ഒരു വ്യക്തിയുടെ മരണാനന്തര ചടങ്ങ് 200 കോടിയിലേറെ ആളുകള്‍ തത്സമയം കാണുക. ആദരാഞ്ജലികളര്‍പ്പിക്കാൻ ഒഴുകിയെത്തിയത് ജനസാഗരങ്ങൾ. അവരുടെയൊക്കെ കയ്യിൽ 10-15 ടണ്‍ ബൊക്കേകളും 60 മില്യണ്‍ പൂക്കളും, കാര്‍ഡുകളും ഫോട്ടോകളും അവര്‍ക്കായ് കുറിച്ച വരികളും. പറഞ്ഞുവരുന്നത് ഡയാന രാജകുമാരിയെക്കുറിച്ചാണ്.
കൊട്ടാരം വിട്ട്, രാജകുമാറിയെന്ന പദവി ഉപേക്ഷിച്ച ഡയാന പക്ഷെ മരണാനന്തരവും ജനങ്ങൾക്ക് പ്രിയപ്പെട്ട രാജകുമാരി തന്നെയാണ്.
ഇത്രമേല്‍ സ്നേഹിക്കപ്പെടാന്‍ എന്താണ് ഡയാന തന്റെ ചെറിയ ജീവിതചകാലം കൊണ്ട് ലോകത്തിനും ജനങ്ങൾക്കും നല്‍കിയത്?
നൂറ്റാണ്ടിലെത്തന്നെ ഏറ്റവും പ്രൗഢമെന്ന് വിശേഷിപ്പിക്കപ്പെട്ട വിവാഹമായിരുന്നു 1981 ജൂലായ് 29-ന് ബ്രിട്ടണിലെ സെന്റ് പോള്‍ കത്തീഡ്രലില്‍ നടന്ന ഡയാനയുടെയും രാജകുമാരന് ചാള്‍സിന്റെയും വിവാഹം. വെള്ളക്കുതിരകളെ പൂട്ടിയ രഥത്തില്‍ സൈനികവേഷത്തില്‍ വിവാഹവേദിയിലേയ്ക്ക് ചാള്‍സ് ആനയിക്കപ്പെട്ടു. പിന്നാലെ തവിട്ടുനിറത്തിലുളള കുതിരകളെ പൂട്ടിയ രഥത്തില്‍ പിതാവിനൊപ്പം ഡയാനയും. പുതിയ രാജകുമാരിയെ കാണാനും സ്വീകരിക്കാനുമായി ആറുലക്ഷത്തോളം ആളുകള്‍ ബ്രിട്ടന്റെ തെരുവില്‍ നിറഞ്ഞു.
പരിശീലനം ലഭിച്ചിരുന്നെങ്കിലും വിവാഹ പ്രതിജ്ഞയില്‍ ഡയാന ചാള്‍സിന്റെ പേര് തെറ്റിച്ചു. ഭര്‍ത്താവിനെ അനുസരിച്ച് ജീവിക്കുമെന്ന ഭാഗം ഒഴിവാക്കികൊണ്ട് അവര്‍ പ്രതിജ്ഞ പൂര്‍ത്തിയാക്കി.
1961 ജൂലൈ ഒന്നിനാണ് പ്രൌഡമായ ഒരു രാജകുടുംബത്തില്‍ ആയിരുന്നു ഡയാനാ സ്പെൻസറുടെ ജനനം .ബ്രിട്ടീഷ് രാജകുടുംബത്തിന്റെ വിശ്വസ്തരായിരുന്ന സ്പെന്‍സര്‍ കുടുംബക്കാര്. രാജകീയപാരമ്പര്യത്തിന്റെ പിന്തുടര്ച്ചയ്ക്കായി ഒരു മകനെ പ്രതീക്ഷിച്ചിരുന്നതിനാല്‍ അപ്രതീക്ഷിതമായി ലഭിച്ച ആ പെണ്കുഞ്ഞിനുള്ള പേര് പോലും മാതാപിതാക്കള്‍ കണ്ടെത്തിയിരുന്നില്ല.
ഡയാനയുടെ ഏഴാം വയസ്സില്‍ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു. തുടര്‍ന്ന് ഇംഗ്ലണ്ടിലും സ്വിറ്റ്സര്‍ലന്‍ഡിലുമായി ബോര്‍ഡിംഗ് വിദ്യാഭ്യാസം. പഠനം കഴിഞ്ഞ ഡയാന നാനിയായും കിന്റര്‍ ഗാര്‍ട്ടന്‍ അസിസ്റ്റന്റായും ജോലി ചെയ്തു. ഡയാന വാര്‍ത്തകളില്‍ നിറയുന്നത് ചാള്‍സ് രാജകുമാരനുമായുള്ള വിവാഹവാര്ത്തയോടെയായിരുന്നു.
1981 ജൂലൈ 29നു നടന്ന ആ സ്വപ്നവിവാഹം. 750 മില്ല്യന്‍ ആളുകളാണ് ലൈവായി ടെലിവിഷനില്‍ കണ്ടത്.
അന്ന് ഡയാനയും ചാള്‍സും തമ്മില്‍ പ്രത്യക്ഷത്തില്‍ പ്രായമുള്‍പ്പെടെയുള്ള ചേര്‍ച്ചയില്ലായ്മകള്‍ വരെ മാധ്യമങ്ങള്‍ വാര്‍ത്തയാക്കി ആഘോഷിച്ചു. പക്ഷെ കുടുംബ-ജീവിതസാഹചര്യങ്ങളിലും വ്യക്തിത്വത്തിലുമുള്ള ഒരുപാട് ചേരായ്മകള്ക്കതീതമായി തങ്ങള്‍ പ്രണയത്തിലാണ് എന്ന് അവര്‍ പ്രഖ്യാപിച്ചപ്പോള്‍ ദശാബ്ദത്തിലെ ഏറ്റവും ഹൃദ്യമായ പ്രണയമായി അത് വാഴ്ത്തപ്പെട്ടു.
1992ലെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ അനശ്വരപ്രണയസ്മാരകമായ താജ് മഹലിന്റെ മുന്നില്‍ തനിച്ചിരിയ്ക്കുന്ന ഡയാനയുടെ ചിത്രം മാധ്യമങ്ങളുടെ സംശയങ്ങള്‍ക്ക് ആക്കം കൂട്ടി. ഏതാനും മാസങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങിയ ‘ഡയാന:ഹേര്‍ ട്രൂ സ്റ്റോറി’ എന്ന പുസ്തകത്തില്‍ ഡയാനയുടെ അനുവാദത്തോടെയുള്ള ചില ഞെട്ടിപ്പിയ്ക്കുന്ന വെളിപ്പെടുത്തലുകള്‍ ഉണ്ടായിരുന്നു.
ചെറുപ്പത്തിൽത്തന്നെ അച്ഛനമ്മമാർ വേര്‍പിരിഞ്ഞതിന്റെ വേദന നന്നായി അറിയാവുന്ന ഡയാനക്ക് വലിയ ഒരു കുടുംബം വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു.
ഡയാനക്കും ചാൾസിനും ആദ്യത്തെ കുഞ്ഞായി വില്ല്യം ജനിച്ചു. ബ്രിട്ടീഷ് രാജകുടുംബത്തില്‍ കിന്റർഗാര്ട്ടന് സ്കൂള്‍ വിദ്യാഭ്യാസം ലഭിച്ച ഏക രാജകുമാരന്. അതുവരെ പ്രൈവറ്റ് അധ്യാപകര്‍ കൊട്ടാരത്തില്‍ വന്നു പഠിപ്പിച്ചിരുന്ന കീഴ്വഴക്കം മാറ്റിയെഴുതിയത് തന്റെ കുഞ്ഞുങ്ങള്‍ സാധാരണക്കാരുടെ ഒപ്പമാണ് പഠിയ്ക്കേണ്ടത് എന്ന ഡയാനയുടെ കര്‍ശനമായ തീരുമാനമായിരുന്നു. രണ്ടാമത്തെ മകന് ഹാരി ജനിച്ച് അധികമാകുന്നതിന് മുന്‍പ് തന്നെ ഡയാന-ചാള്‍സ് ബന്ധത്തില്‍ വിള്ളലുകള്‍ വീണു തുടങ്ങിയിരുന്നു.
ചാള്‍സ് രാജകുമാരന് ബ്രിട്ടന്റെ കുതിരപ്പടയിലെ ഓഫീസര്‍ പാര്‍ക്കര്‍ ബ്രൗള്‍സിന്റെ ഭാര്യ കാമില പാര്‍ക്കറുമായുള്ള വിവാഹേതര ബന്ധമായിരുന്നു. ഒരിക്കൽ ഡയാന നൽകിയ അഭിമുഖത്തിൽ ഈ വിവാഹജീവിതത്തിൽ ഞങ്ങൾ മൂന്നു പേരാണ് ഉണ്ടായിരുന്നതെന്ന് ഡയാന പറയുന്നുണ്ട്. ഒരു ചടങ്ങിൽ വെച്ച് കാമിലയോട് എനിക്കെന്റെ കുടുംബം തിരിച്ചുതരുവെന്നും തൻ ആവശ്യപ്പെട്ടതായി ഡയാന പറഞ്ഞു.
ചാള്‍സിനും ഡയാനയ്ക്കും ഇടയില്‍ എല്ലാക്കാലത്തും കാമിലയും ഉണ്ടായിരുന്നു.
ചാൾസ് കാമിലയെ വിവാഹം കഴിക്കുന്നതിനോട് എലിസബേത് രാജ്ഞിക്ക് താല്പര്യമുണ്ടായിരുന്നില്ല. എലിസബത്ത് രാജ്ഞിയിൽ നിന്ന് ചാൾസ് -കാമില ബന്ധത്തിന് അനുവാദം ലഭിക്കാത്തതുകൊണ്ട് മാത്രം അവിടേക്ക് വരേണ്ടിവന്ന ആളായി മാറുകയായിരുന്നു ഡയാന എന്നുവേണം പറയാൻ.
1995ല്‍ ബി ബി സിയ്ക്ക് നല്കിയ വിഖ്യാത അഭിമുഖത്തില്‍ ചില തുറന്നു പറച്ചിലുകള്‍ നടത്തിയതോടെ ഡയാനയും രാജകുടുംബവുമായുള്ള വിള്ളലുകള്‍ വ്യക്തമായി. താന്‍ ഒരിയ്ക്കലും ഒരു രാജ്ഞി ആകാന്‍ ആഗ്രഹിയ്ക്കുന്നില്ല എന്നും ആകുകയാണെങ്കില്‍ അത് ജനങ്ങളുടെ മനസ്സിലെ രാജ്ഞിയായിരിയ്ക്കും എന്നും ഡയാന വെളിപ്പെടുത്തി.
കാമിലയോടുള്ള പ്രണയം ചാൾസിനെ ഡയാനയിൽ നിന്ന് അകറ്റിക്കൊണ്ടേയിരുന്നു. ചാൾസിൽ നിന്നുള്ള അവഗണന ഡയാനയിൽ വല്ലാത്ത മാനസിക സങ്കർഷങ്ങൾ ഉണ്ടാക്കിയിരുന്നു.
അമിതമായി ഭക്ഷണം കഴിക്കുന്ന ബുലിമിയ എന്ന ഈറ്റിങ്ങ് ഡിസോഡറും ഡയാനയ്ക്ക് ഉണ്ടായിരുന്നു.
അങ്ങനെ തുടരാന്‍ ഡയാനയ്ക്ക് കഴിയുമായിരുന്നില്ല. മാനസികരോഗത്തോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ കാറ്റില്‍ പറത്തി രാജകുമാരി വിഷാദത്തിനു ചികിത്സ തേടി.
1996 ൽ ആണ് നിയമപരമായി ചാൾസും ഡയാനയും വിവാഹമോചിതരാകുന്നത്. വിവാഹമോചനം ഡയാനയുടെ ജീവിതത്തെ മറ്റൊരു തരത്തിലേക്ക് മാറ്റുകയായിരുന്നു. പിന്നീടങ്ങോട്ട് ജനങ്ങളുടെ രാജകുമാരി എന്നായിരുന്നു ഡയാന അറിയപ്പെട്ടിരുന്നത്. കൊട്ടാരത്തിന്റെ രാജകീയ പദവികളിൽ നിന്നും സാധാരണക്കാരുടെ പ്രശ്നങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്ന ഡയാന സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളില്‍ ഏർപ്പെട്ടു.
എയിഡ്സ് രോഗികളെയും ക്ഷയരോഗികളെയും സമൂഹം അകറ്റി നിര്‍ത്തിയിരുന്ന ആ കാലത്ത് അവരുമായി ഇടപഴകിയും അവര്‍ക്ക് പരസ്യമായി ഹസ്തദാനം നല്‍കിയും ഡയാന ജനങ്ങള്‍ക്ക് മുന്നില്‍ മാതൃകയായി.
അപ്പോഴും ഡയാനയുടെ പ്രണയങ്ങളും ചർച്ചയാകുന്നുണ്ടായിരുന്നു. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ പഴയ സുഹൃത്തും പാരിസിലെ റിറ്റ്സ് ഹോട്ടല്‍ ഉടമയുമായ ഈജിപ്ഷ്യന്‍ വംശജന് മുഹമ്മദ് അല്‍ ഫയാദിന്റെ മകൻ ദോദി അല്‍ ഫായിദുമായി ഡയാന പ്രണയത്തിലാകുന്നു. ഹോളിവുഡിലെ പ്രശസ്ത സിനിമ നിര്‍മാതാവായിരുന്നു ദോദി. ഒടുവിൽ 1997 ഓഗസ്ത് 31ന് പാപ്പരാസികളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇരുവരും ഒരുമിച്ചു നടത്തിയ കാര്‍ യാത്രയ്ക്കിടയില്‍ അപകടം സംഭവിക്കുകയും ഡയാനയും ഒപ്പം ദോദിയും മരണപ്പെടുകയും ചെയ്യുന്നു. മുപ്പത്തിയാറു വയസ്സായിരുന്നു ഡയാനക്ക് അപ്പോൾ പ്രായം.
ഡയാനയുടെ മരണത്തെപ്പറ്റിയുള്ള ചോദ്യങ്ങൾ ഏറെ ബാക്കിയാണ് ഇപ്പോഴും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം