ലൂസിഡ് കാര്‍ ഫാക്ടറി സൗദിയിൽ തുറന്നു; രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് കാര്‍ ഫാക്ടറി

ജിദ്ദ: ഇലക്ട്രിക് കാര്‍ നിര്‍മാതാക്കാളായ ലൂസിഡ് ഗ്രൂപ്പിനു കീഴിലുള്ള കാര്‍ ഫാക്ടറി സൗദിയിൽ തുറന്നു. രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് കാര്‍ ഫാക്ടറിയാണിത്. റാബിഗ് കിങ്‌ അബ്ദുല്ല ഇക്കണോമിക് സിറ്റിയില്‍ സ്ഥാപിച്ച കാര്‍ ഫാക്ടറിയാണ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത്. അമേരിക്കയ്ക്ക് പുറത്ത് ലൂസിഡ് ഗ്രൂപ്പ് സ്ഥാപിക്കുന്ന ആദ്യ കാര്‍ ഫാക്ടറിയാണിത്. റാബിഗ് ഫാക്ടറിയില്‍ കാര്‍ അസംബിൾ ചെയ്യും. ആദ്യഘട്ടത്തില്‍ പ്രതിവര്‍ഷം 5,000 കാറുകളാണ് അസംബിൾ ചെയ്യുക. ഭാവിയില്‍ പൂര്‍ണതോതിലുള്ള കാര്‍ നിര്‍മാണം ഫാക്ടറിയില്‍ ആരംഭിക്കും. ഇതോടെ പ്രതിവര്‍ഷം 1,55,000 ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കാന്‍ റാബിഗ് പ്ലാന്റിന് ശേഷിയുണ്ടാകും.

നിക്ഷേപ മന്ത്രി ഖാലിദ് അല്‍ഫാലിഹും വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫും സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഗവര്‍ണര്‍ യാസിര്‍ അല്‍റുമയ്യാനും ലൂസിഡ് ഗ്രൂപ്പ് ഡയറക്ടര്‍ ബോര്‍ഡ് പ്രസിഡന്റ് തുര്‍ക്കി അല്‍നുവൈസിറും കമ്പനി സിഇഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ പീറ്റര്‍ റോളിന്‍സനും ലൂസിഡ് കമ്പനി മിഡില്‍ ഈസ്റ്റ് വൈസ് പ്രസിഡന്റ് ഫൈസല്‍ അല്‍സുല്‍ത്താനും മന്ത്രിമാരും നയതന്ത്ര ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു. നൂറു കണക്കിന് സൗദി യുവതീയുവാക്കള്‍ക്ക് ലൂസിഡ് ഫാക്ടറിയില്‍ തൊഴിലവസരങ്ങള്‍ ലഭിക്കും.
ഫാക്ടറിയില്‍ നിര്‍മിക്കുന്ന ഇലക്ട്രിക് കാറുകള്‍ ലൂസിഡ് ഗ്രൂപ്പ് സൗദി വിപണിയില്‍ വില്‍ക്കുകയും വിദേശങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്യും. റാബിഗ് ലൂസിഡ് ഫാക്ടറിക്ക് സൗദി നിക്ഷേപ മന്ത്രാലയത്തില്‍ നിന്നും സൗദി ഡവലപ്‌മെന്റ് ഫണ്ടില്‍ നിന്നും കിങ്‌ അബ്ദുല്ല ഇക്കണോമിക് സിറ്റിയില്‍ നിന്നും പിന്തുണ ലഭിച്ചിട്ടുണ്ട്.
2030 നകം സൗദിയിലെ 30 ശതമാനത്തില്‍ കുറയാത്ത കാറുകള്‍ ഇലക്ട്രിക് കാറുകളാക്കി മാറ്റാന്‍ സൗദി ഗ്രീന്‍ ഇനീഷ്യേറ്റീവ് ലക്ഷ്യമിടുന്നു. ലക്ഷ്യം കൈവരിക്കാനും പ്ലാന്റ് സഹായിക്കും. സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ആവശ്യമായ ഒരു ലക്ഷം കാറുകള്‍ പത്തു വര്‍ഷത്തിനുള്ളില്‍ സൗദി ഗവണ്‍മെന്റിന് വില്‍ക്കാന്‍ നേരത്തെ കമ്പനിയും സൗദി ഗവണ്‍മെന്റും കരാര്‍ ഒപ്പുവച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ അന്വേഷണം
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം