ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് ജാവലിൻ ത്രോയിൽ സ്വർണവും വെള്ളിയും ഇന്ത്യക്ക്. നിലവിലെ ചാമ്പ്യനായ നീരജ് ചോപ്ര സ്വര്‍ണം നേടിയപ്പോള്‍ ഇന്ത്യയുടെ മറ്റൊരു താരമായ കിഷോര്‍ കുമാര്‍ ജെന വെള്ളി നേടി. നീരജോ കിഷോറോ എന്ന രീതിയിൽ മാറിമറിഞ്ഞ മത്സരത്തിൽ ഒടുവിൽ നീരജ് ചോപ്ര സുവർണ ജേതാവായി.
പരിക്കിനെ തുടർന്ന് ലോക അത്ലറ്റിക് ചാമ്പ്യൻഷിപ് വെള്ളിമെഡൽ ജേതാവ് പാകിസ്താന്റെ അർഷദ് നദീം മത്സരത്തിനു മുമ്പേ പിന്മാറിയതിനാൽ ഇരുതാരങ്ങളും ഏറെക്കുറെ മെഡൽ ഉറപ്പിച്ചിരുന്നു. സീസണിലെ മികച്ച പ്രകടനമായ 88.88 മീറ്റർ എറിഞ്ഞാണ് നീരജ് സ്വർണം ഉറപ്പിച്ചത്. കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഫൈനലിൽ ജെന പുറത്തെടുത്തത്. 87.54 മീറ്റർ എറിഞ്ഞാണ് താരം വെള്ളി നേടിയത്.
ജി എസ് ടി അടച്ചില്ല; ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതിക്കെതിരെ അന്വേഷണം
ജപ്പാന്റെ ഗെങ്കി ഡീനാണ് വെങ്കലം. ചരിത്രത്തിലാദ്യമായാണ് ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ താരങ്ങൾ ജാവലിൻ ത്രോ സ്വർണവും വെള്ളിയും ഒരുമിച്ച് സ്വന്തമാക്കുന്നത്. 2018ലെ ജകാർത്ത ഗെയിംസിൽ നീരജിന് സ്വർണവും നദീമിന് വെങ്കലവുമായിരുന്നു. അന്ന് വെള്ളി നേടിയ ചൈനയുടെ ലിയൂ കിസനും ഗെയിംസിൽ പങ്കെടുക്കുന്നില്ല.