ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന വിഷയം സുപ്രിംകോടതി ഉടൻ പരിഗണിക്കില്ല. 12ന് സുപ്രീംകോടതിയുടെ ഒൻപതംഗ ബെഞ്ച് പരിഗണിക്കുന്ന ഹർജികളുടെ പട്ടികയിൽ ശബരിമല യുവതി പ്രവേശന വിഷയം ഉൾപ്പെട്ടിട്ടില്ല.
9 അംഗ ബെഞ്ച് പരിഗണിക്കുന്ന മറ്റ് നാല് കേസുകളാണ് പട്ടികയിൽ ഉള്ളത്. 7 അംഗ ബെഞ്ച് പരിഗണിക്കുന്ന 6 കേസുകളും സുപ്രീംകോടതി 12 ന് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ശിവസേന കേസ് ഉൾപ്പെട്ടിട്ടുണ്ട്.
2018 സെപ്‌തംബർ 28നാണ് ശബരിമല യുവതീപ്രവേശനം അനുവദിച്ചുള്ള ചരിത്രവിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്. പിന്നീട് വിഷയം പരിഗണിച്ച അഞ്ചംഗ ബെഞ്ച് ഹർജികൾ വിശാല ബെഞ്ചിന്റെ പരിഗണനയ്‌ക്ക് വിടുകയായിരുന്നു.
ഒൻപതംഗ ബെഞ്ച് പരിഗണിക്കുന്ന നാല് കേസുകൾ മാത്രമാണ് ലിസ്റ്റ് ചെയ്‌തിരിക്കുന്നത്. ഏഴംഗ ബെഞ്ച് പരിഗണിക്കുന്ന ആറ് കേസുകളും ലിസ്റ്റ് ചെയ്‌തിട്ടുണ്ട്. നിലവിൽ ശബരിമല യുവതി പ്രവേശന വിഷയത്തിൽ കോടതി പരിഗണിയ്‌ക്കുന്ന വിഷയങ്ങൾ ഇവയെല്ലാമാണ്.
1. യുവതി പ്രവേശനം അനുവദിച്ചുകൊണ്ട് 2018 സെപ്തംബർ 28ന് പുറപ്പെടുവിച്ച വിധിക്കെതിരായ ഹർജികൾ.
2. യുവതി പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യംഗ് ലായേഴ്സ് അസോസിയേഷൻ 2006ൽ നൽകിയ ഹർജി.
3. വിധി നടപ്പാക്കുന്നതിന് സാവകാശം തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകിയ അപേക്ഷ.
1990ൽ എസ്.മഹേന്ദ്രൻ ഹൈക്കോടതിയിലെ ഒരു ജഡ്ജിക്ക് അയച്ച ഒരു കത്ത് പൊതുതാൽപര്യ ഹർജിയായി ഹൈക്കോടതി പരിഗണിച്ചതോടെയാണ് ശബരിമല സ്ത്രീപ്രവേശന വിഷയം കോടതി കയറിയത്.
ശബരിമലയിൽ യുവതികൾ കയറി പ്രാർത്ഥന നടത്തുന്നെന്നും വി.ഐ.പികളുടെ ഭാര്യമാർക്ക് പ്രത്യേക പരിഗണന നൽകുന്നെന്നും ചൂണ്ടിക്കാട്ടി ദേവസ്വം മുൻ കമ്മിഷണർ ചന്ദ്രികയുടെ പേരക്കുട്ടിയുടെ ചോറൂണ് ഉദാഹരണമാക്കിയാണ് മഹേന്ദ്രൻ കത്തയച്ചത്. ചന്ദ്രികയും മകളും സ്ത്രീകളുൾപ്പെടെ ബന്ധുക്കൾ ചടങ്ങിൽ പങ്കെടുക്കുന്ന 1990ആഗസ്റ്റ് 19ന് പത്രത്തിൽ വന്ന ചിത്രവും കത്തിനൊപ്പമുണ്ടായിരുന്നു. ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസയച്ച് ഹൈക്കോടതി സ്വമേധയാ കേസെടുത്തു.
2006ൽ ശബരിമലയിലെ സ്ത്രീ പ്രവേശനം ഇന്ത്യൻ യംഗ് ലായേഴ്സ് അസോസിയേഷന്റെ റിട്ട് ഹർജിയായി സുപ്രീം കോടതിയിലെത്തി. ഇതിൽ സംസ്ഥാന സർക്കാരിനെ എതിർകക്ഷിയാക്കി. സുപ്രീം കോടതി സർക്കാരിനോട് അഭിപ്രായം തേടി. 2007നവംബർ13ന് വി.എസ്.അച്യുതാനന്ദൻ സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു. പിന്നീടു വന്ന യു.ഡി.എഫ് സർക്കാർ ഈ സത്യവാങ്മൂലം പിൻവലിച്ച് സ്ത്രീപ്രവേശനത്തെ എതിർത്ത് പുതിയത് നൽകി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം