സംസ്ഥാനത്ത് എൻസിപിക്ക് നേതൃത്വം നൽകുന്ന പിസി ചാക്കോയും കൂട്ടരും അഴിമതിയിൽ മുങ്ങിയവരാണെന്ന് ദേശീയ ജനറൽ സെക്രട്ടറി എൻ എ മുഹമ്മദ് കുട്ടി. എറണാകുളം ജിസിഡിഎ കോംപ്ലക്സിന് മുന്നിൽ സംഘടിപ്പിച്ച അഴിമതിക്കെതിരെയുള്ള ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാവേറുകളായ ഗുണ്ടകളെ പാർട്ടിയിൽ കൊണ്ടുവന്ന് പിടിക്കപ്പെടാതെ എങ്ങനെ അഴിമതി നടത്താം എന്ന് റിസർച്ച് നടത്തി ഡോക്ടറേറ്റ് എടുത്ത വ്യക്തിയായി ചാക്കോ മാറിയെന്നും മുഹമ്മദ്കുട്ടി ആരോപിച്ചു.
സംശുദ്ധ രാഷ്ട്രീയത്തിന്റെ വക്താക്കളായി അറിയപ്പെട്ടിരുന്ന കോൺഗ്രസ് എസ്സ് നേതാക്കളായിരുന്ന എ കെ ആന്റണി, ഷണ്മുഖദാസ്, പീതാംബരൻ മാസ്റ്റർ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ നയിച്ച കേരളത്തിലെ കോൺഗ്രസ് എസ് പിന്നീട് എൻസിപിക്ക് നേതൃത്വം കൊടുത്തപ്പോഴും ആ നിലപാടുകളിൽ ഉറച്ചുനിന്നിരുന്നു. എന്നാൽ സ്വർണക്കള്ളക്കടത്ത്, കുഴൽപ്പണ ഇടപാടുകൾ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങി റൗഡി ലിസ്റ്റിൽ വരെ ഉൾപ്പെട്ടവരാണ് ചാക്കോയുടെ കൂടെയുള്ളവരെന്നും എൻ എ മുഹമ്മദുകുട്ടി പറഞ്ഞു.
അഴിമതിമുക്ത കേരളം എന്ന എൽഡിഎഫ് മുദ്രാവാക്യം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ജനകീയ സദസ്സ് സംഘടിപ്പിച്ചതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ജില്ലാ പ്രസിഡണ്ട് ജോണി തോട്ടക്കര പറഞ്ഞു. പി എസ് സി നിയമനത്തിൽ എൻസിപിയിൽ നടന്ന അഴിമതിക്കെതിരെ വിജിലൻസ് കോടതി എടുത്ത കേസിൽ പ്രതികളായ മന്ത്രി ശശീന്ദ്രനും പിസി ചാക്കോയും സംസ്ഥാന ട്രഷറർ പി ജെ കുഞ്ഞുമോനും പാർട്ടിയിൽ നിന്ന് രാജിവയ്ക്കണമെന്ന് സംസ്ഥാന നിർവ്വാഹക സമിതി അംഗം കെ കെ ജയപ്രകാശ് പറഞ്ഞു. യോഗത്തിൽ കെ എസ് ഡൊമിനിക്, പി എ അലക്സാണ്ടർ, കെ എ ജയദേവൻ, രാജു തോമസ്, ഒ ഇ സുരേന്ദ്രൻ, സി എ ജോയ്, പി എസ് സുഭാഷ്, കരുൺ കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം