വ്യത്യസ്തമായ പേരുള്ള ഈ പെൺകുട്ടി സ്വതന്ത്രചിന്തയിലേക്ക് എത്തിയതിനും വ്യത്യസ്തമായ കഥയാണുള്ളത്. മറയൂരിലെ മുതുവാൻ ട്രൈബൽ വിഭാഗത്തിൽ ജനിച്ചുവളർന്ന ഉഞ്ചോയിയുടെ കഥ കേൾക്കേണ്ടത് തന്നെയാണ്.
1994 ൽ മറയൂരിലെ മലഞ്ചെരുവിൽ ഒരു കുട്ടി ജനിച്ചു. മുതുവാൻ സമൂഹത്തിലെ മറ്റു കുട്ടികളെപ്പോലെ “തുണ്ണൂട്ടിലെ”(വാലായിപ്പുര) തണുത്ത മൺതറയിലായിരുന്നു കുഞ്ഞിന്റെ ജനനം. പരമ്പരാഗത രീതി തെറ്റിക്കാതെ പ്രസവിച്ച ആ അമ്മ തന്നെ പൊക്കിൾക്കൊടി മൂർച്ചയുള്ള ഈറ്റകൊണ്ട് ഖണ്ഡിച്ചു കുഞ്ഞിനെ വേർപെടുത്തി. മറുപിള്ള കുഴിയെടുത്ത് മൂടി. കുഞ്ഞിനെ കുളിപ്പിച്ച് തുണിയിൽ പൊതിഞ്ഞ് ചാക്ക് വിരിച്ച തറയിൽ കിടത്തി. മറ്റു കുട്ടികളെപ്പോലെ ആ പെൺകുട്ടിയും വളർന്നു. കുടുംബത്തിലെ ഇളയ കുട്ടി ആയതുകൊണ്ട് ഓമനത്തത്തോടെ എല്ലാവരും ആ കുട്ടിയെ “ഉഞ്ചോയി” എന്നു വിളിച്ചു.
മണ്ണു വാരി തിന്നും. മുഷിഞ്ഞ ഡ്രസ്സ് ധരിച്ചും കായ്കനികളും ചുട്ട മാംസവും കഴിച്ച് ഞാൻ വളർന്നു. ഏതൊരു ആദിവാസി കുട്ടിയേയും പോലെ തനത് ജീവിതശൈലിയിലൂടെ സമൂഹത്തെ അറിഞ്ഞ് അടുത്തു നിർത്തേണ്ടവരെ നിർത്തി അകറ്റേണ്ടവരെ പുറത്തോ ദൂരെയോ നിർത്തി. സമുദായത്തിന്റെ ചിട്ടകൾ പാലിച്ച് വളർന്നു.
മുതുവാൻ ഒരു ആദിവാസി കർഷക സമൂഹമാണ്. കോഴി, ആട്, കന്നുകാലി, നായ്ക്കൾ എന്നിവ മിക്ക വീടുകളിലും കാണാം. ആട്ടിൻ പറ്റവും, കന്നുകാലികളും രാവിലെ മേയാൻ ദൂരെയുള്ള മലയിലേക്ക് പോകും സമൃദ്ധമായ പച്ചപ്പുല്ലും വെള്ളവും അവിടെയുണ്ട്. വൈകുന്നേരങ്ങളിൽ അവ തിരികെ വരും. വന്യമൃഗങ്ങളുടെ അക്രമം കുറവായതിനാൽ അവരെ പൊതുവെ അഴിച്ചു വിടുകയാണ് പതിവ്.
നായ ഒഴിച്ചൂകൂടാനാകാത്ത ജീവിയാണ്. അവയെ കെട്ടി ഇടാറില്ല ലാളിച്ചു വളത്തുന്ന ഒരു ജീവി എന്ന നിലയ്ക്കും കാട്ടിലേക്ക് പോകുമ്പോൾ തുണയായി ഒപ്പം കൂട്ടാനുമാണ് നായയെ വളർത്തിയിരുന്നത്. കോഴികൾ മുട്ടയ്ക്കും പൂജ സമയത്തും വർഷത്തിൽ ഒരിക്കൽ നടത്തുന്ന “പൊങ്കൽ” നു ആടിന്റെ ഒപ്പം ബലിയാകാനും വിധിക്കപ്പെട്ടവരാണ്.
വർഷത്തിൽ ഒരിക്കൽ നടത്തുന്ന “പൊങ്കൽ” എന്നിൽ ദൈവം ഭക്തി ഉണ്ടാക്കുന്നതിൽ നല്ലൊരു പങ്ക് വഹിച്ചിട്ടുണ്ട്. അന്നത്തെ ഒരാഴ്ച കാട്ടു ദേവതകളെ നേരിട്ട് കാണാനുള്ള അവസരവും കൂടിയാണ്. ഈ ദേവതകൾ സൗത്ത് ഇന്ത്യയിലെ ഹിന്ദുദൈവമായ മാരിയമ്മയുടെ പല വകഭേദങ്ങണ്. പുത്തൻ ഉടുപ്പിട്ട് എല്ലാവരും ഒറ്റയടി പാതയിലൂടെ ഉൾക്കാട്ടിൽ പോയി പൂജ ചെയും. മിക്കവാറും ദൈവങ്ങൾ കല്ലിന്റെ രൂപത്തിലാണ്. കല്ല് കുളിപ്പിച്ച് ചന്ദനവും കുങ്കുമവും തൊട്ടു കൊടുക്കുമ്പോൾ ശരിക്കും അതൊരു രൂപം പോലെ തോന്നിക്കും. ഉൾക്കാട്ടിൽ പല ദിക്കുകളിലായാണ് ഈ ചെറിയ അമ്പലങ്ങൾ. പൂജയ്ക്ക് ശേഷം എല്ലാ അമ്പലങ്ങളിലും സ്വാദിഷ്ടമായ പായസം കിട്ടും. കറുപ്പസ്വാമി പൂജയ്ക്ക് സ്ത്രീകൾ പോകാറില്ല. ആടിനെ ബലി കൊടുത്ത് പുരുഷന്മാർതന്നെയാണത് പാചകം ചെയ്ത് കഴിക്കുന്നത്. ആ ഇറച്ചി വീട്ടിൽ കൊണ്ടു വരാൻ കഴിയില്ല.
ഉഞ്ചോയിയുടെ മുത്തശ്ശൻ ഒരു മന്ത്രവാദിയും പച്ചമരുന്ന് വൈദ്യനും ആയിരുന്നു. എല്ലാവരും ബഹുമാനിക്കുന്ന ഒരാൾ. തമിഴ്നാട്ടിലെ ദിണ്ഠുക്കൽ ഭാഗത്ത് നിന്നുവരെ മുത്തശ്ശനെ കാണാൻ ആളുകൾ വന്നിരുന്നു. രാത്രികളിലാണ് മന്ത്രവാദം അരങ്ങേറിയിരുന്നത്. ഹിന്ദു ദൈവങ്ങളുടെ ഫോട്ടോ തൂക്കിയിട്ട ഒരു ചെറിയ മുറി. മന്ത്രവാദത്തിനുള്ള സാധങ്ങൾ നീളമുള്ള പുകയില, മുറിച്ച തേങ്ങ, അടുക്കി വച്ച വെറ്റില, പാക്ക്, അവിൽ, ചെറു പഴം, ചന്ദനത്തിരി, ഭസ്മം, കർപ്പൂരം, ഒരു കുപ്പി മദ്യം, നാടൻ പൂവൻകോഴി, ഒരു ചൂരൽ, ഒരു മുറവും അതിൽ കിലുങ്ങുന്ന ചെറിയ മണികളും എന്നിവയൊക്കെയാണ് . മിക്കവാറും പ്രേത ബാധ കേസുകൾക്കുള്ള പരിഹാരം തേടിയാണ് ആളുകൾ എത്തുന്നത്. ഒരിക്കൽ തമിഴ്നാട്ടിൽ നിന്ന് ഒരു സ്ത്രീയുമായി ഒരാൾ വന്നു. ‘ഞങ്ങൾ ചെറിയ കുട്ടികൾക്ക് മന്ത്രവാദം കാണാൻ ഇഷ്ടമാണ് എന്നാൽ പേടിയുമാണ്. ഞങ്ങളൊരു മൂലയ്ക്ക് ഇരിന്നു എല്ലാം കാണും. മുത്തശ്ശന്റെ എതിർവശത്തായിരിക്കും ബാധ കയറിയ ആളുടെ ഇരിപ്പിടം. ഇരുട്ടുമുറിയിൽ ഒരു വിളക്ക് വെളിച്ചവും ചന്ദനത്തിരിയുടെ മണവും മറ്റുള്ളവരുടെ മൗനവും ബാധകയറിയ ആളുടെ മ്ലാനതയും ഞങ്ങളിൽ ഭയവും ആകാംക്ഷയും ഉണ്ടാക്കും. മുത്തച്ഛൻ തുടക്കത്തിൽ ഒരു ചെറിയ ശബ്ദത്തോടെയാണ് മന്ത്രം ഉരുവിടുന്നത്. പതിയെ മുറം അനക്കി അതിൽ നിന്നും കിലുങ്ങുന്ന മണികളുടെ ശബ്ദം അവിടെങ്ങും നിറയും മന്ത്രം ഉച്ചത്തിൽ ഉരുവിടുന്നത് അടുത്ത് എന്തോ നടക്കാൻ പോകുന്നതിന്റെ സൂചനയാണ്. പൂവൻ കോഴിയുടെ വിരൽ മുറിച്ച് ആ രക്തം ബാധ കയറിയ ആളുടെ നെറ്റിക്ക് പുരട്ടിയ ശേഷം വീണ്ടും മന്ത്രം തുടങ്ങും പ്രേതം ശരീരം വിട്ട് പോയോ ഇല്ലയോ എന്ന് മുത്തശ്ശനു മാത്രമേ അറിയു അങ്ങനെ പോയില്ലെങ്കിൽ ചാട്ടവാറു പോലെ ഒരു സാധനം ഉണ്ട് അത് ചുഴറ്റി ബാധ കയറിയ ആളെ അടിക്കും. മിക്കവാറും ഇതൊക്കെ കണ്ടു പേടിച്ച് ഡിപ്രഷനിലിരിക്കുന്ന ബാധ കയറിയ ആൾ ചാട്ടവാറടിയും കൂടി കിട്ടുമ്പോൾ സ്വാഭാവികമായി ബോധം കെട്ടു വീഴും. അതോടെ ബാധ ഒഴിക്കൽ പരിപാടി അവസാനിക്കും. എല്ലാവരും പിരിഞ്ഞു പോകും. ഞങ്ങൾ നിലാവെളിച്ചത്ത് വീട്ടിലേക്ക് നടക്കുമ്പോൾ മനസിൽ മുഴുവൻ പ്രേതത്തിന്റെ ചിന്തകളായിരിക്കും. ശരിക്കും ഒഴിഞ്ഞു പോയിട്ടുണ്ടാകുമോ? അങ്ങനെ പോയാൽ ഇവിടെ ഈ പരിസരത്ത് തന്നെ നിൽക്കുമോ? എന്നെ പിന്തുടരുന്നുണ്ടാകുമോ?’ ഉഞ്ചോയി പറയുന്നു.
മുത്തച്ഛന്റെ പച്ചമരുന്ന് ഇരകൾ എണ്ണിയാൽ തീരില്ല. ഉഞ്ചോയിയുടെ മൂത്ത ചേച്ചിയെ ചെറുപ്പത്തിൽ പാമ്പ് കടിച്ചു. ആ ഒരു രാത്രി മുഴുവൻ ചേച്ചി പച്ചമരുന്നിന്റെ പരീക്ഷണ വസ്തുവായിരുന്നു. രാവിലെ ചേച്ചിക്ക് അനക്കമില്ല ബോധം നഷ്ടപ്പെട്ടു. മരിക്കാറായ ചേച്ചിയെയും എടുത്ത് ഉഞ്ചോയിയുടെ അച്ഛൻ അഞ്ചു കിലോമീറ്ററോളം ഓടി ആ വഴി ഒരു ജീപ്പ് കിട്ടി ആശുപത്രിയിൽ എത്തിച്ചു. “സഹായഗിരി” അവിടെയുള്ള ഏക ആശുപത്രിയാണ്. അന്ന് ആശുപത്രിയിൽ സമയത്ത് എത്തിച്ചില്ലായിരുന്നെങ്കിൽ ചേച്ചിയെ ഇന്നു ജീവനോടെ കാണില്ലായിരുന്നു. ഇന്ന് ഗോത്രങ്ങളിൽ വൈദ്യന്മാർ കുറവാണ്. ജനങ്ങൾ ഫലം കിട്ടുന്ന ഇടത്തേക്ക് ഒഴുകുകയാണ്.
രവിചന്ദ്രൻ സിയും സന്ദീപ് വാചസസ്പതിയും നേർക്കുനേരെത്തുന്ന ഹിന്ദുത്വ രാഷ്ട്രീയം രാജ്യത്തിന് അപകടമോ എന്ന സംവാദത്തിൻ്റെ മോഡറേറ്ററാണ് ഉഞ്ചോയി.
ഗോമാംസം തിന്നാൽ ഊരിന് പുറത്ത്
————————————————
‘ മുതുവാൻ സമൂഹം ഹിന്ദു മത വിശ്വാസികളാണ്. പശു ഇറച്ചി തൊട്ടുതിണ്ടാത്ത, തീണ്ടിയവനെ ഊരുവിലക്ക് ഏർപ്പെടുത്തുന്ന സമൂഹം. ബീഫ് ഇന്നും എനിക്ക് കഴിക്കാൻ സാധിച്ചിട്ടില്ല. ആ ഇറച്ചിയോട് തുടക്കത്തിൽ വെറുപ്പായിരുന്നു. അങ്ങനെയാണ് ഞങ്ങളെ പഠിപ്പിച്ചത്. ഇപ്പോൾ യൂടൂബിൽ ബീഫ് സ്റ്റീക് ഉണ്ടാക്കുന്ന വീഡിയോ കാണുമ്പോൾ രസം തോന്നുമെങ്കിലും അത് എനിക്ക് പാമ്പിന്റെയോ മറ്റോ ഇറച്ചി തിന്നുന്നതിനു സമാനമാണ്. എന്നാൽ എന്റെ സഹോദരൻ നന്നായി കഴിക്കുന്നത് ഞാൻ കണ്ടിട്ടുമുണ്ട്.
ഞാൻ ജനിച്ച സൂസനിക്കുടിക്ക് ഒരു പ്രത്യേകതയുണ്ട്. എന്റെ അമ്മയുടെ കുടുംബത്തിന്റെ വീടുകൾ മാത്രമാണ് അവിടെയുള്ളത്. അച്ഛന്റെ നാട് ഇടമലക്കുടിയാണ് ഞങ്ങളുടെ വീട്ടിൽ ആദ്യം ജനിച്ചത് ഒരു പെൺകുഞ്ഞാണ് ഒരിക്കൽ പനി വന്നു ഉൾവനമായതുകൊണ്ട് ഹോസ്പിറ്റലിൽ എത്തിക്കാൻ പ്രയാസമായിരുന്നു. അമ്മ അവിടം വെറുത്ത് തിരിച്ചു മറയൂരിലെത്തി സൂസനിക്കുടിയിൽ വീടുവച്ചു അച്ഛനും അതാണ് നല്ലതെന്ന് തോന്നി. സൂസനിക്കുടിയിൽ നിന്ന് മൂന്ന് കിലോമീറ്റർ നടന്നാൽ തീർത്ഥമലക്കുടി അതിനു തൊട്ടടുത്തായി ചെമ്പട്ടിക്കുടി. “കുടി” എന്നാൽ ഊരാണ് അമ്പതും അതിൽ കൂടുതലോ കുറവോ ഉള്ള വീടുകൾ ചേർന്നതാണ് കുടി. ഒരേ ഭാഷ സംസാരിക്കുന്ന ഒരേ ജീവിതശൈലി പിന്തുടരുന്ന ജനത. ഓരോ കുടിക്കും ഒരു മൂപ്പൻ ഉണ്ടാകും എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ “പഞ്ചായത്ത്” എന്ന പേരിലുള്ള ഊരു കൂട്ടം ഉണ്ടാകും. ചിട്ടയും കഠിനവുമായ നിയമങ്ങൾ മുതുവാനെ സ്വന്തം സമുദായത്തിൽ തളച്ചിടാനും സ്വത്വബോധത്തിൽ സ്വയം കുരുങ്ങി കിടക്കാനും തലമുറകളെ കോട്ടയ്ക്ക് പുറത്തേക്ക് വിടാതെ കുലത്തിന്റെ അന്തസ് കാക്കാനും സന്താനങ്ങളെ പെറ്റുപെരുക്കി ജനസംഖ്യ കൂട്ടാനും സഹായിക്കുന്നു.
എനിക്ക് അഞ്ചു വയസായി ചേച്ചിമാരേയും ചേട്ടനേയും ചേർത്ത അതേ സ്കൂളിൽ എനിക്കും അഡ്മിഷൻ എടുത്തു. തങ്ങാൻ അവരുടെതന്നെ ഹോസ്റ്റൽ. പള്ളിവക ഒരു കോൺവെന്റാണ്. അമ്മയെ കാണാതെ ഞാൻ കരഞ്ഞു അമ്മ വന്നില്ല. ചേച്ചിമാരുടെ നടുക്ക് അവരുടെ ചൂടുപറ്റി കുറേ രാത്രികൾ കരഞ്ഞ് ഉറങ്ങി. കട്ടിയുള്ള ഷീറ്റിൽ എന്നെപ്പോലെ കുറേ കുട്ടികൾ ഉണ്ടായിരുന്നു. അതിരാവിലെ എഴുന്നേൽക്കണം സ്കൂളിനടുത്തുള്ള ചാനലിൽ വരുന്ന വെള്ളത്തിൽ കുളിക്കണം പള്ളിയിൽ മുട്ടുകുത്തി കുറേ നേരം പ്രർത്ഥിച്ച ശേഷം തിരികെ ഹോസ്റ്റലിൽ ചെന്നു യൂണിഫോം ഇട്ടു ക്ലാസിലേക്ക് പോകണം. ഈ സമയത്ത് ഞാൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ഭാഷയാണ്. എന്നെ സംബന്ധിച്ച് മലയാളം ഒരു അന്യ ഭാഷയാണ്. ഞാൻ പഠനത്തിൽ വളരെ പുറകിലായിരുന്നു. എന്റെ ചേച്ചിമാർ സ്പോർട്സിലും കലാരംഗത്തും മികച്ച പ്രകടനം നടത്തുന്നവരാണ്. മൈക്കിൽ ഗിരി സ്കൂളിന് കപ്പ് മേടിച്ചു കൊടുക്കുന്ന കുട്ടികളിൽ രണ്ടു പേർ എന്റെ ചേച്ചിമാരായിരുന്നു.
സ്കൂളും കുട്ടികളും സിസ്റ്റർമാരുമുള്ള ആ കൊച്ചു ലോകം എനിക്ക് നരകത്തിനു തുല്യമായിരുന്നു. എന്നാലും ചിലതൊക്കെ എന്നെ അത്ഭുതപ്പെടുത്തി ഒപ്പം അത് എനിക്കും വേണമെന്ന ആഗ്രഹം ഉണ്ടാകാൻ തുടങ്ങി. പൊട്ടി പോകുന്ന സ്ലേറ്റ്, നല്ല സ്കൂൾ ബാഗ്, പെൻസിൽ, ചെരുപ്പ്, ഉടുപ്പ് ഇതൊക്കെ എന്നെ ആകർഷിച്ചു. ഒരിക്കൽ എന്റെ കൂട്ടുകാരി എനിക്കവളുടെ ബാഗ് തന്നു. ഞാനെന്റെ ബുക്ക് നിറച്ച് സ്കൂളിലേക്ക് പോകാനുള്ള ലൈനിൽ നിന്നു. സിസ്റ്റർ ഇതെങ്ങനെയോ കണ്ടുപിടിച്ചു ചൂരലു കൊണ്ട് കുറേ തല്ലി. പിന്നെ ഞാനാ സാഹസത്തിനു നിന്നിട്ടില്ല. എന്നാലും ആ സ്കൂൾ ബാഗിനോടുള്ള കൊതി മാറിയില്ലായിരുന്നു. ഞാനാ സ്കൂളിൽ മൂന്നു വർഷം മാത്രമേ പഠിച്ചിട്ടൊള്ളു പക്ഷേ ഇപ്പോഴും ആ സംഭവം ഓർമയിലുണ്ട് ഇത് മാത്രമല്ല ആ ഹോസ്റ്റലിലെ ഭക്ഷണത്തിന്റെ രുചിയും ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്. രുചിയുള്ള ഭക്ഷണം എന്താണെന്ന് അറിയുന്നത് അവിടെ നിന്നാണ്.
മൈക്കിൾഗിരി കോൺവെന്റ് എന്നെ മറ്റൊന്നു കൂടി പഠിപ്പിച്ചു. ഹിന്ദു ദൈവങ്ങളെക്കൂടാതെ യേശു എന്നൊരു ദൈവം കൂടി ഉണ്ട്. ഞാൻ യേശുവിനേയും പ്രാർത്ഥിച്ചു. ഉണ്ണിയേശു കുട്ടികൾ വിളിച്ചാൽ വരും എന്നൊക്കെ കേട്ട് കുറേ വിളിച്ചു നോക്കി വന്നില്ല. എന്നാലും ഉണ്ടെന്ന് വിശ്വസിച്ചു. അപ്പോഴും ഹിന്ദു ദൈവത്തോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു.
രണ്ടാം ക്ലാസ് കഴിഞ്ഞപ്പോൾ ചേച്ചിമാരെ മോഡൽ റസിഡൻഷ്യൽ സ്കൂളിലേക്ക് മാറ്റി. ഞാൻ വാശി പിടിച്ചു എനിക്ക് ഹോസ്റ്റലിൽ പോകണ്ട. എന്നെ മറ്റൊരു സ്കൂളിലേക്ക് മാറ്റി. മറയൂരിലെ സെന്റ് മേരീസ് സ്കൂളിലേക്ക്. അവിടേയും ഹോസ്റ്റലിൽ ആയിരുന്നു. പ്രീമെട്രിക് ഹോസ്റ്റൽ. അവിടെ രണ്ടു ആദിവാസി വിഭാഗങ്ങളിലുള്ള കുട്ടികളാണ് ഉണ്ടായിരുന്നത് ഒന്ന് മുതുവാനും രണ്ട് ഹിൽപ്പുലയ വിഭാഗത്തിലെ കുട്ടികളും. കുറച്ചു സ്വാതന്ത്ര്യം ഉള്ള ഹോസ്റ്റലായിരുന്നു. എനിക്ക് സുഹൃത്തുക്കളെ കിട്ടി. അതിൽ ഒരാൾ ഹിൽപ്പുലയ വിഭാഗത്തിലുള്ള വനജ എന്ന കുട്ടിയായിരുന്നു. ഞാൻ കൂടുതൽ അവരോട് അടുക്കാൻ ശ്രമിച്ചപ്പോൾ എന്റെ കൂടെയുള്ള ഒരു കുട്ടി എന്നെ വിലക്കി. അവർ വേറെ ജാതിക്കാരാണ് അവരെ നമ്മൾ വീട്ടിൽ കയറ്റാറില്ല. ശരിയാണ് ഹിൽപ്പുലയ വിഭാഗത്തിൽപെട്ട ആരെങ്കിലും വീട്ടിൽ വന്നാൽ അവരെ പുറത്ത് നിലത്ത് ഇരുത്തിയാണ് ഭക്ഷണം നൽകുന്നത്. അവർ കുടിച്ച ഗ്ലാസ് മുറ്റത്തിന്റെ ഒരു ഭാഗത്തോ പുരയുടെ മുകളിലോ മാസങ്ങളായി കിടക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അത് എടുത്താൽ അമ്മ വഴക്കു പറയും. ആ ഗ്ലാസിൽ എന്തോ ഉണ്ടെന്ന് ഞാനും വിശ്വസിച്ചു.
എന്നാലും എനിക്ക് ആ കുട്ടികളുമായി അകലാൻ കഴിഞ്ഞില്ല പണ്ടേ അനുസരണയില്ലാത്ത ഞാൻ അവരുടെ ഒപ്പം ഒരു കട്ടിലിൽ ഉറങ്ങാനും കളിച്ചു നടക്കാനും തുടങ്ങി. ഒരിക്കൽ ജാതി പേരും പറഞ്ഞ് ഹോസ്റ്റലിൽ പ്രശ്നം വന്നപ്പോൾ കനക എന്ന് പേരുള്ള കുട്ടിയുടെ പ്ലേറ്റിൽ ഒരുമിച്ച് അവില് പങ്കിട്ട് കഴിച്ച് ഞാനെന്റെ പ്രതിഷേധം അറിയിച്ചു.
പഠിത്തത്തിൽ പുറകിലായിരുന്ന ഞാൻ പതിയെ അക്ഷരങ്ങൾ പഠിച്ചു ക്ലാസ് ടീച്ചറിന്റെ കണ്ണിലുണ്ണിയായ സമയമായിരുന്നു. എന്നാൽ ക്ലാസിലെ പഠിപ്പിസ്റ്റ് കുട്ടിയെ മറികടക്കാൻ കഴിഞ്ഞില്ല എങ്കിലും ഹോസ്റ്റലിൽ ഒരു താരമായി. ഹോസ്റ്റലിൽ ഭൂരിപക്ഷം കുട്ടികൾക്ക് വായിക്കാനും എഴുതാനും അറിയില്ലായിരുന്നു. എല്ലാ സൗകര്യങ്ങളും ഞങ്ങൾക്ക് ഗവൺമെന്റ് നൽകിയിരുന്നു. എന്നാൽ പഠിത്തത്തിൽ ഹോസ്റ്റലിലെ അൻപത് കുട്ടികളിൽ ഒരാളുപോലും ഒന്നാമത് എത്തിയില്ല. പത്തു കഴിഞ്ഞ് മിക്ക കൂട്ടുകാരും പഠിത്തം നിർത്തി ചിലർ വിവാഹം കഴിച്ചു. പതിനാറ് പതിനേഴ് വയസിൽ വിവാഹം കഴിക്കുന്നത് സമുദായത്തിന് പുതിയ കാര്യമല്ലായിരുന്നു.
കുലത്തിന്റെ അടിസ്ഥാനത്തിൽ നിലനിൽക്കുന്ന മുതുവാൻ സമുദായത്തിലെ വിവാഹം സ്വന്തം കുലങ്ങളിലാകാൻ പാടില്ല. മറ്റു കുലങ്ങളിൽ ഉള്ള എന്നാൽ കൃത്യമായ “മുറ” യിലൂടെ മാത്രമായിരിക്കണം കല്യാണം. അത് തെറ്റിച്ചാലും ഊരു വിലക്ക് ഏർപ്പെടുത്തും. ഒരിക്കൽ തീർത്ഥമലക്കുടിയിൽ സമാനമായ ഒരു സംഭവം ഉണ്ടായി. മുറ പ്രകാരം അല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ ഒരു കുഞ്ഞ് ജനിച്ചു. ആ കുഞ്ഞിന്റെ അച്ഛൻ തടിതപ്പി അമ്മക്കും കുഞ്ഞിനും ഊരു വിലക്ക് ഏർപ്പെടുത്തി. കുടിയുടെ വടക്ക് ഭാഗത്ത് തൈലപുല്ല് പറമ്പിൽ ഒരു കുടിലിലാണ് ആ അമ്മയും കുഞ്ഞും കഴിഞ്ഞത് കുഞ്ഞ് ജനിച്ചിട്ട് ഒരാഴ്ച പോലും തികഞ്ഞിട്ടില്ല. ഞാനും എന്റെ ഇളയ ചേച്ചിയും അവരെ കാണാൻ പോയിരുന്നു. മൺതറയിലെ മണ്ണ് ഉണങ്ങിയിട്ടില്ല എന്റെ കാൽപാദത്തിലെ വിരലുകളത്രയും ചെളിയിലാണ്. കുഞ്ഞിന് ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുണ്ട് ഞങ്ങളവരോട് ആശുപത്രിയിൽ പോകാം എന്ന് പറഞ്ഞു. അവർ വരാമെന്നു പറഞ്ഞെങ്കിലും വന്നില്ല. പിന്നീട് ഞാനവരെ കണ്ടിട്ടില്ല. ഈ വ്യവസ്ഥകളെ മാറ്റാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹിച്ച ദിവസമായിരുന്നു.
നിരീശ്വരവാദം എന്താണെന്ന് അറിയുന്നു
—————————————————-
ഡിഗ്രിക്കാണ് നിരീശ്വരവാദം എന്താണെന്ന് അറിയുന്നത്. അന്നും ഞാൻ ഭയങ്കര വിശ്വാസിയാണ്. മഹാരാജാസിൽ എസ് എഫ് ഐ എന്നാൽ വിദ്യാർത്ഥികൾക്ക് ഒരു വികാരമാണ്. ഞാനും അതിന്റെ പുറകിൽ കൊടി പിടിച്ചു. സോഷ്യലിസം എന്താണെന്ന് അറിയില്ല പക്ഷെ കൊടി പിടിക്കും. മതം പോലെ.
എന്റെ മാമന്റെ മോൻ പഠിത്തത്തിൽ മിടുക്കനായിരുന്നു. ചെസ്സിൽ എനിക്ക് ഒരിക്കലും അവനെ തോൽപിക്കാൻ കഴിഞ്ഞിട്ടില്ല. എന്റെ കുഞ്ഞേച്ചിയുടെ ആദ്യ പ്രണയം. എന്റെ ആദ്യ ഗുരു. അവൻ പറയുന്നത് എന്തും ഞാൻ മൂളി കേൾക്കുമായിരുന്നു. അറിവിന്റെ ഉറവിടം അവനാണ് എന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്. അവനാണ് എനിക്ക് ലോകത്തിലെ കാര്യങ്ങൾ പറഞ്ഞു തരുന്നത് അങ്ങനെ ഒരിക്കൽ ഭഗവദ്ഗീതയിലെ കാര്യങ്ങൾ അവനെനിക്ക് പറഞ്ഞു തന്നു. “നമ്മൾ ജനിക്കുന്നില്ല, മരിക്കുന്നില്ല” “അഹം ബ്രഹ്മാസ്മി” ഇതൊക്കെ എന്നെ വല്ലാണ്ട് ആകർഷിച്ചു. എല്ലാത്തിനുമുള്ള ഉത്തരം എനിക്ക് ലഭിച്ചിരിക്കുന്നു. ഇമെയിൽ ഐഡി പോലും susiunborn@gmail.com എന്ന് പുതിയൊരെണ്ണം തുടങ്ങി. “susi unborn”. ഇലക്ഷന്റെ സമയമാണ് ഒന്നും നോക്കിയില്ല ജീവിതത്തിലെ ആദ്യ വോട്ട് ബിജെപിക്ക്. ആ ഇലക്ഷനിലാണ് മോഡി ആദ്യമായി വിജയിക്കുന്നത്.
ഡിഗ്രിക്ക് ശേഷം എനിക്ക് ഫെയ്സ്ബുക്കിൽ കുറേ ഫ്രണ്ട്സിനെ കിട്ടി. കേരളത്തിലെ ആദ്യ പ്രൈഡ് മാർച്ച് കോഴിക്കോടിലായിരുന്നു ഞാനും പങ്കെടുത്തു. ശീതൾശ്യാമിനെ അന്നാണ് പരിചയപ്പെടുന്നത്. ആ കൂട്ടത്തിൽ രണ്ടുപേർ എന്റെ ഉറ്റ സുഹൃത്തുക്കളായി. അതിലൊരാളാണ് എനിക്ക് രവിചന്ദ്രൻ എന്ന സ്വതന്ത്ര ചിന്തകനെപറ്റി പറഞ്ഞു തരുന്നത്. ആയിടയ്ക്ക് ഡിസി ബുക്സിന്റെ ഷോറൂമിൽ രവിചന്ദ്രന്റെ “ബുദ്ധനെ എറിഞ്ഞ കല്ല്” കണ്ണിൽ കുടുങ്ങി. ഒന്നും നോക്കിയില്ല വാങ്ങിച്ചു റൂമിൽ ചെന്ന് വെറുതെ ഒന്നു വായിക്കാം എന്നു കരുതി വായിച്ചു തുടങ്ങി പേജുകൾ തീർന്നത് അറിഞ്ഞില്ല. ഒരു പടുകൂറ്റൻ മരം കടപുഴകി വീണതു പോലെ ഭഗവദ്ഗീതയിലെ ശ്ലോകങ്ങളും ഹൈന്ദവ വിശ്വാസവും ഒന്നുമല്ലാതായിരിക്കുന്നു തുറന്നിട്ട വാതിൽ പോലെ വിശാലമായ ലോകത്തേക്ക് എത്തിപെട്ടതുപോലെ. ദൈവം ഇല്ല. ആരും ഉണ്ടാക്കാത്ത പരിണാമത്തിലൂടെ ഉരുത്തിരിഞ്ഞ ഈ കാണുന്ന ജീവജാലങ്ങളുടെ ഭംഗി ശരിക്കും ആസ്വദിക്കാൻ കഴിഞ്ഞത് ദൈവം ഇല്ല എന്നു തിരിച്ചറിഞ്ഞപ്പോഴാണ്. പാമ്പിനെയും ഒന്തിനേയും എനിക്ക് ഭയവും വെറുപ്പുമായിരുന്നു. ഞാൻ വെറുക്കുന്ന ജീവികൾ എന്നെപ്പോലെ പരിണാമത്തിൽ അതിജീവിച്ച് എത്തിയവയാണ്. എല്ലാമനുഷ്യരുടേയും മുത്തശ്ശി കിഴക്കൻ ആഫ്രിക്കയിലാണ് ജീവിച്ചിരുന്നത്. കുരങ്ങ് നമ്മുടെ ബന്ധുക്കളാണ്. ഞാൻ നിരീശ്വരവാദിയായതിനു ശേഷം കുറേ സ്വതന്ത്ര ചിന്തകരെ നേരിട്ടും അല്ലാതെയും പരിചയപ്പെടാൻ കഴിഞ്ഞു. പലരും ഏതെങ്കിലും ഒരു അന്ധവിശ്വാസത്തിൽ കുടുങ്ങി കിടക്കുന്നവരാണെന്ന തിരിച്ചറിവ് അവരെ പിന്തുടരുന്നതിൽ നിന്നെന്നെ അകറ്റി. എനിക്ക് കൂടുതൽ ശരികൾ വേണമായിരുന്നു. ഞാൻ സ്വത്വബോധത്തിലോ ജാതിയിലോ മതത്തിലോ പാർട്ടിയിലോ കുരുങ്ങി കിടക്കാൻ ആഗ്രഹിക്കുന്നില്ല. അങ്ങനെയുള്ള സംഘടനകളിൽ നിന്നും ക്ഷണം വന്നെങ്കിലും ഞാൻ ഒരിക്കലും അവയുടെ ഭാഗത്തേക്ക് ചായാൻ നിന്നില്ല. എന്നെപ്പോലെ ചിന്തിക്കുന്ന വ്യക്തികളുടെ കൂട്ടായ്മയിൽ ഞാൻ സ്വതന്ത്രയാണ്. അവിടെ കെട്ടുപാടുകളില്ല.
ഇംഗ്ലീഷ് ഹൊറർ ചിത്രമായ “പാരനോർമൽ പ്രൊജക്റ്റി” ന്റെ ട്രെയ്ലർ റിലീസ്
എന്റെ ചേച്ചി ജോലി ചെയ്യാൻ പോയ സ്ഥലത്ത് ഒരാളുമായി ഇഷ്ടത്തിലായി. ബീഹാർ സ്വദേശിയായ റാം പ്രവേശുമായി. വീട്ടിൽ ആർക്കും അത് ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നു. പക്ഷേ ചേച്ചി പിന്മാറിയില്ല. വിവാഹം കഴിഞ്ഞു. വീട്ടിലേക്ക് ഒരറിയിപ്പ് വന്നു മറ്റൊരു സമുദായത്തിൽ വിവാഹം ചെയ്ത ചേച്ചിക്ക് ഊരുവിലക്ക്. അച്ഛനും അമ്മയ്ക്കും ചേച്ചിയെ ഒന്നെങ്കിൽ ഉപേക്ഷിക്കാം അങ്ങനെ ചെയ്താൽ ചേച്ചിയുമായി സംസാരിക്കാനോ കാണാനോ പാടില്ല. അല്ലങ്കിൽ ചേച്ചിയോടൊപ്പം ഇവിടെ നിന്ന് ഇറങ്ങുക. അവസാനം തീരുമാനത്തിലെത്തി. ഞങ്ങൾക്ക് വേണ്ടത് എന്റെ മകളാണ്. അങ്ങനെ അന്ന് അവിടെ നിന്ന് ഇറങ്ങിയതുകൊണ്ട് കുറേ കഷ്ടപ്പെട്ടാണ് ജീവിച്ചതെങ്കിലും കുറേ കാര്യങ്ങൾ ഞങ്ങൾ പഠിച്ചു. അന്നേവരെ എങ്ങനെയോ ജീവിച്ച ഞങ്ങൾ സമൂഹത്തിലെ മറ്റു ജനങ്ങളെപ്പോലെ ആഡംബരം ജീവിതത്തിന്റെ നിലവാരം മെച്ചപ്പെടുത്താൻ സഹായിക്കും എന്ന് പഠിച്ചു. മിക്സി, സ്റ്റൗ, അലമാര, കട്ടിൽ, ടിവി, ഹീറ്റർ, ഗ്രൈന്റർ ഇവയൊക്കെ ഇൻസ്റ്റാൾമെന്റിലൂടെ വാങ്ങി. മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളിൽ സാധാരണക്കാരായ ആളുകളുടെ ജീവിത നിലവാരം ഉയർത്തുന്നതിൽ ഈ കമ്പനികൾ വളരെ വലിയ പങ്ക് വഹിക്കുന്നവരാണ്. ഈ ക്യാപിറ്റലിസ്റ്റുകൾ ഇല്ലായിരുന്നെങ്കിൽ അത്ര സുഖമുള്ള ജീവിതമായിരിക്കില്ല ഞങ്ങളുടേത്. ഇപ്പോൾ ഞങ്ങൾക്കാരേയും പേടിക്കണ്ട. ഞങ്ങൾ ഞങ്ങൾക്ക് ഇഷ്ടമുള്ളവരെ വീട്ടിലേക്ക് ക്ഷണിക്കുന്നു. അവരുടെ ഒപ്പം സമയം ചിലവഴിക്കുന്നു. ഹിൽപ്പുലയ വിഭാഗത്തിലുള്ളവരുമായി അച്ഛൻ പാമ്പാറിൽ മീൻപിടിക്കാൻ പോകുന്നു. രാത്രി ആറിനടുത്ത് അവർ ഒരുമിച്ച് അന്തി ഉറങ്ങുന്നു. പാചകം ചെയ്ത് ഒരുമിച്ച് കഴിക്കുന്നു. അവരാണ് അച്ഛന്റെ ഉറ്റ സുഹൃത്തുക്കൾ. അമ്മയ്ക്ക് മലയാളം അത്ര വശമില്ലെങ്കിലും എല്ലാവരുമായും സംസാരിക്കുന്നു. അമ്മയുടെ സൗഹൃദ വലയം വലുതാണ്. എന്നാലും ഞങ്ങളുടെ വീട്ടിൽ സമുദായത്തിന്റെ ചിലത് വിട്ടു പോയിട്ടില്ല. പെൺമക്കളോടുള്ള അച്ഛന്റേയും സഹോദരന്റേയും അകൽച്ച. എത്ര സ്നേഹം ഉണ്ടായാലും അച്ഛന് ചേർത്തു പിടിക്കാൻ പറ്റാത്ത അവസ്ഥ. തുറന്നു സംസാരിക്കാൻ കഴിയാതെ ശബ്ദത്തെ ഉള്ളിലേക്ക് വലിക്കുന്ന സംസ്കാരത്തിന്റെ അവശേഷിപ്പുകൾ ഞങ്ങളുടെ ഇടയിൽ നിശബ്ദമായി തുടരുന്നുണ്ട്. മറ്റുള്ള കുടുംബത്തിലെ അച്ഛനും മക്കളുടേയും സ്നേഹം കാണുമ്പോൾ ഞങ്ങളുടെ കുടുംബത്തിൽ ഒരു വലിയ വിടവ് കാണാൻ കഴിയും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം