ടെഹ്‌റാന്‍: ഇറാനില്‍ ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് 16കാരി പൊലീസുകാരുടെ ക്രൂര മര്‍ദ്ദനത്തിനിരയായെന്ന് ആരോപണം. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി കോമയിലാണ്.
ടെഹ്‌റാന്‍ മെട്രോയില്‍ വനിതാ പോലീസുകാരുടെ ആക്രമണത്തിലാണ് കുട്ടിക്ക് പരിക്കേറ്റത്. ഇറാനിലെ മോറല്‍ പോലീസ് ഹിജാബ് നിയമങ്ങള്‍ പാലിക്കാത്തതിന് പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നെന്ന് ഇറാനിലെ മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചു.
കഴുത്തിന് ചുറ്റും ബാന്‍ഡേജുമായി ആശുപത്രിയില്‍ കിടക്കയില്‍ കഴിയുന്ന 16-കാരിയുടെ ചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മെട്രോ സ്‌റ്റേഷനില്‍ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും ഇതിനിടയില്‍ പുറത്തുവന്നു. ട്രെയിനിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ അര്‍മിതയെ മെട്രോയിലേക്ക് തള്ളിയിട്ടു.
പിന്നീട് നിശ്ചലമായ ശരീരം ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ചുമന്ന് കൊണ്ടുപോകുന്നതായും വീഡിയോയില്‍ കാണാം. ഉദ്യോഗസ്ഥര്‍ തള്ളിയിട്ടപ്പോള്‍ ബോധരഹിത ആയെന്നാണ് വിവരം. ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതിഷേധം ശക്തമാകുകയാണ്.
എന്നാല്‍ കുട്ടിയെ ആക്രമിച്ചിട്ടില്ലെന്ന നിലപാടിലാണ് ഇറാന്‍ പോലീസും ഭരണകൂടവും. രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് പെണ്‍കുട്ടി ബോധരഹിതയായെന്നും വീണപ്പോള്‍ ട്രെയിനിന്റെ വശത്ത് ഇടിക്കുകയായിരുന്നുവെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം.