തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്റ്റേഷന് മുന്നിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് കടത്തിക്കൊണ്ടുപോയ തമിഴ്നാട്ടുകാരനായ യുവാവ് തമിഴ്നാട് പൊലീസിന്റെ പിടിയിലായി. പിടിച്ചുപറിയും മോഷണ പരമ്പരകളും നടത്തിയ തക്കല സ്വദേശി മെർലിൻ രാജിനെയാണ് പോലീസ് പിടികൂടിയത്. ഇന്നലെ കന്യാകുമാരി എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അറസ്റ്റ് ചെയ്തത്.
സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതൽ കടത്തിക്കൊണ്ടുപോയി 2 മാസത്തോട് അടുക്കുന്നതിനിടയിലാണ് പ്രത്യേക ടീം വളരെ തന്ത്രപരമായി പ്രതിയെ അറസ്റ്റ് ചെയ്തത്. ഇത് സംബന്ധിച്ച വിവരം തമിഴ്നാട് പൊലീസ് വിഴിഞ്ഞം പൊലീസിന് ഇന്നലെ വൈകുന്നേരമാണ് കൈമാറിയത്. ജൂലൈ 12 ലെ സംഭവം നടന്ന് മൂന്നാം നാൾ കൂട്ടു പ്രതിയായ കൽക്കുളം മരുതവിള മണലിയിൽ റെജിലിനെ (30) തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും മെർലിനെ പിടികൂടാനായിരുന്നില്ല. വിവിധ ഇടങ്ങളിൽ ചുറ്റിനടന്ന് മോഷണം നടത്തുന്ന മെർലിനെ ഏറെ നാളത്തെ പരിശ്രമത്തിന് ശേഷമാണ് പൊലീസ് പിടികൂടിയത്.
also read.. മദീന സന്ദർശിക്കാനെത്തിയ മലയാളി മരിച്ചു
ജൂലൈ 12 ന് മാല പിടിച്ച് പറിക്കാൻ മെർലിൻ നടത്തിയ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വഴിയിൽ ബൈക്ക് കേടായി. റോഡരികിൽ വാഹനം പൂട്ടി വച്ച ശേഷം മെർലിൻ ഓടിരക്ഷപ്പെട്ടു. പൊലീസ് എത്തി കസ്റ്റഡിയിലെടുത്ത ബൈക്ക് സ്റ്റേഷൻ മുറ്റത്ത് പാർക്ക് ചെയ്തു. എന്നാൽ പോലീസ് സ്റ്റേഷൻറെ മുറ്റത്ത് നിന്ന് മണിക്കൂറുകൾക്കുള്ളിൽ, തൊണ്ടിമുതലായ ബൈക്ക് കടത്തിക്കൊണ്ട് പോയാണ് മെര്ലിന് പൊലീസുകാരെ ഞെട്ടിച്ചത്.
കൂട്ടുപ്രതിയായ റെജിനെ തമിഴ്നാട്ടിൽ നിന്ന് രാത്രിയിൽ വിളിച്ച് വരുത്തിയ മെർലിൻ സ്റ്റേഷൻ പരിസരം വീക്ഷിച്ച് പുലർച്ചെ പാറാവുകർ ഷിഫ്റ്റ് മാറുന്ന അഞ്ച് മണി കഴിഞ്ഞ് അഞ്ച് മിനിറ്റിനുള്ളിൽ തന്നെ വാഹനം കടത്തി. സ്റ്റേഷൻ മുറ്റത്ത് നിന്ന് ഉരുട്ടി റോഡിൽ എത്തിച്ച ബൈക്ക് വയർ ഉപയോഗിച്ച് സ്റ്റാർട്ടാക്കി ഓടിച്ച് പോയി. നേരം പുലരുന്നതിനിടയിൽ സംഘം സംസ്ഥാനം വിട്ടു. തുടർന്ന് സിസിടിവി കാമറകൾ പരിശോധിച്ചാണ് ബൈക്ക് കടത്തിക്കൊണ്ട് പോയവരെ തിരിച്ചറിഞ്ഞത്. മോഷണശ്രമം, തൊണ്ടിമുതൽ കടത്തൽ എന്നിങ്ങനെ രണ്ട് കേസുകൾ മെർലിനെതിരെ വിഴിഞ്ഞം പൊലീസ് രജിസ്റ്റർ ചെയ്തു. പ്രതിയെ ചോദ്യംചെയ്യാൻ കസ്റ്റഡി അപേക്ഷ നൽകുമെന്ന് വിഴിഞ്ഞം എസ്.ഐ വിനോദ് അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം