്കിയിരുന്നു. സിനിമയെ ഗൗരവമായി കാണണമെന്ന് അന്ന് ജഡ്ജസ് പറഞ്ഞിരുന്നു. അതൊക്കെ ആത്മവിശ്വാസം വർധിക്കാൻ ഏറെ സഹായിച്ചു. ഇത് കണ്ടിട്ട് ഒരു സുഹൃത്ത് മുഖേന മലയാളത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. ചേകവർ എന്ന ചിത്രമായിരുന്നു അത്. ഡയലോഗ് ഒന്നുമില്ലാത്ത ചെറിയൊരു വേഷമായിരുന്നു. സുഹൃത്ത് വഴിയായിരുന്നു അവസരം ലഭിച്ചത്. ആകെ ബാക്കിയുണ്ടായിരുന്ന ഒരേയൊരു ചെറിയ വേഷമാണ് എനിക്ക് കിട്ടിയത്. പിന്നീട് കർമയോദ്ധാ, ഓർഡിനറി തുടങ്ങിയ ചിത്രങ്ങളിലും ചെറുവേഷങ്ങൾ ചെയ്തു. സുഹൃത്തുക്കളുടെ സഹായംകൊണ്ടും ഓഡിഷന് പോയിട്ടുമാണ് ഇതുവരെ വന്ന അവസരങ്ങളെല്ലാം കിട്ടിയത്.
റോക്കട്രിയിലെ വീർ ആകാൻ മാധവന്റെ ക്ഷണം
മുംബൈയിൽ പരസ്യരംഗത്ത് അത്യാവശ്യം അറിയപ്പെട്ടുതുടങ്ങി. ഞാനഭിനയിച്ച പരസ്യങ്ങളിലൊന്ന് ശ്രദ്ധിച്ച ഒരു കാസ്റ്റിങ് ഡയറക്ടറാണ് റോക്കട്രി എന്ന ചിത്രത്തിലേക്ക് ക്ഷണിച്ചത്. അതിലേക്കുള്ള തിരഞ്ഞെടുപ്പും ഓഡിഷൻ വഴിയായിരുന്നു. തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകൾ ഒരേപോലെ കൈകാര്യം ചെയ്യാനറിയുന്ന നടന്മാർ വേണമായിരുന്നു. രണ്ട് മിനിറ്റിൽ നിർത്താതെ ഈ മൂന്ന് ഭാഷകളും ഇടകലർത്തി സംസാരിക്കണം എന്നതായിരുന്നു ഓഡിഷന് ആവശ്യപ്പെട്ടത്. ഇങ്ങനെ സംസാരിക്കുന്ന വീഡിയോ എടുത്ത് അവർക്കയച്ചുകൊടുത്തു. മാധവന്റെ ഐഡിയയായിരുന്നു അത്. വീർ എന്നാണ് റോക്കട്രിയിൽ ഞാനവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. മാധവൻ അവതരിപ്പിച്ച നമ്പി നാരായണന്റെ സുഹൃത്തും സഹപ്രവർത്തകനുമായ കഥാപാത്രമായിരുന്നു.
മാധവൻ എന്ന നടനും സംവിധായകനും
സംവിധാനവും അഭിനയവും മാത്രമായിരുന്നില്ല നിർമാണവും മാധവൻ തന്നെയായിരുന്നു. വളരെ ഊർജസ്വലനായ മനുഷ്യനാണ് അദ്ദേഹം. എന്താണ് വേണ്ടതെന്ന് വ്യക്തമായറിയാം. മണിരത്‌നം സ്‌കൂളിൽ നിന്ന് വരുന്നയാളല്ലേ. പിറ്റേന്നത്തെ ചിത്രീകരണത്തിന് തലേദിവസം രാത്രി റിഹേഴ്‌സൽ ചെയ്യിക്കും. മാഡി സാർ ഉൾപ്പെടെ എല്ലാവരും ഒരുമിച്ചാണ് തിരക്കഥ വായിക്കുക. മൂന്ന് ഭാഷയിലേയും സംഭാഷണങ്ങളാണ് റിഹേഴ്‌സലിനുണ്ടാവുക. എന്നിട്ടാണ് ഷൂട്ടിങ്ങിന് ഇറങ്ങുക. വിദേശരാജ്യത്തെ ചിത്രീകരണത്തിനൊക്കെ ഈ സെഷനുകൾ വളരെയധികം ഗുണം ചെയ്തിരുന്നു. സെർബിയയുടെ തലസ്ഥാനമായ ബെൽഗ്രേഡ് എന്ന സ്ഥലത്തായിരുന്നു ഷൂട്ട്. കാരണം അവിടത്തെ കെട്ടിടങ്ങൾക്കെല്ലാം ഒരു ഫ്രഞ്ച് സാമ്യമുണ്ട്. പോരാത്തതിന് സിനിമാ ചിത്രീകരണത്തിന് സബ്‌സിഡിയും കൊടുക്കുന്നുണ്ട്. റീ ടേക്കിനൊന്നും വലിയ സമയമില്ലാത്തതുകൊണ്ടാണ് അവർ അനുഭവസമ്പത്തുള്ള ആളുകളെ തിരഞ്ഞെടുക്കുന്നത്. ആക്ഷൻ തമിഴ് എന്ന് കമാൻഡ് വന്നുകഴിഞ്ഞാൽ തമിഴിൽ ഡയലോഗ് പറഞ്ഞ് സീൻ മുഴുമിപ്പിക്കണം. അതേ രീതിയിലാണ് മറ്റ് ഭാഷകളിലും മാധവൻ സിനിമ പൂർത്തിയാക്കിയത്. ചെയ്യുന്ന സിനിമയോടുള്ള ഭ്രാന്തമായ അഭിനിവേശമാണത്. നടൻ, സംവിധായകൻ, നിർമാതാവ് എന്നിങ്ങനെയുള്ള വേഷങ്ങളിലേക്ക് അദ്ദേഹം മാറുന്നത് കാണേണ്ടതുതന്നെയാണ്.
യോഗേഷ് എനിക്ക് ചെയ്യാനാകും എന്ന് റോബിക്ക് വിശ്വാസമുണ്ടായിരുന്നു
റോബി വർഗീസ് രാജിന് എന്റെ പഴയ വര്‍ക്കുകളെ കുറിച്ച് അറിയാമായിരുന്നു. കണ്ണൂർ സ്‌ക്വാഡിലേക്ക് വന്നപ്പോഴും ഓഡിഷനുണ്ടായിരുന്നു. യോഗേഷ് എന്ന കഥാപാത്രം എനിക്ക് നന്നായി ചെയ്യാനാവും എന്ന് അദ്ദേഹത്തിന് വിശ്വാസമുണ്ടായിരുന്നു. ന്യൂട്രൽ മുഖമാണ് എനിക്കെന്നാണ് അവർ പറഞ്ഞത്. അതായത് ഒന്ന് ഒരുക്കിയെടുത്താൽ ദക്ഷിണേന്ത്യൻ കഥാപാത്രവുമാവാം, ഉത്തരേന്ത്യൻ കഥാപാത്രവുമാവാം. ഈ സിനിമയ്ക്കുവേണ്ടി താടിയെടുക്കുകയും തലമുടി പ്രത്യേകരീതിയിൽ ചീകുകയും ചെയ്തതോടെ ഞാനൊരു ഉത്തരേന്ത്യൻ പോലീസുകാരനായി. ഹിന്ദി അറിയാവുന്നതുകൊണ്ട് യു.പി സ്ലാങ് ഒന്ന് മിനുക്കിയെടുക്കേണ്ടതായേ വന്നുള്ളൂ. യോഗേഷായി എന്നെ തിരഞ്ഞെടുക്കാനായി മമ്മൂക്കയും സമ്മതിച്ചു. ആദ്യം റോബി സിനിമയെക്കുറിച്ച് വിവരിച്ചുതന്നു. പിന്നെ തിരക്കഥ മുഴുവനായി വായിക്കുകയും ചെയ്തതോടെ യോഗേഷ് എന്ന കഥാപാത്രം വളരെയേറെ പ്രാധാന്യമുള്ളതാണെന്ന് മനസിലായി. യോഗേഷ് പറയുമ്പോഴാണ് പല കാര്യങ്ങളും മമ്മൂക്ക അവതരിപ്പിക്കുന്ന ജോർജ് സാറിന് മനസിലാവുന്നത്.
മലയാളിയാണെന്ന് പറയുമ്പോൾ പലർക്കും അദ്ഭുതം
ഭൂരിഭാഗം ആളുകളും വിചാരിച്ചിരിക്കുന്നത് ഞാൻ അന്യഭാഷാ നടന്മാർക്കൊപ്പമുള്ള ഒരാളാണെന്നാണ്. പക്ഷേ ചിലർ മനസിലാക്കുന്നുണ്ട്. ആദ്യത്തെ ഷോ കൊച്ചിയിലെ തിയേറ്ററിൽ നിന്ന് കണ്ടിറങ്ങുമ്പോൾ ഒന്ന് രണ്ട് പേർ തിരിച്ചറിഞ്ഞ് അടുത്തുവന്നിട്ട് ‘ആപ് അച്ഛാ ഹേ’ എന്നൊക്കെ തപ്പിത്തടഞ്ഞ് ഹിന്ദിയിൽ പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു ഹിന്ദി വേണ്ട ഞാൻ മലയാളിതന്നെയാണെന്ന്. അതുകേട്ടപ്പോൾ അവർ ശരിക്ക് അദ്ഭുതപ്പെട്ടുപോയി.
സെറ്റിൽ മമ്മൂക്കയെ നിരീക്ഷിക്കലായിരുന്നു പ്രധാന ജോലി
മലയാളം സിനിമയിൽ ഇത്രയും വലിയ റോൾ ആദ്യമായാണ് എനിക്ക് കിട്ടുന്നത്. അതും ഇത്രയും വലിയ നടന്റെ കൂടെ. ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധകനാണ്. മെത്തേഡ് ആക്ടറാണല്ലോ അദ്ദേഹം. നന്നായി വർക്ക് ചെയ്താണ് ഓരോ കഥാപാത്രത്തേയും അദ്ദേഹം മികച്ചതാക്കുന്നത്. മമ്മൂക്കയെ നിരീക്ഷിക്കുക എന്നതായിരുന്നു സെറ്റിലെ എന്റെ പ്രധാനപരിപാടി. അദ്ദേഹം വന്ന് തിരിച്ചുപോവുംവരെ ക്യാമറയ്ക്ക് മുന്നിലെങ്ങനെയാണെന്നും, അല്ലാത്തപ്പോൾ എങ്ങനെയാണെന്നും, കാര്യങ്ങളെ എങ്ങനെയാണ് സമീപിക്കുന്നതെന്നും കണ്ടുപഠിക്കുകയായിരുന്നു ഞാൻ. റോക്കട്രിയിൽ മാഡി സാർ മൂന്ന് റോളായിരുന്നെങ്കിൽ ഇവിടെ മമ്മൂക്കയ്ക്ക് നടൻ, നിർമാതാവ് എന്നിങ്ങനെ രണ്ട് വേഷമായിരുന്നു. അദ്ദേഹം ക്യാമറയ്ക്ക് മുന്നിലേക്ക് വരുന്നതും അഭിനയിക്കുന്നതും മടങ്ങുന്നതും കാണാൻ പ്രത്യേക രസമാണ്. കോസ്റ്റിയൂമില്‍ സെറ്റിലേക്ക് വരുമ്പോൾത്തന്നെ കഥാപാത്രമാവുകയാണ്. തിരക്കഥയിലെഴുതിയതിന്റെ മൂന്നുമടങ്ങാണ് പുറത്തേക്ക് വരുന്നത്.
തിരക്കഥയിൽ ഇല്ലാതിരുന്ന കെട്ടിപ്പിടിത്തം
തിരക്കഥയിൽ ഇല്ലാതിരുന്ന രംഗമായിരുന്നു അത്. യോഗേഷിന് കൈ കൊടുത്ത് നന്ദിപറഞ്ഞുകൊണ്ട് ജോർജും കൂട്ടരും സൈനിക വാഹനത്തിൽക്കയറി പോകുന്നു എന്നാണ് തിരക്കഥയിൽ ഏകദേശം എഴുതിയിരുന്നത്. ആക്ഷൻ പറഞ്ഞപ്പോൾ ഞാനെന്റെ ഉള്ളിന്റെ ഉള്ളിൽ നിന്ന്, ആത്മാർത്ഥമായി ഒരു സല്യൂട്ട് മമ്മൂക്കയ്ക്ക് കൊടുത്തു. മമ്മൂക്ക വന്ന് എന്നെ കെട്ടിയങ്ങ് പിടിച്ചു. എനിക്കാണെങ്കിൽ ഞെട്ടലും കോരിത്തരിക്കലും ഒരുമിച്ചാണ് വന്നത്. സ്‌ക്രിപ്റ്റിൽ ഇല്ലാതിരുന്നതിനാൽ ഇങ്ങനെയൊന്ന് തീരെ പ്രതീക്ഷിക്കുന്നില്ല. തിരക്കഥയിൽ ഉള്ളപോലെ കയ്യുംതന്ന് പോയാൽ മതിയായിരുന്നു പുള്ളിക്ക്. സെറ്റിലുള്ള എല്ലാവരും അന്തംവിട്ട് നോക്കിനിൽക്കുകയായിരുന്നു. ഓൺസ്‌പോട്ട് ഇംപ്രവൈസേഷനാണ്. അദ്ദേഹം ആളുകൾക്ക് ഇഷ്ടപ്പെടും എന്ന് മനസിലാക്കി ചെയ്തതായിരിക്കാം. അത്രയും നേരം കൂടെ നിന്ന കോൺസ്റ്റബിൾ കഥാപാത്രത്തെ ജോർജ് കെട്ടിപ്പിടിച്ചാൽ ജനങ്ങള്‍ക്ക് അത് കണക്ടാവും എന്ന് അദ്ദേഹം വിചാരിച്ചിരിക്കണം.
നന്നായി ചെയ്തതിന്റെ ഫലം കിട്ടി
എന്നെ ആ മൂന്നുപേരും ചേർന്ന് അവരുടെ ഭാഗമാക്കിയിരുന്നു. ഓഫ് സ്‌ക്രീനിൽപ്പോലും എനിക്കങ്ങനെ തോന്നിയിരുന്നു. മുഴുവൻ സമയവും അവരെന്നെ കൂടെ കൂട്ടി. ഒരുപാട് സിനിമകളിൽ അഭിനയിച്ച് എക്‌സ്പീരിയൻസ് ഉള്ളവരാണവരെല്ലാം. ഒരു തുടക്കക്കാരനാണ് ഞാനെന്ന് ഒരിക്കലും തോന്നിച്ചിട്ടില്ല. അവർക്കൊപ്പമുള്ള ഓരോ ദിവസവും ആസ്വദിച്ചിരുന്നു. ഒരു എഴുത്തുകാരന്റെ കാഴ്ചപ്പാടിൽ താനെന്താണ് കാണുന്നതെന്ന് തിരക്കഥാകൃത്തുക്കളിലൊരാളായ റോണിച്ചേട്ടൻ പറഞ്ഞുതന്നിരുന്നു. അതിനെ യോഗേഷ് എന്ന കഥാപാത്രത്തിലൂടെ ഡെലിവർ ചെയ്യുക എന്നതായിരുന്നു എന്റെ ചുമതല. നന്നായി തയ്യാറെടുത്തിട്ടാണ് എല്ലാം ചെയ്തത്. ഉള്ളിൽ മലയാളിയാണെങ്കിലും കഥാപാത്രം ഉത്തരേന്ത്യനാണ്. നില്‍പ്, നടപ്പ്, ആംഗ്യങ്ങള്‍, സംസാരശൈലി എന്നിവയെല്ലാം നോക്കണമല്ലോ. നന്നായി ചെയ്തതിന്റെ ഫലം കിട്ടി.
ആദ്യം ചെയ്തത് സംഘട്ടനരംഗം
കണ്ണൂർ സ്‌ക്വാഡിൽ ജോയിൻ ചെയ്ത് ആദ്യം ചെയ്യുന്നത് ടിക്രി ഗ്രാമത്തിൽ നടക്കുന്ന സംഘട്ടനരംഗമാണ്. തുടക്കംതന്നെ തീക്കളിയാവുമ്പോൾ ബാക്കിയുള്ളത് കുറച്ച് ലളിതമാവുമല്ലോ. മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തിലാണ് അതിന്റെ ഭൂരിഭാഗം രംഗങ്ങളും ഷൂട്ട് ചെയ്തത്. കുറച്ചുഭാഗങ്ങൾ കൊച്ചിയിലും. തീ വെച്ചുള്ള സീനുകൾ മുംബൈയിലെ ഗ്രാമത്തിൽ വെച്ചെടുക്കാൻ പറ്റില്ല എന്നതുകൊണ്ടായിരുന്നു അത്. കൊച്ചിയിൽ ആർട്ട് ഡയറക്ടർ ഷാജി നടുവിൽ ഒരു സെറ്റുണ്ടാക്കി. അവിടെയാണ് ആദ്യം ഞാൻ ജോയിൻ ചെയ്തത്. സാധാരണ ഒരു സെറ്റിലെത്തുമ്പോൾ ചെറിയ രംഗങ്ങൾ ചെയ്യാനും ഒന്നുരണ്ട് ദിവസം മറ്റുള്ളവരുമായി ഇടപഴകാനുമെല്ലാം അവസരം ലഭിക്കും. ഇവിടെ നേരെ സിനിമയിലെ ഏറ്റവും നിർണായകമായ രംഗത്തിലേക്ക് കയറുകയാണ്. ആദ്യ ഷോട്ട്മുതലേ കഥാപാത്രമായേ പറ്റൂ.
സുപ്രീം സുന്ദർ സാറാണ് ആ രംഗം ചെയ്തത്. ഓരോ പ്രധാന കഥാപാത്രവും ചെയ്യേണ്ട ആക്ഷൻ പുള്ളി പ്രത്യേകം കോറിയോഗ്രഫി ചെയ്തിരുന്നു. ശബരീഷിനും റോണിക്കും അസീസിനും എനിക്കും പ്രത്യേകം ആക്ഷൻ അസിസ്റ്റന്റുമാരുണ്ടായിരുന്നു. മമ്മൂക്കയ്ക്ക് സുന്ദർ സാർ നേരിട്ട് ചുവടുകൾ പറഞ്ഞുകൊടുത്തു. ഓരോരുത്തരും ആ സീനിൽ എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായി പരിശീലിപ്പിച്ചിരുന്നു. വൈകീട്ട് ആറുമുതൽ രാവിലെ ആറുവരെയാണ് ഷൂട്ട്. ഒരാളുടെ ആക്ഷൻ പരിശീലനം ശരിയായാൽ ഉടനെ ഷൂട്ട് ചെയ്യും. ഓരോരുത്തരേയും വെവ്വേറെ പഠിപ്പിക്കും. അത് ശരിയായാൽ ഒരുമിച്ച് ചെയ്യിക്കും. റിഹേഴ്‌സലും ചെയ്തശേഷമാണ് ഫൈനൽ ചിത്രീകരണം നടത്തുക. വില്ലേജ് ഫൈറ്റ് മാത്രം 20-ഓളം ദിവസമെടുത്താണ് ചിത്രീകരിച്ചത്. 20 മിനിറ്റുണ്ട് ആ ഫൈറ്റ് സീൻ. അതിലും കൂടുതലുണ്ടായിരുന്നു അതിന്. പടത്തിന്റെ സമയദൈർഘ്യം കണക്കിലെടുത്ത് വെട്ടിച്ചുരുക്കിയതാണ്.
തണുപ്പും പനിയും അതിജീവിച്ച് ചിത്രീകരണം
ടിക്രി വില്ലേജിൽ മുമ്പും സിനിമകൾ ഷൂട്ട് ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ സിനിമാ ചിത്രീകരണം അവിടത്തെ ജനങ്ങൾക്ക് സുപരിചിതവുമാണ്. ഷൂട്ടുള്ള ദിവസമാണെങ്കിൽ അവർ വാതിലടച്ച് വീട്ടിലിരുന്ന് സഹകരിക്കും. ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടലിൽ നിന്ന് ഒന്നര മണിക്കൂർ യാത്രചെയ്യണം. രണ്ട് മലനിരകളും ഹെയർപിൻ വളവുകളും കടന്നുവേണം അവിടെയെത്താൻ. വൈകീട്ട് ആറുമണിക്ക് ചിത്രീകരണം തുടങ്ങണമെങ്കിൽ നാലുമണിക്കേ ഹോട്ടലിൽനിന്ന് പുറപ്പെടണം. പിന്നെ പുലർച്ചെ ആറുമണിവരെ ജോലിയാണ്. പത്ത് ഡിഗ്രി സെൽഷ്യസാണ് തണുപ്പ്. പോരാത്തതിന് ഭീകരമായ പൊടിയും. ഓരോരുത്തർക്കും അസുഖം വന്നുകൊണ്ടിരുന്നു. ക്ലൈമാക്‌സ് ചിത്രീകരണസമയത്ത് എനിക്ക് ഭയങ്കര പനിയും ചുമയുമായിരുന്നു. മമ്മൂക്കയുടെ കൂടെയുള്ള ആക്ഷൻ സീനാണ്. ഒരു വിട്ടുവീഴ്ചയും സാധ്യമല്ല. രാവിലെ ആശുപത്രിയിൽപ്പോയി ഇഞ്ചക്ഷനെടുത്താണ് സെറ്റിലെത്തിയിരുന്നത്. ആ അധ്വാനത്തിന്റെ ഗുണംകിട്ടി.
https://www.youtube.com/watch?v=Uwx-44J0Jms
പക്കാ പ്രൊഫഷണലാണ് മമ്മൂട്ടി കമ്പനി
മമ്മൂട്ടിയെ കമ്പനിയെ ശരിക്ക് അഭിനന്ദിക്കണം. ഞാൻ അവരെ താരതമ്യം ചെയ്യുന്നത് ഞാൻ മുമ്പ് ജോലി ചെയ്തിട്ടുള്ള പ്രൊഡക്ഷൻ കമ്പനികളോടാണ്. വളരെ പ്രൊഫഷണലായാണ് മമ്മൂട്ടി കമ്പനി എല്ലാവരേയും ശ്രദ്ധിച്ചിരുന്നത്. നടീനടന്മാരെ നോക്കുന്നത് കണ്ട് മതിപ്പുതോന്നി. എനിക്ക് 30 ദിവസത്തെ ഷൂട്ടുണ്ടായിരുന്നു. യാത്രകൾ, താമസം, ഭക്ഷണം പോലുള്ള അടിസ്ഥാനകാര്യങ്ങൾ മുതൽ നമ്മളെയെങ്ങനെ കംഫർട്ട് ആക്കണം എന്നിങ്ങനെയുള്ള എല്ലാ കാര്യങ്ങളും നന്നായി ശ്രദ്ധിച്ചിരുന്നു. എല്ലാവരും ഞങ്ങളെ നന്നായാണ് നോക്കിയത്. അങ്ങനെയൊരു ടീമിനൊപ്പം ജോലി ചെയ്യാനായതിൽ അഭിമാനം തോന്നുന്നു.
ഇത്രയും നല്ല സ്വീകരണം ആദ്യത്തെ അനുഭവം
സിനിമയ്ക്ക് ഇത്ര നല്ല സ്വീകരണം ലഭിക്കുന്നതിൽ സന്തോഷമുണ്ട്. എനിക്കിത് ആദ്യത്തെ അനുഭവമാണ്. ഒരുപാടുപേർ മെസേജ് അയക്കുന്നുണ്ട്. മലയാളിയാണെന്നറിഞ്ഞ് നമ്പർ തപ്പിപ്പിടിച്ച് വിളിക്കുന്നുണ്ട്. സോഷ്യല്‍മീഡിയയില്‍ പലരും മെൻഷൻ ചെയ്യുന്നുണ്ട്. പലരും ആദ്യം വിളിക്കാതിരുന്നത് എന്നോട് ഹിന്ദിയിൽ സംസാരിക്കേണ്ടി വരുമോ എന്ന സംശയംകൊണ്ടായിരുന്നു. പിന്നെ പുതിയ ഒരു വെബ്‌സീരീസ് ചെയ്തു. ഷൂട്ടെല്ലാം കഴിഞ്ഞു. വരും മാസങ്ങളിൽ അത് റിലീസ് ചെയ്യും. പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. നെറ്റ്ഫ്‌ളിക്‌സിലെ ഡൽഹി ക്രൈമിന്റെ സംവിധായകന്റെ നേതൃത്വത്തിൽ വരുന്ന സീരീസാണ്. റോഷൻ മാത്യുവും ഞാനും നിമിഷ സജയനുമാണ് മുഖ്യവേഷങ്ങളിൽ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം