അങ്കമാലി: സൂര്യനെ തപസ്സുചെയ്ത് പ്രീതിപ്പെടുത്തി മന്ത്ര, തന്ത്ര ഗ്രന്ഥങ്ങളുടെ താളിയോലകൾ കൈവശപ്പെടുത്തിയ ഭട്ടതിരിപ്പാട്ടുമായി ബന്ധപ്പെട്ട ഐതിഹ്യം പേറുന്ന, കോട്ടയം കുമാരനല്ലൂരിലെ മീനച്ചിലാറിന്റെ വടക്കേതീരത്തായി നിലകൊള്ളുന്ന വിഖ്യാതമായ മനയാണ് സൂര്യകാലടി. കേരളപ്പഴമയോളം തന്നെ പുരാതനവും മന്ത്രവാദപരമ്പര്യത്തിന്റെ ഈറ്റില്ലമെന്നു വിശേഷിക്കപ്പെടുന്നതുമായ സൂര്യകാലടി മനയിൽ വച്ച് ഒക്ടോബർ 29 ഞായറാഴ്ച അത്യപൂർവ്വമായ സൗരയജ്ഞത്തിന് തിരിതെളിയുകയാണ്.
അഖിലകേരള തന്ത്രി സമാജത്തിന്റെ നാല്പത്തിയൊന്നാമത് സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ചാണ് ഇവിടെ വച്ച് സൗരയജ്ഞം നടക്കുക. ലോകമംഗളം കാംക്ഷിച്ച് കേരളത്തിലെ പരമ്പരാഗത താന്ത്രികാചാര്യന്മാരുടെ കൂട്ടായ്മയിൽ ശാസ്ത്രരംഗത്തെ പ്രഗത്ഭരുടെ സാന്നിധ്യത്തിലാണ് ഈ മഹായജ്ഞം നടക്കുകയെന്ന് അഖിലകേരള തന്ത്രിസമാജം സംസ്ഥാന പ്രസിഡന്റ് അഡ്വ. വേഴപ്പറമ്പ് ഈശാനൻ നമ്പൂതിരിപ്പാട് പറഞ്ഞു. 29ന് പുലർച്ചെ 5ന് നടക്കുന്ന മഹാഗണപതിഹോമത്തിന് ബ്രഹ്മശ്രീ.
സൂര്യകാലടി സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട് കാർമ്മികത്വം വഹിയ്ക്കും. 6 മണിയ്ക്കാണ് സൗരയജ്ഞത്തിന് തിരിതെളിയുന്നത്. സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായുള്ള ധ്വജാരോഹണം 9ന് തന്ത്രിസമാജം സംസ്ഥാന പ്രസിഡന്റ് നിർവ്വഹിയ്ക്കും. ഏറെ പ്രതിലോമകരമായ കാലത്ത് കേരളത്തിലെ പാരമ്പര്യ തന്ത്രിസമൂഹം ഒറ്റക്കെട്ടായി നിൽക്കേണ്ടത് അനിവാര്യമാണെന്ന തിരിച്ചറിവിലാണ് തങ്ങളെന്ന് ജനറൽ സെക്രട്ടറി പുടയൂർ ജയനാരായണൻ നമ്പൂതിരിപ്പാട് പറഞ്ഞു.
യജ്ഞാനന്തരം നടക്കുന്ന പൊതുസമ്മേളനത്തിന് തൃശ്ശിവപേരൂർ നടുവിൽമഠം ഇളമുറ സ്വാമിയാർ ശ്രീമദ് അച്യുതഭാരതി ഭദ്രദീപം തെളിയിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ വിശിഷ്ടാതിഥിയായിരിയ്ക്കും. യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് മുഖ്യപ്രഭാഷണം നടത്തും.
മുതിർന്ന താന്ത്രികാചാര്യൻ ബ്രഹ്മശ്രീ. കടിയക്കോൽ നാരായണൻ നമ്പൂതിരിയെ ചടങ്ങിൽ ആദരിയ്ക്കും. സംസ്ഥാനസമ്മേളനത്തിന്റെ തിരിതെളിയിക്കുന്നത് തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിലെ രാജപ്രതിനിധി പൂയം തിരുന്നാൾ ഗൗരി പാർവ്വതിഭായ് തമ്പുരാട്ടിയാണ്. അങ്കമാലി, പുളിയനം അങ്ങാടിക്കടവ് കൂറ്റാലയ്ക്കാട്ട് മേയ്ക്കാട്ട് മനയിലെ തന്ത്രിസമാജം കേന്ദ്രകാര്യാലയത്തിൽ ഇതുസംബന്ധിച്ച ചർച്ചകൾ നടന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം