ന്യൂഡല്‍ഹി: ഇസ്രായേൽ – പലസ്തീൻ യുദ്ധ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് സ്ഥിതി നിരീക്ഷിക്കുകയാണെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്. ഒഴിപ്പിക്കൽ നടപടി വേണ്ടിവന്നാൽ തയാറെടുക്കാനുള്ള നിർദ്ദേശം വ്യോമ – നാവിക സേനകൾക്ക് നൽകിയിട്ടുണ്ട്.
ഇസ്രയേൽ ഹമാസ് സംഘർഷം രൂക്ഷമാകുന്നെങ്കിലും ഒഴിപ്പിക്കൽ നടപടികളിലേക്ക് കടക്കാറായിട്ടില്ലെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. എന്നാൽ അത്തരം നടപടി വേണ്ടിവരുന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ നീങ്ങിയാൽ സേനകൾ സജ്ജമായിരിക്കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.
മുൻകരുതലെന്ന നിലയ്ക്കാണ് വ്യോമസേനയ്ക്കും നാവിക സേനയ്ക്കും ജാഗ്രത നിർദേശം നൽകിയത്. സ്ഥിതി ഗുരുതരമായി തുടരുകയാണെങ്കിൽ ഒഴിപ്പിക്കൽ നടപടികളിലേക്ക് കടന്നേക്കും. ഇസ്രയേലിലെ ഇന്ത്യാക്കാർക്ക് ഇന്നലെതന്നെ ജാഗ്രതാ നിർദേശം നൽകിയിരുന്നു. പലസ്തീനിലെ ഇന്ത്യാക്കാർക്കും അത്യാവശ്യ ഘട്ടങ്ങളിൽ ബന്ധപ്പെടാൻ ഹെല്പ് ലൈൻ നമ്പറുകളടക്കം പുറത്തിറക്കിയിട്ടുണ്ട്.