തിരുവനന്തപുരം: തലസ്ഥാന നഗരിയെ ആവേശത്തിലാഴ്ത്തി ഡി.എൽ.ടി ലെഡ്ജേഴ്സ് കോവളം മാരത്തോൺ 2023. സമുദ്ര സംരക്ഷണത്തെ കുറിച്ചും ആരോഗ്യത്തോടെയുള്ള ജീവിതത്തെ കുറിച്ചും ജനങ്ങളെ ബോധവൽക്കരിക്കാൻ ലക്ഷ്യമിട്ട് യംഗ് ഇന്ത്യൻസ് തിരുവനന്തപുരം ചാപ്റ്റർ സംഘടിപ്പിച്ച മാരത്തോണിൽ പങ്കെടുത്തത് ആയിരക്കണക്കിന് പേരായിരുന്നു. എം. വിൻസന്റ് എം.എൽ.എ, സിറ്റി പൊലീസ് കമ്മീഷണർ നാഗരാജു ചക്കിലം ഐ.പി.എസ്, ഇന്റലിജൻസ് ഐ.ജി ശ്യാം സുന്ദർ തുടങ്ങിയവർ മുഖ്യാതിഥികളായി.
ഞായറാഴ്ച രാവിലെ കോവളം ഗ്രോവ് ബീച്ചിൽ നിന്ന് ആരംഭിച്ച മാരത്തോൺ എയർഫോഴ്സ് തിരുവനന്തപുരം സ്റ്റേഷൻ കമാന്റർ ഗ്രൂപ്പ് ക്യാപ്റ്റൻ സൗരഭ് ശിവ ഫ്ലാഗ് ഓഫ് ചെയ്തു. അഞ്ച് കിലോമീറ്റർ വിഭാഗത്തിലും അദ്ദേഹം പങ്കെടുത്തു. ഫുൾ മാരത്തോൺ (42.2 കി.മീറ്റർ), ഹാഫ് മാരത്തോൺ (21.1 കി.മീറ്റർ), 10കെ റൺ (10 കി.മീറ്റർ), ഫൺ റൺ (അഞ്ച് കി.മീറ്റർ), കോർപ്പറേറ്റ് റിലേ (അഞ്ച് കി.മീറ്റർ) എന്നീ ഇനങ്ങളിലായി ആയിരക്കണക്കിന് പേരായിരുന്നു പങ്കു ചേർന്നത്. എ.ഐ.എം.എസ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ തലസ്ഥാന നഗരിയിലെ ആദ്യത്തെ ഫുൾ മാരത്തോൺ എന്ന പ്രത്യേകതയും കോവളം മാരത്തോണിനാണ്.
കാലാവസ്ഥ വ്യതിയാനവും മലിനീകരണവും മൂലം കടലിന്റെ സ്വാഭാവികത നഷ്ടപ്പെടുന്ന സാഹചര്യത്തിൽ ജനങ്ങളെ ബോധവൽക്കരിക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു സന്നദ്ധ സംഘടനയായ യംഗ് ഇന്ത്യൻസ് തിരുവനന്തപുരം ചാപ്റ്ററിന്റെ നേതൃത്വത്തിൽ മാരത്തോൺ സംഘടിപ്പിച്ചത്. ആരോഗ്യക്ഷമത ഉറപ്പുവരുത്തി ജീവിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് സമൂഹത്തിന് അവബോധം സൃഷ്ടിക്കുക എന്നതും ലക്ഷ്യമായിരുന്നു.
വിജയികൾക്ക് മെമന്റോകളും മാരത്തോൺ പൂർത്തിയാക്കിയ മുഴുവൻ പേർക്കും മെഡലുകളും സമ്മാനിച്ചു. ഫുൾ, ഹാഫ് മാരത്തോണുകളിലും 10 കെ റണ്ണിലും ഫിനിഷിംഗ് സമയം കൃത്യമായി ട്രാക്ക് ചെയ്യുന്നതിനായി ആർ.എഫ്.ഐ.ഡി. ചിപ്പുകൾ ഘടിപ്പിച്ച ബിബുകൾ നൽകിയിരുന്നു.
ഫുൾ മാരത്തോണിൽ പുരുഷ വിഭാഗത്തിൽ ദീപു എസ് നായരും വനിത വിഭാഗത്തിൽ ബി. പാർവതിയുമായിരുന്നു ആദ്യ സ്ഥാനങ്ങളിലെത്തിയത്. ദീപു മൂന്ന് മണിക്കൂറും 17 മിനുറ്റും 59 സെക്കന്റും എടുത്തപ്പോൾ അഞ്ച് മണിക്കൂറും 26 മിനുറ്റും 36 സെക്കന്റും കൊണ്ടായിരുന്നു പാർവതി ഫിനിഷ് ചെയ്തത്.
ഫാഫ് മാരത്തോണിൽ ഒന്നാമതെത്തിയ പുരുഷ വിഭാഗത്തിൽ രാജേഷ് മാളവ്യയും (01:21:17) ബിബ് നൂപുർ ഗുപ്തയുമാരുന്നു (02:06:43) ആദ്യമെത്തിയത്. 10 കെ വിഭാഗത്തിൽ 43 മിനുട്ടും 35 സെക്കന്റുമായി അശ്വിൻ ദാസ് പുരുഷ വിഭാഗത്തിലും പരാഗി സേത്ത് 55 മിനുട്ടും 58 സെക്കന്റുമെടുത്ത് വനിത വിഭാഗത്തിലും ഒന്നാമതെത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം