ബെംഗളൂരു: കാവേരി നദിയിൽ നിന്ന് തമിഴ്നാടിന് ജലം നൽകുന്നതിൽ പ്രതിഷേധിച്ച് കർണാടകയിൽ നാളെ ബന്ദ്. കർണാടകയിലെ നിരവധി സംഘടനകളാണ് വെള്ളിയാഴ്ചത്തെ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. കട കമ്പോളങ്ങളും വ്യാപാര കേന്ദ്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ട് സംസ്ഥാനം പൂർണമായി സ്തംഭിപ്പിക്കാനാണ് കന്നഡ സംഘടനകളുടെ ആഹ്വാനം.
ബന്ദ് നാളെ നടക്കാനിരിക്കെ സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കി പൊലീസ്. ബെംഗളൂരുവില്‍ ബന്ദ് അനുവദിക്കില്ലെന്നും നഗരത്തില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തുമെന്നും ബെംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ ബി. ദയാനന്ദ പറഞ്ഞു. ഇന്ന് അര്‍ധരാത്രി മുതല്‍ വെള്ളിയാഴ്ച അര്‍ധരാത്രി വരെ 24 മണിക്കൂറായിരിക്കും ബെംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ പ്രാബല്യത്തിലുണ്ടാകുക. നഗരത്തില്‍ പ്രതിഷേധ റാലിയോ മറ്റു പ്രതിഷേധ പരിപാടികളോ അനുവദിക്കില്ല. അഞ്ചില്‍ കൂടുതല്‍ പേര്‍ കൂട്ടം കൂടി നില്‍ക്കാനും പാടില്ല. പ്രതിഷേധക്കാര്‍ക്ക് ഫ്രീഡം പാര്‍ക്കില്‍ ധര്‍ണ്ണ നടത്താം.
നാളെ രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ബന്ദ്. ബന്ദുമായി സഹകരിക്കണമെന്ന് സംഘടനകൾ പൊതു ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. പൊതുഗതാഗത സർവീസുകളെയും ബന്ദ് ബാധിച്ചേക്കും. സംസ്ഥാനത്തെ ബസ് – ടാക്സി – ഓട്ടോറിക്ഷാ തൊഴിലാളി യൂണിയനുകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
സർക്കാർ ജീവനക്കാരുടെ സംഘടനകളും ബന്ദിനെ പിന്തുണക്കുന്നുണ്ട്. ബെംഗളൂരുവിലെ ടൗൺ ഹാളിൽ നിന്ന് കർണാടക രാജ്ഭവനിലേക്ക് ആയിരങ്ങളെ പങ്കെടുപ്പിച്ച് മാർച്ച് നടത്താൻ കന്നഡ സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. ബന്ദിന് മുന്നോടിയായി ബെംഗളൂരു ജില്ലാ ഭരണകൂടം സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു.
ബന്ദ് മൂലം സംസ്ഥാനത്ത്, പ്രത്യേകിച്ച് തെക്കൻ മേഖലയിൽ വാർത്താവിനിമയ സംവിധാനം തടസപ്പെടാൻ സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. വിമാനത്താവളങ്ങൾ, റെയിൽവേ സ്‌റ്റേഷനുകൾ, ബസ് സ്‌റ്റാൻഡുകൾ എന്നിവിടങ്ങളിൽ നിന്നുള്ള ബസുകൾ മാത്രമേ വരുന്ന യാത്രക്കാരെ കടത്തിവിടുകയുള്ളൂവെന്നും, കർണാടകയിൽ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള ബസുകൾ മാത്രമായിരിക്കും ഇവയെന്നും അവർ കൂട്ടിച്ചേർത്തു.
സെപ്റ്റംബർ 13 മുതൽ 27വരെ 15 ദിവസത്തിൽ കർണാടക തമിഴ്നാടിന് 5000 ഘന അടി കാവേരി വെള്ളം നൽകണമെന്നാണ് സി.ഡബ്ല്യൂ.എം.എ ഉത്തരവ്. സംസ്ഥാനം വൻ വരൾച്ച നേരിടുകയാണെന്നും ഇത്തവണ തമിഴ്നാടിന് കനത്ത മഴ ലഭിച്ചപ്പോൾ കർണാടകക്ക് മതിയായ മഴ ലഭിച്ചിട്ടില്ലെന്നും ഇതിനാൽ വെള്ളം നൽകാൻ കഴിയാത്ത സാഹചര്യമാണെന്നുമാണ് കർണാടകയുടെ നിലപാട്. വിഷയത്തിൽ ഇടപെടാനാകില്ലെന്ന് കർണാടകയുടെ ഹര്‍ജി പരിഗണിച്ച് സുപ്രീംകോടതി പറഞ്ഞിരുന്നു. ഇതിനുപിന്നാലെ വീണ്ടും സമരം ശക്തമാവുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















