തിരുവനന്തപുരം: ഡിസ്റ്റിലറി ബിസിനസിൽ പങ്കാളിയാക്കാമെന്നു പറഞ്ഞു ലക്ഷങ്ങൾ വാങ്ങി തട്ടിപ്പു നടത്തിയതിനു ശാന്തിഗിരി ആശ്രമത്തിന്റെ രാജ്യാന്തര ചുമതലക്കാരനായ സ്വാമി ജനനന്മ ജ്ഞാനതപസ്വിക്കെതിരെ പോലീസ് അന്വേഷണം.
ഗോവയിലെ മദ്യനിർമ്മാണ ഫാക്ടറിയിൽ ബിസിനസ് പങ്കാളിത്തം നൽകാമെന്നു വാഗ്ദാനം ചെയ്തു അങ്കമാലി സ്വദേശിയിൽ നിന്ന് 70 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചു എന്നാണ് കേസ്. തിരുവനന്തപുരം പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലെ മുഖ്യ ചുമതലക്കാരിൽ ഒരാളാണ് സ്വാമി ജനനന്മ ജ്ഞാനതപസ്വി. 2021 സെപ്റ്റംബർ മാസത്തിലാണ് കോട്ടയം സ്വദേശികളായ നോബി, ജോബി എന്നിവരും സ്വാമിയും ചേർന്ന് അങ്കമാലി സ്വദേശി സുജിത്തിനെ സമീപിക്കുന്നത്.
ഗോവയിലെ മദ്യനിർമ്മാണശാല തങ്ങൾ മൂവരും ചേർന്ന് ഏറ്റെടുക്കാൻ പോവുകയാണെന്നും ബിസിനസ്സിൽ പങ്കാളിയായാൽ വൻ ലാഭം നൽകാമെന്നുമായിരുന്നു വാഗ്ദാനം. 25 കോടിയോളം രൂപയാണ് ഡിസ്റ്റിലറി ഏറ്റെടുക്കുന്നതിനായി സ്വാമിയും കൂട്ടരും കണക്കാക്കിയത്. തമിഴ്നാട് കോയമ്പത്തൂർ സ്വദേശിയായ ലോകേശ്വരൻ ശക്തി എന്നയാൾ 20 കോടി രൂപ ലോൺ ശരിയാക്കി തരും എന്നും സ്വാമി പറഞ്ഞു വിശ്വസിപ്പിച്ചു. ഇതനുസരിച്ച് ജനന്മയ്ക്കൊപ്പം കോയമ്പത്തൂരിലെ ഹോട്ടലിൽ പോയി ലോകേശ്വരനെ കണ്ടു. ഇടപാടു മുഴുവൻ സംസാരിച്ചത് സ്വാമിയാണ്.
മദ്യനിർമ്മാണ ഫാക്ടറി ഉടൻ ഏറ്റെടുക്കുമെന്ന ഉറപ്പിൽ 20 ലക്ഷം രൂപ ലോണായി കിട്ടിയെന്ന് വിശ്വസിപ്പിക്കാൻ ചില ചിത്രങ്ങളും ജനന്മ പരാതിക്കാരനു കാണിച്ചുകൊടുത്തു. പണം നൽകിയതിനു പിന്നാലെ പദ്ധതി ഉപേക്ഷിച്ചതായി സ്വാമി തന്നെ അറിയിച്ചു. പണം തിരികെ ചോദിച്ചപ്പോൾ പലതും പറഞ്ഞ് ഒഴിഞ്ഞു മാറി. പണം നഷ്ടപ്പെട്ട ആളുടെ പരാതിയിൽ അങ്കമാലി പോലീസ് കേസെടുത്തതോടെയാണ് ജനനന്മ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്. എന്നാൽ ഡിസ്റ്റിലറി ഇടപാടിൽ സ്വാമിയുടെ പങ്ക് വ്യക്തമാക്കിക്കൊണ്ട് എറണാകുളം ജില്ലാ കോടതി മുൻകൂർ ജാമ്യ അപേക്ഷ തള്ളുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം