തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്ന് സ്കൂളുകൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. കനത്ത മഴ പെയ്തതിനെ തുടർന്ന് പലയിടത്തും വെള്ളം കയറിയതോടെ ദുരിതാശ്വാസ ക്യാമ്പുകളാക്കി മാറ്റിയ സ്കൂളുകൾക്കാണ് അവധി. നാളെ ഈ സ്കൂളുകൾ പ്രവർത്തിക്കില്ല.
തിരുവനന്തപുരം താലൂക്കിൽ പെടുന്ന മൂന്ന് സ്കൂളുകൾക്കാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. കൊഞ്ചിറവിള യുപി സ്കൂൾ, വെട്ടുകാട് എൽപി സ്കൂൾ, ഗവൺമെന്റ് എംഎൻഎൽപി സ്കൂൾ വെള്ളായണി എന്നീ സ്കൂളുകൾക്കാണ് ജില്ലാ കലക്ടർ ജെറോമിക് ജോർജ് അവധി പ്രഖ്യാപിച്ചത്.
അതേസമയം സംസ്ഥാനത്ത് തുടർച്ചയായി പെയ്ത ശക്തമായ മഴയ്ക്ക് ശമനമായി. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയാണ് തിരുവനന്തപുരം ജില്ലയിൽ പല ഭാഗത്തും ഉണ്ടായത്.
തെക്കൻ കേരളത്തിൽ തിരുവനന്തപുരത്തും, കൊല്ലത്തും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. എങ്കിലും കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായ നിലയിൽ മഴയുണ്ടായിരുന്നില്ല. ചുരുക്കം സ്ഥലങ്ങളിൽ ശക്തമായ മഴ പെയ്യുകയും ചെയ്തു. ഇന്ന് കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിരുന്നു.