കൊൽക്കത്ത: മുൻസിപ്പൽ കോർപ്പറേഷൻ നിയമന അഴിമതിയുമായി ബന്ധപ്പെട്ട് പശ്ചിമബംഗാൾ ഭക്ഷ്യമന്ത്രി രതിൻ ഘോഷിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന. കൊൽക്കത്തയിലെ13 സ്ഥലങ്ങളിൽ ഇ.ഡി റെയ്ഡ് നടത്തി. ഇതിൽ മന്ത്രിയുടെ വീടും ഉൾപ്പെടും.
സർക്കാർ ജോലികളിലേക്ക് അർഹരല്ലാത്തവരെ തെരഞ്ഞെടുത്തുവെന്നതാണ് മന്ത്രിക്കെതിരായ കേസ്. അഴിമതി നടന്നുവെന്ന് പറയുന്ന മധ്യാഗ്രാം മുൻസിപ്പാലിറ്റിയുടെ ചെയർമാനും കേസിൽ പ്രതിയാണ്. ജോലിക്കായി മന്ത്രിയും കൂട്ടാളികളും ഉദ്യോഗാർഥികളിൽ നിന്നും പണം വാങ്ങിയെന്ന ആരോപണത്തിലാണ് പരിശോധന.
നേരത്തെ ഡൽഹി മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എ.എ.പി എം.പി സഞ്ജയ് സിങ്ങിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തിരുന്നു. പത്ത് മണിക്കൂറോളം സഞ്ജയ് സിങ്ങിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മദ്യ നയവുമായി ബന്ധപ്പെട്ട് മനീഷ് സിസോദിയയെ പരിചയപ്പെട്ടത് സഞ്ജയ് സിങ് വഴിയായിരുന്നെന്ന് കേസിൽ നേരത്തെ അറസ്റ്റിലായ ദിനേശ് അറോറ മൊഴി നൽകിയിരുന്നു. അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ചക്കും സഹായിച്ചത് സഞ്ജയ് സിങ് ആണെന്നും ദിനേശ് അറോറയുടെ മൊഴി ഉണ്ടായിരുന്നു. കേസിൽപെട്ട എ.എ.പി നേതാവും മുൻഉപമുഖ്യമന്ത്രിയുമായിരുന്ന മനീഷ് സിസോദിയ അറസ്റ്റിലായി ജയിലിൽ കഴിയുകയാണ്.