ബംഗളൂരു: കർണാടക-തമിഴ്നാട് അതിർത്തിയായ അത്തിബലെയിൽ ശ്രീ ബാലാജി ട്രേഡേഴ്സിന്റെ ഉടമസ്ഥതയിലുള്ള പടക്ക ഗോഡൗണിന് തീപിടിച്ചുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. അപകടം നടന്ന ശനിയാഴ്ച 12പേരുടെ മരണം സ്ഥിരീകരിച്ചിരുന്നു. ഞായറാഴ്ച രാവിലെ രണ്ടുപേരുടെ മൃതദേഹങ്ങൾകൂടി രക്ഷാപ്രവർത്തകർ കണ്ടെടുത്തു. പരിക്കേറ്റ ഏഴുപേർ ചികിത്സയിലാണ്.
സംഭവത്തിൽ ഗോഡൗൺ ഉടമയടക്കം അഞ്ചുപേരെ പ്രതികളാക്കി അത്തിബലെ പൊലീസ് കേസെടുത്തു. കേസിൽ ഇതുവരെ രണ്ടുപേർ അറസ്റ്റിലായി. അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്കായി കർണാടക സർക്കാർ അഞ്ചു ലക്ഷവും തമിഴ്നാട് സർക്കാർ മൂന്നു ലക്ഷവും സഹായധനം പ്രഖ്യാപിച്ചു. ശനിയാഴ്ച വൈകീട്ട് 3.30 ഓടെ ലോറിയിൽനിന്ന് പടക്കപ്പെട്ടികൾ ഇറക്കുന്നതിനിടെയാണ് അപകടം.
മരിച്ചവരിൽ 12 പേർ തമിഴ്നാട് സ്വദേശികളാണ്. ഇവർ എട്ടു ദിവസം മുമ്പാണ് ഗോഡൗണിൽ ജോലിക്കായി എത്തിയത്. വിദ്യാർഥികളും കൂട്ടത്തിലുണ്ടായിരുന്നു. പഠനമാർഗം കണ്ടെത്താനായാണ് ഇവർ തൊഴിലിനെത്തിയത്. ഗോഡൗണിനോട് ചേർന്ന മുറിയിലായിരുന്നു എല്ലാവരുടെയും താമസം. ദീപാവലി സീസൺ മുന്നിൽകണ്ട് വൻതോതിൽ പടക്കങ്ങൾ ഇവിടെ ശേഖരിച്ചിരുന്നതായാണ് വിവരം.
പുതിയ ലോഡ് ഇറക്കാൻ 10 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ബാക്കിയുള്ളവർ പെട്ടികൾ ഗോഡൗണിൽ അടുക്കിവെക്കുന്ന ജോലിയിലായിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി തീപടർന്നാണ് അപകടമെന്ന് കരുതുന്നു. പടക്കപ്പെട്ടികൾ ഇറക്കുമ്പോൾ ഗോഡൗണിന് സമീപത്തെ ഹൈടെൻഷൻ ലൈനുമായി സമ്പർക്കമുണ്ടായതാവാം തീപിടിത്തത്തിന് കാരണമെന്നാണ് അഗ്നിരക്ഷ സേനയുടെ നിഗമനം.അപകടം സംഭവിച്ചയുടൻ ഗോഡൗണിന്റെ മുൻഭാഗത്തുണ്ടായിരുന്ന തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു.
എന്നാൽ, അകത്തുണ്ടായിരുന്ന തൊഴിലാളികൾ വെന്തമരുകയായിരുന്നു. 15 പേരാണ് അകത്തുണ്ടായിരുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് സൂപ്രണ്ട് മല്ലികാർജുൻ ബലദന്ദി പറഞ്ഞു. ശനിയാഴ്ച രാത്രി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ സ്ഥലം സന്ദർശിച്ചിരുന്നു. കടയുടമക്ക് പടക്കക്കട നടത്താനുള്ള ലൈസൻസ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അനധികൃതമായാണ് ഗോഡൗൺ നടത്തിയതെന്നും ഇത്തരം കേന്ദ്രങ്ങളിൽ സുരക്ഷ ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച രാവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യയും അപകടസ്ഥലം സന്ദർശിച്ചു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം