പാവറട്ടി: ശക്തമായ മഴയിൽ കോൾപാടങ്ങൾ മുങ്ങി കൃഷി നാശം. അന്നകര കടാംതോട് പുഴയിലൂടെ കുത്തിയൊഴുകിയെത്തുന്ന വെള്ളം പാടശേഖരങ്ങളുടെ ബണ്ടുകളുടെയും പെട്ടിക്കഴകളുടെയും മുകളിലൂടെ പാടശേഖരത്തിലേക്ക് മറിഞ്ഞൊഴുകയാണ്. ചാലുകളിൽ ചണ്ടി തടസ്സമായി നിൽക്കുന്നത് സ്വാഭാവിക ഒഴുക്കിനെ സാരമായി ബാധിക്കുന്നുണ്ട്. മഴ ശക്തി പ്രാപിക്കുമെന്നത് കർഷകരെ ആശങ്കയിലാഴ്ത്തുന്നു. അടയ്ക്കാൻ കഴിയാത്ത ഒന്നൊഴികെ ഇടിയഞ്ചിറ റെഗുലേറ്ററിന്റെ ഷട്ടറുകളെല്ലാം അടഞ്ഞു കിടക്കുന്നതു മൂലം മുല്ലശേരി കനാലിലൂടെ വെള്ളം കാര്യമായി ഒഴുകിപോകുന്നില്ല. ഏനാമാവ് റെഗുലേറ്ററിന്റെ 4 ഷട്ടറുകൾ മാത്രമാണ് തുറന്നിട്ടുള്ളത്.
കൃഷിയിറക്കിയ മതുക്കര തെക്ക്, മണൽപ്പുഴ – കണ്ണോത്ത്, എലവത്തൂർ കിഴക്ക്, എഷ്യാഡ്, അന്നകര തുടങ്ങിയ കോൾപടവുകളാണ് കൃഷിനാശം നേരിടുന്നത്.വിതച്ച് 5 ദിവസം മാത്രമായ 336 ഏക്കർ വരുന്ന മണൽപ്പുഴ – കണ്ണോത്ത് സംയുക്ത കോൾപടവിൽ 100 ഏക്കറിലെ വിത്ത് നശിച്ചതായാണ് കണക്കാക്കുന്നത്. കണ്ണോത്ത് ഭാഗത്താണ് കൂടുതൽ നാശം. ഇത്തവണ മൂപ്പു കുറഞ്ഞ തമിഴ് നാടൻ ഇനം ടിപിഎസ് – 5 എന്ന വിത്താണ് വിതച്ചിട്ടുള്ളത്. 100 ഏക്കർ വരുന്ന എലവത്തൂർ പടവിൽ നടിൽ നടത്തി പത്ത് ദിവസം മാത്രമായ നെൽച്ചെടികളാണ് നശിക്കുന്നത്. പൊന്മണി വിത്താണ് ഇവിടെ കൃഷിയിറക്കിയിട്ടുള്ളത്.
മതുക്കര തെക്ക്,അന്നകര, ഏഷ്യാഡ് തുടങ്ങിയ പടവുകളിൽ ഞാറിട്ടതാണ് നശിക്കുന്നത്. മറ്റു പടവുകൾ ഇൗ മാസം പകുതിയിൽ കൃഷിയിറക്കേണ്ടതായിരുന്നു. മാസം കഴിഞ്ഞിട്ടും ചാലുകളിൽ വെള്ളം ഉയർന്ന് നിൽക്കുന്നതു മൂലം വെള്ളം വറ്റിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് പാടശേഖരങ്ങൾ, പല പാടേഖരങ്ങളിലും മോട്ടർ പുരകൾ വരെ മുങ്ങി കിടക്കുകയാണ്. അധിക വെള്ളം മൂലവും ബണ്ട് കവിഞ്ഞ് ഒഴുകുന്നതു മൂലവും പടവുകളുടെ ബണ്ടുകൾ തകർച്ച ഭീഷണിയിലാണ്.
മതുക്കര തെക്ക് പടവിൽ കോച്ചാമ്പാറ ഭാഗത്ത് ബണ്ടുകളുടെ സ്ഥിതി ഗുരുതരമാണ്. എപ്പോൾ വേണമെങ്കിലും പൊട്ടാമെന്ന സ്ഥിതിയാണ് ഇവിടെ. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദം ശക്തി പ്രാപിക്കുകയും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ് മൂലം കർഷകർ ഏറെ ആശങ്കയിലാണ്.കൂടുതല്ർ ഷട്ടറുകഴ്ർ തുറക്കണമെന്നാണ് കര്ർഷകരുടെ ആവശ്യം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം